യൂറോ വിഷൻ സംഗീത മത്സരം: ഓസ്ട്രിയൻ ഗായകൻ ജെജെയ്ക്ക് കിരീടം
ജോസ് കുമ്പിളുവേലിൽ
Tuesday, May 20, 2025 3:57 PM IST
ബാസല്‍: സ്വിറ്റ്സര്‍ലൻഡിലെ ബാസല്‍ സെന്റ് ജേക്കബ്ഹാളെ അരീനയില്‍ നടന്ന യൂറോ വിഷന്‍ സംഗീത മത്സരത്തിന്റെ ഗ്രാന്‍ഡ് ഫൈനലില്‍ ഓസ്ട്രിയന്‍ ഗായകന് ജോഹന്നാസ് പീറ്റ്ഷ് ഒന്നാം സ്ഥാനം നേടി. "വേസ്റ്റഡ് ലവ്' എന്ന ഗാനം ആലപിച്ചാണ് ജെജെ എന്നറിയപ്പെടുന്ന ജോഹന്നാസ് പീറ്റ്ഷ് ജേതാവായത്.
ലോകത്തിലെ ഏറ്റവും വലിയ ലൈവ് മ്യൂസിക് ടെലിവിഷന്‍ പരിപാടിയായ യൂറോവിഷന്‍ സംഗീത മത്സരത്തില്‍ യൂറോപ്പിലുടനീളമുള്ള ദേശീയ ജൂറികളുടെയും ഭൂഖണ്ഡത്തിലുടനീളമുള്ള പ്രേക്ഷകരുടെയും വോട്ടുകളും പരിഗണിച്ചിരുന്നു.
ഓസ്ട്രിയ 436 പോയിന്റുകളാണ് നേടിയത്. ഡ്രാഗ് പെര്‍ഫോമര്‍ കൊഞ്ചിറ്റ വുര്സ്റ്റിന്റെ 2014ലെ വിജയത്തിനുശേഷം ഓസ്ട്രിയയ്ക്ക് വീണ്ടും ഒരു വിജയം നല്‍കിയത് ജെജെ ആണ്. 357 പോയിന്റികളാണ് ഇസ്രയേല്‍ നേടിയത്.
എസ്റ്റോണിയയ്ക്ക് 356 പോയിന്റുകളും ലഭിച്ചു. ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ് എന്നിവര്‍ നാലാം സ്ഥാനത്തെത്തി. അല്‍ബേനിയ, യുക്രെയ്ന്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ ഇടം നേടി. ജര്‍മനി 151 പോയിന്റോടെ 15-ാം സ്ഥാനത്തെത്തി.
26 രാജ്യങ്ങള്‍ പങ്കെടുത്തതിൽ 11 രാജ്യങ്ങള്‍ സെമിഫൈനലില്‍ പുറത്തായി. 6,500 ആളുകള്‍ ഹാളിലും 36,000 പേര് അടുത്തുള്ള സ്റ്റേഡിയത്തിലും തത്സമയ സംപ്രേഷണം കണ്ടു. യൂറോപ്പിനകത്തും പുറത്തുമായി ഏകദേശം 160 ദശലക്ഷം ആളുകളാണ് ടിവിയിലൂടെ ഷോ കണ്ടത്.
2026ല്‍ യൂറോവിഷന്‍ സംഗീതമത്സരത്തിന് വേദിയാകുന്നത് ഓസ്ട്രിയയാണ്.