വിന്‍സിയുടെ കുടുംബത്തിന് കെെത്താങ്ങാവാനൊരുങ്ങി ഗ്ലോസ്റ്റര്‍ മലയാളി സമൂഹം
ജെഗി ജോസഫ്
Friday, May 16, 2025 12:20 PM IST
ഗ്ലോസ്റ്റര്‍: അമ്മയുടെ വിയോഗത്തിൽ പതറിപ്പോയ കുഞ്ഞുങ്ങൾക്ക് കെെത്താങ്ങാവാൻ ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. കഴിഞ്ഞദിവസമാണ് ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി റിജോ മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി യാത്രയായത്.
ഒരു വര്‍ഷത്തിലേറെയായി കാന്‍സര്‍ ബാധിച്ചിരുന്ന വിന്‍സി തന്റെ ശാരീരിക വേദനകളെ പ്രതീക്ഷകളോടെയാണ് നേരിട്ടത്. അസുഖങ്ങളെല്ലാം മാറി, ഒരു സാധാരണ കുടുംബജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വിന്‍സിയും കുടുംബവും.
ഏകദേശം രണ്ട് വര്‍ഷം മുമ്പ് മാത്രം യുകെയില്‍ എത്തിയ വിന്‍സിയും കുടുംബവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധമാണ് പുലര്യിരുന്നത്. സ്ട്രൗഡിലെ സ്കൂളില്‍ ഒന്‍പത്, എട്ട്, ആറ് ക്ലാസുകളിലെ വിദ്യാർഥികളാണ് വിന്‍സിയുടെ മക്കളായ അന്നയും ഏഞ്ചലും ആഗ്നയും.
തന്റെ ശാരീരിക വേദനയേക്കാള്‍ വിന്‍സിയിയെ അലട്ടിയിരുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. യുകെയിലേക്ക് വരുന്നതിനു വേണ്ടിയെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ കുടുംബം വീണ്ടും പരീക്ഷണത്തിന് ഇരയായത്.
തുടര്‍ന്ന് ചികിത്സയ്ക്കായും നാട്ടിലേക്കുള്ള അനുബന്ധ യാത്രകള്‍ക്കായും കടമായും അല്ലാതെയും വലിയൊരു തുക അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. വിന്‍സിയെ നഷ്ടപ്പെട്ട തീരാവേദനക്കൊപ്പം തുടര്‍ന്നുള്ള അവരുടെ യുകെ ജീവിതവും ആശങ്കയിലായിരിക്കുന്നു.
ഈ അവസരത്തിലാണ് വിന്‍സിയുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കാൻ ഗ്ലോസ്റ്റര്‍ഷെയറിലെ മലയാളി സമൂഹം തീരുമാനിച്ചത്. എല്ലാ അസോസിയേഷന് അംഗങ്ങളും ഒരേ സ്വരത്തോടെ ഈ ദൗത്വത്തിന് പിന്തുണയുമായി എത്തുകയായിരുന്നു.
ഗ്ലോസ്റ്റര്‍ഷെയറിലെ സെന്റ് മേരീസ് പള്ളിയും ജിഎംഎ, കെസിഎ, ജിഎംസിഎ, കേരളീയം മാക് ചെൽട്ടൺഹാം എന്നിങ്ങനെ എല്ലാ മലയാളി സംഘടനകളും ഒത്തൊരുമിച്ച് കുടുംബത്തിനായി കൈകോര്‍ക്കുകയാണ്.

ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന് ഭാരവാഹികളായ അനിൽ തോമസ്, ബിസ് പോൾ മണവാളൻ, ലിജോ ജോർജ്, മനോജ് സെബാസ്റ്റ്യൻ, ഫിലിപ്പ് കണ്ടോത്ത്, ജിജി ജോൺ, പി.എ. വിനോയ്, ലോറൻസ് പെല്ലിശേരി, ആന്റണി ജെയിംസ്, ജെഗി ജോസഫ് തുടങ്ങിയവർ ചേർന്ന് ഒരു മീറ്റിംഗ് കൂടിയിരുന്നു.
ചര്‍ച്ചയില്‍ വിന്‍സിയുടെ കുടുംബത്തെ സഹായിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളുടെ ഭാവി ഉറപ്പുവരുത്തുന്നതിനും വേണ്ടി ഗ്ലോസ്റ്റര്‍ഷെയര്‍ കേന്ദ്രീകരിച്ച് ഒരു ഫണ്ട് റേസിംഗ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
എല്ലാവരും ഈ ചാരിറ്റിയുടെ ഭാഗമാകണമെന്ന് സെന്റ് മേരീസ് സീറോമലബാർ കാത്തലിക് ചർച്ച്, ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ, കേരള കൾച്ചറൽ അസോസിയേഷൻ, ഗ്ലോസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ, കേരളീയം, മലയാളി അസോസിയേഷൻ ഓഫ് ചെൽട്ടൺഹാം എന്നിവയുടെ ഭാരവാഹികൾ അഭ്യർഥിച്ചു.