യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമം: ടിക്കറ്റ് പ്രകാശനം ശനിയാഴ്ച
Friday, May 16, 2025 7:28 AM IST
ബർമിംഗ്ഹാം: യുകെയിലെ 15 ക്നാനായ കാത്തലിക് മിഷനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം വാഴ്വ് 2025ന്റെ ടിക്കറ്റ് പ്രകാശനം ശനിയാഴ്ച രാവിലെ 10ന് ബർമിംഗ്ഹാമിൽ മാർ അപ്രേം മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന കുർബാനയ്ക്കു ശേഷം നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ജനറൽ കൺവീനർ അഭിലാഷ് തോമസ് മൈലപ്പറമ്പിൽ, കൺവീനർ ഫാ. സജി തോട്ടത്തിൽ, ഫാ. ജോഷി കൂട്ടുംകൽ, ജോയിന്റ് കൺവീനർ സജി രാമചനാട്ട്,
യുകെയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ക്നാനായ വൈദികർ, നിരവധി വിശ്വാസികൾ, 15 ക്നാനായ മിഷനുകളിലെ കൈക്കാരന്മാർ, വിവിധ കമ്മിറ്റികളുടെ കോഓർഡിനേറ്റർമാർ എന്നിവരുടെ സാന്നിധ്യത്തിൽ മെഗാ സ്പോൺസർ, ഗ്രാൻഡ് സ്പോൺസർ, ഡയമണ്ട് ഫാമിലി ടിക്കറ്റ്, പ്ലാറ്റിനം ഫാമിലി ടിക്കറ്റ് എന്നിവ പ്രകാശനം ചെയ്യും.
ഫൈനാൻസ് കമ്മിറ്റി കൺവീനർ റെമി ജോസഫ് പഴയിടത്ത്, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ എബി നെടുവാമ്പുഴ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ടിക്കറ്റ് പ്രകാശനത്തിന് നേതൃത്വം നൽകും.ഒക്ടോബർ നാലിന് ബർമിംഗ്ഹാമിലെ ബെഥേൽ കൺവൻഷൻ സെന്ററിലാണ് വാഴ്വ് 2025 നടക്കുന്നത്.
കോട്ടയം അതിരൂപതയിലെ മെത്രന്മാരും, യുകെയിലെ ക്നാനായ വൈദികരുടെയും കാർമികത്വത്തിൽ കുർബാനയോടെ സംഗമത്തിന് തുടക്കമാകും. തുടർന്ന് യുകെയിലുള്ള എല്ലാ ക്നാനായ മിഷനുകളുടെയും കലാപരിപാടികൾ അരങ്ങേറും.
15 ക്നാനായ മിഷനുകളിൽ നിന്നുള്ള കൈക്കാരന്മാർ, പാസ്റ്റർ കൗൺസിൽ, ഹെഡ് ടീച്ചേഴ്സ് എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സംഗമത്തിനായി നടക്കുന്നത്.