ലെസ്റ്റർ സംഗീത സദസും ലണ്ടൻ മലയാള സാഹിത്യവേദിയും സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം 25ന്
Friday, May 16, 2025 3:02 PM IST
ലെസ്റ്റർ: ലെസ്റ്ററിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ലെസ്റ്റർ സംഗീത സദസും ലണ്ടൻ മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം " സംഗീതസന്ധ്യ 2025' ഈ മാസം 25ന് വൈകുന്നേരം മൂന്ന് മുതൽ ലെസ്റ്ററിലെ ബ്രൗൺസ്റ്റോണിലെ വെസ്റ്റ് സോഷ്യൽ സെന്ററിൽ വച്ച് നടക്കും.
ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയിൽ യുകെയിലെ സംഗീത രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഗായകരായ അനീഷ് ജോൺ, ജിബി ഗോപാലൻ, ദിലീപ്, ബാബു, ആദിൽ ബഷീർ എന്നിവർ പ്രസിദ്ധ ഗായകൻ പി. ജയചന്ദ്രൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ ആലപിക്കും.
റിനു (കീബോർഡ്), വിഷ്ണുരാജ് (വയലിൻ), ആദിൽ ബഷീർ (ഹാർമോണിയം), സാബു ജോസ് (ഗിറ്റാർ), ജോർജ് തോമസ് (തബല), പ്രഫുൽ ജോർജ് (ഡ്രം) എന്നിവർ വേദിയിൽ അണിനിരക്കും.
പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ സാബു ജോസ് (07809211405), റജി നന്തികാട്ട് (07852437505 ) എന്നിവരെ ബന്ധപ്പെടുക.