ലയയ്ക്കും കുടുംബത്തിനും സ്നേഹതണലായി സെന്റ് മേരീസ് സീറോമലബാർ കാത്തലിക് കമ്യൂണിറ്റി വാട്ടർഫോർഡ്
റോണി കുരിശിങ്കൽപ്പറമ്പിൽ
Saturday, May 17, 2025 12:02 PM IST
വാട്ടർഫോർഡ്: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മേപ്പാടിയിലെ ജിഎസ്എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ലയയ്ക്കും കുടുംബത്തിനും പുതിയൊരു ഭവനം എന്ന സ്വപ്നത്തിന് കൈത്താങ്ങായി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ കാത്തലിക് കമ്യൂണിറ്റി.
ഇടവകാംഗമായ ആഷ്ലിൻ ഡിപിന്റെ പിതാവ് സണ്ണി വണ്ടന്നൂർ പാലാകുളിയിൽ സൗജന്യമായി നൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് ഏകദേശം 18 ലക്ഷത്തോളം രൂപ ചെലവിൽ പുതിയ ഭവനം നിർമിക്കപ്പെട്ടത്.
"കരുണയല്ലിത് കടമയാണ്' എന്ന ആശയത്തിന് പിന്തുണയുമായി ജോമോൻ കാക്കനാട്ടച്ചന്റെ നേതൃത്വത്തിൽ ഇടവക സമൂഹം ഒന്നടങ്കം ഒരുമയോടെ ഒന്നുചേർന്നതോടെ ആ സ്വപ്നം യാഥാർഥ്യമായി.

ജോമോനച്ചന്റെ നേതൃത്വത്തിൽ പാരിഷ് കൗൺസിലിൽനിന്നും രൂപീകരിച്ച 12 അംഗ കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളായ ലൂയിസ്, ടോം, ടെഡി, ജോസ്മോൻ, ജോജോ, സൈജു, എബി, ലിനറ്റ്, മനോജ്, അമിത്, രേഖ, സൗമ്യ എന്നിവരുടെ മേൽനോട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചു.
വ്യാഴാഴ്ച കുടുംബാംഗങ്ങൾക്ക് പുതിയ വീടിന്റെ താക്കോൽ ജോമോനച്ചൻ കൈമാറി. മാനന്തവാടി കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് വീടിന്റെ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു.
ദുരിതം അനുഭവിച്ച ഒരു കുടുംബത്തിന് ഭവനമൊരുക്കിയ സെന്റ് മേരിസ് സീറോമലബാർ ഇടവകയുടെ കൂട്ടായ പ്രവർത്തനത്തെ ജോമോനച്ചൻ പ്രശംസിച്ചു.
ഉദാരതയും ആത്മാർഥതയും നിറഞ്ഞ ഇടവകാ സമൂഹത്തിന്റെ സഹകരണം കൊണ്ട് മാത്രമാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധ്യമാക്കിയതെന്നും ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും അടയാളമായി ഈ സ്നേഹഭവനം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.