മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യൂറോപ്പ് ഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
ജോസ് കുമ്പിളുവേലില്‍
Thursday, May 22, 2025 7:10 AM IST
കാക്കാവ്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മേയ് 2, 3, 4 തീയതികളില്‍ എട്ടാമത് ഫാമിലി കോണ്‍ഫറന്‍സ് പോളണ്ടിലെ ക്രാക്കോവില്‍ നടത്തപ്പെട്ടു.
ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോര് തേയോഫിലോസ് കുര്യാക്കോസ് തിരുമേനി ഉദ്ഘാടനം ചെയ്ത് കോണ്‍ഫറന്‍സിന്റെ വിഷയാവതരണം നടത്തി. പോളിഷ് ഓര്‍ത്തഡോക്സ് സഭയുടെ റവ. ഡോ. വ്ളാഡിമിര്‍ മുഖ്യാഥിതി ആയിരുന്നു.
കുട്ടികള്‍ക്കും യുവതിയുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകം ക്രമീകരിച്ച ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും വിവിധ പരിപാടികള്‍ക്കും വിയന്നയില്‍ നിന്നുള്ള മലങ്കര കത്തോലിക്കാ സഭയുടെ റവ.ഫാ. ഷൈജു മാത്യു, യൂറോപ്പ് ഭദ്രാസനത്തിലെ റവ. ഡോ. തോമസ് ജേക്കബ് മണിമല, റവ. ഫാ. എല്‍ദോസ് വട്ടപറമ്പില്‍, റവ.ഫാ. എല്‍ജോ അവറാച്ചന്, റവ.ഫാ. പോള്‍ പി. ജോര്‍ജ്, റവ. ഫാ. ബിജോ എലിയാസ്, റവ. ഫാ. രെഞ്ചു കുര്യന് എന്നിവര്‍ നേതൃത്വം നല്കി.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ആയി പ്രത്യേകം നടത്തിയ പ്രോഗ്രാമുകള്‍ക്ക് യൂറോപ്പ് ഭദ്രാസന സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ സുധിഷ് മാത്യു, സിന്ധു അബ്ജിന്, വിനീത് വര്‍ഗീസ്, ലിയ എല്‍ദോസ്, ലിസി മോന്‍സി, ജോമോള്‍ ജോഷി, എന്നിവര്‍ നേതൃത്വം നല്കി.
സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. ഞായറാഴ്ച ക്രാക്കാവിലെ പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രമായ സി. ഫൗസ്ററിനയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഡിവൈന്‍ മേഴ്സി കത്തീഡ്രല്‍ ചാപ്പലില്‍ ഡോ. തെയോഫിലോസ് മെത്രാപ്പൊലിതയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കുയും കോണ്‍ഫറന്‍സ് അംഗങ്ങള്‍ അതില്‍ സംബന്ധിക്കുകയും ചെയ്തു.
തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ ക്രാക്കാവിലെ ദേവാലയങ്ങളും പഴയ പട്ടണവും സന്ദര്‍ശിച്ചു. യൂറോപ്പിലെ 13 രാജ്യങ്ങളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്നും യൂറോപ്പിലേക്ക് പഠനത്തിനും ജോലിക്കുമായി നൂറുകണക്കിന് യുവജനങ്ങള്‍ എത്തുന്ന പശ്ചാത്തലത്തില്‍ മതേതരത്തിന്റെയും അതിരുകളില്ലാത്ത സ്വാതന്ത്രത്തിന്റെയും വിശാലമായ ലോകത്തില്‍ ഉത്തരവാദിത്വബോധത്തോടെയും പ്രതിബദ്ധതയോടെയും വിശ്വാസത്തിലും ആരാധനയിലും മൂല്യബോധങ്ങളിലും ഭദ്രമായ കുടുംബ ജീവിതത്തിലും പുതിയ സാഹചര്യങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്താമെന്നും ഉള്ളതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോണ്‍ഫറന്‍സിന് നേതൃത്വം കൊടുത്തത് ഭദ്രാസന മെത്രാപ്പോലീത്ത (ചീഫ് കോര്‍ഡിനേറ്റര്‍), ഭദ്രാസന സെക്രട്ടറിയും കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറുമായ വന്ദ്യ വെട്ടിക്കാട്ടില്‍ ജോഷ്വാ റമ്പാന്, ഭദ്രാസന പിആര്‍ഒ ജോളി തുരുത്തുമ്മേല്‍, സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, കമാണ്ടര്‍ ജോര്‍ജ് പടിക്കകൂടി, ക്രാക്കാവ് ഇടവകയുടെ കണ്‍വീനേഴ്സ് ക്രിസ്റേറാ യോഹന്നാന്, അബ്ളിന് എല്‍സണ്‍, വിനീത് തോമസ്, മറ്റു ഇടവകാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.