യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ: അവാർഡ് തിളക്കത്തിൽ മലയാളി
അപ്പച്ചൻ കണ്ണഞ്ചിറ
Saturday, May 17, 2025 5:30 PM IST
ലണ്ടൻ: യുകെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള "ടംഗ്സ് ഓൺ ഫയർ ഫ്ലെയിം' അവാർഡ് മലയാളിക്ക്. ഡോ. രാജേഷ് സംവിധാനം ചെയ്ത "സ്ലെവ്സ് ഓഫ് ദ എംപയർ' എന്ന ഡോക്യുമെന്ററിക്കാണ് രാജ്യാന്തര പുരസ്കാരം ലഭിച്ചത്.
യുകെയിൽ വിവിധ സ്ഥലങ്ങളിലായി ഈ മാസം ഒന്ന് മുതൽ പത്തുവരെ നീണ്ടുനിന്ന ഇരുപത്തിയേഴാമത് ടംഗ്സ് ഓൺ ഫയർ ഫ്ലേയിം ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
1997ൽ സ്ഥാപിതമായ ചാരിറ്റി സംഘടനയായ ടംഗ്സ് ഓൺ ഫയർ സിനിമ മേഖലയിൽ ലിംഗാധിഷ്ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യുകെയിലുടനീളം പ്രദർശിപ്പിക്കുന്ന 27-ാമത് ചലച്ചിത്രോത്സവത്തിന്റെ തീം "ആഗ്രഹവും, അവകാശവും' എന്നതായിരുന്നു.
മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും ടംഗ്സ് ഓൺ ഫയർ നിലകൊള്ളുന്നു.


പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ആണ് സ്ലെവ്സ് ഓഫ് ദി എംപയർ.
അക്കാലഘട്ടത്തിന്റെ നിറവും മണവും തനിമയും ശബ്ദവും വേഷവും ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ലാക്ക് ആൻഡ് വൈറ്റിലാണ് തയാറാക്കിയിരിക്കുന്നത്. ഏറെ പരിശ്രമിച്ചിട്ടാണ് തൊഴിലാളികളെ അഭ്രപാളിയിൽ പകർത്താൻ അനുമതി കിട്ടിയതെന്നും ചിത്രം പൂർത്തിയാക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടിവന്നുവെന്നും രാജേഷ് പറഞ്ഞു.
രാജേഷ് ജെയിംസ് കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും ചലച്ചിത്ര ഗവേഷകനുമാണ്. 2017ൽ രാജേഷ് റിയാദ് വാഡിയ പുരസ്കാര സമിതിയുടെ ഇന്ത്യയിലെ "ബെസ്റ്റ് എമേർജിംഗ് ഫിലിം മേക്കർ' പുരസ്കാരം നേടിയിരുന്നു.
2018ൽ മുംബൈയിലെ കാശിഷ് ഇന്റർനാഷനൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്' മികച്ച ഡോക്യുമെന്ററിക്കുള്ള കെഎഫ് പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി പുരസ്കാരവും 2020ൽ ഇൻ തണ്ടർ ലൈറ്റ്നിംഗ് ആൻഡ് റെയിൻ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടിയിട്ടുണ്ട്.
എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജ് ഇംഗ്ലിഷ് അധ്യാപകനായ ഡോ. രാജേഷ്, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എളുക്കുന്നേൽ ജെയിംസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എംഎ കോളജ് അസി. പ്രഫസറാണ്.
മകൻ നെയ്തൻ. ഡോക്യുമെന്ററികളെ ഏറെ പ്രണയിക്കുന്ന കലാകാരനും ഗവേഷകനുമായ ഡോ. രാജേഷ് ജെയിംസിന് അധ്യാപനവും ഡോക്യുമെന്ററിയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുവാനാണ് താത്പര്യം.