ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം ഇന്നു പ്രകാശനം ചെയ്യും
Thursday, May 22, 2025 10:59 AM IST
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ ജീവചരിത്രം വ്യാഴാഴ്ച പ്രകാശനം ചെയ്യും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് വത്തിക്കാനിലെ കാമ്പോ സാന്റോ ട്യൂട്ടോണിക്കോയിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്യുക.
ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ കത്തോലിക്കാ ടെലിവിഷന്‍ ശൃംഖലയായ ‘ദി ഇറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ്വര്‍ക്ക്’ (ഇഡബ്ലുടിഎൻ) വൈസ് പ്രസിഡന്റും എഡിറ്റോറിയൽ ഡയറക്ടറുമായ മാത്യു ബൺസണാണ് ‘Leo XIV: Portrait of the First American Pope’ (ലെയോ പതിനാലാമൻ: ആദ്യത്തെ അമേരിക്കൻ മാർപാപ്പയുടെ വിവരണം) എന്നപേരില്‍ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ എട്ടിന് സാർവത്രികസഭയുടെ 267-ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട 69കാരനായ റോബർട്ട് പ്രെവോസ്റ്റിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള ആദ്യത്തെ ആധികാരിക ജീവചരിത്രമാണിത്. അപ്പസ്തോലന്മാരുടെ പിൻഗാമി എന്നനിലയിൽ അദ്ദേഹത്തിന്റെ മൂന്ന് അടിസ്ഥാന കടമകളുടെ വിശദമായ ചരിത്രം നല്‍കിക്കൊണ്ടാണ് ജീവചരിത്രം ആരംഭിക്കുന്നത്.
വൈദികൻ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ വിശുദ്ധീകരണ പങ്ക്, ബിഷപ് എന്നനിലയിലുള്ള അദ്ദേഹത്തിന്റെ ഭരണപരമായ പങ്ക്, അധ്യാപകനും മിഷനറിയും എന്നനിലയിലുള്ള അദ്ദേഹത്തിന്റെ പ്രവാചക ദൗത്യപരമായ പങ്ക് എന്നീ തലങ്ങളിലൂടെയാണ് ജീവചരിത്ര വിവരണം പുരോഗമിക്കുക.