ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗ് വിജയകരമായി
ജോസ് കുമ്പിളുവേലിൽ
Thursday, May 29, 2025 5:18 PM IST
ബർലിൻ: ജർമനിയിലെ മലയാളി ബാഡ്മിന്റൺ ലീഗിന്റെ(എംബിഎൽ) എട്ടാം സീസൺ ഫ്രാങ്ക്ഫർട്ടിൽ സമാപിച്ചു. ഫ്രാങ്ക്ഫർട്ട് ഫാൽക്കൺസ് ക്ലബാണ് ഇത്തവണ ആതിഥേയത്വം വഹിച്ചത്. ജർമനിയിലെ വിവിധ ക്ലബുകൾക്ക് പുറമെ സ്വിറ്റ്സർലൻഡിൽ നിന്നൊരു ടീമും പങ്കെടുത്തു.
ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ കോൺസുൽ ജനറൽ ബി.എസ്. മുബാറക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജർമനിയിലെ മലയാളികളെ ബാഡ്മിന്റണിലൂടെ ഒന്നിപ്പിക്കുന്ന എംബിഎൽ പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
സംഘാടകർക്ക് വേണ്ടി ഡോ. ഷൈജുമോൻ ഇബ്രാഹിംകുട്ടി സ്വാഗതം ആശംസിച്ചു. ലീഗിന്റെ വളർച്ചയെക്കുറിച്ച് ഡോണി ജോർജി വിശദീകരിച്ചു. രാവിലെ തുടങ്ങിയ മത്സരങ്ങൾ രാത്രി വരെ നീണ്ടുനിന്നു.
നാൽപ്പതോളം ഡബിൾസ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പോയിന്റുകൾക്കായി വാശിയേറിയ പോരാട്ടം നടന്നു. ഹൈഡൽബെർഗിൽ നിന്നുള്ള അനൂപ്-ഗണേഷ് സഖ്യം ഫൈനലിൽ വിജയിച്ച് കപ്പ് നേടി.

സ്റ്റുട്ട്ഗാർട്ടിൽ നിന്നുള്ള അബിൻ-നബീൽ ടീം രണ്ടാം സ്ഥാനവും ഹൈഡൽബെർഗിൽ നിന്നുള്ള ജയ്-സുമേഷ് സഖ്യം മൂന്നാം സ്ഥാനവും ലോറാക്കിൽ നിന്നുള്ള അവറാച്ചൻ-ലിബിൻ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
ഫ്രാങ്ക്ഫർട്ട് ടീമിലെ അരുൺകുമാർ നായർ നന്ദി പ്രകാശിപ്പിച്ചു. ഫ്രാങ്ക്ഫർട്ട് ഫാൽക്കൺസിലെ വ്യാസൻ ബാലചന്ദ്രൻ, ബിനീഷ് വർഗീസ്, നിതിൻ ജനാർദനൻ, നെബു ജോൺ, ജിമ്മി തോമസ്, എബി അനിൽ ബാബു, അൻവർ അക്ബർ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
അമരീഷ് രാജൻ, റെജിൻ കുമാർ, അരുൺ രാധാകൃഷ്ണൻ നായർ, ഹൻസ് പോൾ ആന്റണി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കളിക്കളത്തിലെ പോരാട്ടങ്ങൾക്ക് പുറമെ നാടൻ തട്ടുകടയും ഇത്തവണത്തെ എംബിഎല്ലിന്റെ പ്രത്യേകതയായിരുന്നു.
കളിക്കാർക്കും കാണികൾക്കും ബാസ്റ്റ്യൻ സേവ്യറും സംഘവും ഭക്ഷണം ഒരുക്കിയിരുന്നു.