കുടുംബ വേദി "ജ്വാല അവാർഡ്' മീര റഹ്മാന് സമ്മാനിച്ചു
Saturday, May 3, 2025 11:52 AM IST
റിയാദ്: കേളി കുടുംബ വേദിയുടെ ജ്വാല-2025 അവാർഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പദത്തിൽ എത്തിയ ആദ്യ വനിത മീര റഹ്മാന് സമ്മാനിച്ചു.
റിയാദിലെ ദറാത്സലാം ഇന്റർനാഷണൽ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ അവാർഡ് ദാന പരിപാടിയിൽ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് അവാർഡ് സമ്മാനിച്ചു.
മീര റഹ്മാന്റെ അഭാവത്തിൽ ഇന്ത്യൻ സ്കൂൾ സ്റ്റാഫ് ഹസീന മൻസൂർ അവാർഡ് ഏറ്റുവാങ്ങി. ആലുവ സ്വദേശിയായ മീര, റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്.
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും കഴിഞ്ഞദിവസം റിയാദിലെ വാട്ടർടാങ്കിൽ വീണു ജീവൻ പൊലിഞ്ഞ ഇന്ത്യൻ എംബസി സ്കൂൾ കെജി വിദ്യാർഥിയായ തമിഴ്നാട് സ്വദേശി ആസിയ എന്ന കുഞ്ഞിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തിയാണ് ജ്വാലിന്റെ കലാപരിപാടികൾ ആരംഭിച്ചത്.
അന്തർദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച വനിതകൾക്കായി കേളി കുടുംബവേദി സംഘടിപ്പിക്കുന്നതാണ് "ജ്വാല അവാർഡ്'.
അവാർഡ് ദാനത്തോട് അനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബ വേദി പ്രസിഡന്റ് പ്രിയാ വിനോദ് അധ്യക്ഷയായി. സമ്മേളനം ദമാം നവോദയ കുടുംബ വേദി കൺവീനർ ഡോ. രശ്മി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മൈലാഞ്ചി ഇടൽ മത്സരത്തിൽ അൽഫിയ ഒന്നാം സമ്മാനവും ഷഹാന രണ്ടാം സമ്മാനവും ഷംല മൂന്നാം സമ്മാനവും നേടി. അറബിക് ഡിസൈൻ പ്രമേയമായി ഒരുമണിക്കൂറായിരുന്നു മത്സര സമയം നിശ്ചയിച്ചിരുന്നത്.
അൽ യാസ്മിൻ സ്കൂളിലെ അധ്യാപിക ഫാത്തിമ ജിനീഷ്, ചിത്രകലാകാരി മായാ കിഷോർ എന്നിവർ വിധികർത്താക്കളായി. കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, ഷംഷാദ് അഷറഫ് എന്നിവർ മത്സരം കോർഡിനേറ്റ് ചെയ്തു.
ചലച്ചിത്ര -സീരിയൽ താരവും പ്രൊഡ്യൂസറുമായ ദിവ്യദർശൻ ജ്വാല വേദിയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. കുടുംബവേദിയിലെ വനിതകളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
കിതാബ് - ദ ബാൻഡ് ഓഫ് ഹാർമണി ടീമിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേള, റിയാദിലെ പ്രശസ്ത ഡാൻസ് സ്കൂളുകളിലെ ടീച്ചർമാരായ റീന കൃഷ്ണകുമാർ, രശ്മി വിനോദ്, നീതു നിതിൻ, ബിന്ദു സാബു എന്നിവരുടെ ശിക്ഷണത്തിൽ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ എന്നിവ അവാർഡ് ദാന ചടങ്ങിന് മാറ്റുകൂട്ടി.
വേദിക്കരികിലായി റിയാദിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതസംരഭകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു. പ്രിയ വിനോദ്, വി.എസ്. സജീന, സീന സെബിൻ, വിജില ബിജു എന്നിവർ പരിപാടിയുടെ അവതാരികമാരായിരുന്നു.
സ്റ്റേജ് നിയന്ത്രണം -സിജിൻ കൂവള്ളൂർ, പരിപാടിക്ക് സുകേഷ് കുമാർ, ഗീത ജയരാജ്, ജയരാജ്, വി.കെ. ഷഹീബ, ദീപ രാജൻ, ജയകുമാർ, ജി.പി. വിദ്യ, ലാലി എന്നിവർ നേതൃത്വം നൽകി .
മുഖ്യ പ്രായോജകരായ കുദു, സഹപ്രയോജകരായ എലൈറ്റ് ഹോളിഡേയ്സ്, ഫ്രണ്ടി, നെസ്റ്റോ, അൽ റയാൻ പോളി ക്ലിനിക്, സുബ്ഹാൻ ഗ്രൂപ്പ് എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും സംഘടക സമിതി കൺവീനർ വിജില ബിജു നന്ദിയും പറഞ്ഞു.