ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ വാടകക്കാരൻ വെടിവച്ചു കൊലപ്പെടുത്തി
Wednesday, February 26, 2020 7:00 PM IST
സൗത്ത് കരോളൈന: സംപ്റ്റർ കൗണ്ടിയിലെ വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള എവിക്ഷൻ നോട്ടീസ് നൽകാനെത്തിയ ഷെറിഫ് ഡപ്യൂട്ടി ക്യാപ്റ്റൻ ആൻഡ്രു ഗില്ലറ്റ് (37) വാടകക്കാരന്‍റെ വെടിയേറ്റു മരിച്ചു.

ഫെബ്രുവരി 25 ചൊവ്വാഴ്ചയായിരുന്നു ദാരുണമായ സംഭവം. വെടിവച്ചു എന്നു പറയപ്പെടുന്ന പ്രതി ടെറി ഹേസ്റ്റി (51)നെ പിന്നീട് വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

വെടിയുണ്ട ഏൽക്കാതിരിക്കുന്നതിനുള്ള വെസ്റ്റ് ധരിച്ചിട്ടും രക്ഷപ്പെടാൻ ഗില്ലറ്റിനായില്ലെന്ന് കുടുംബാംഗം ഡെന്നിസ് പറഞ്ഞു.12 വർഷമായി എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന ഗില്ലറ്റ് 2013 ലാണ് സംപ്റ്റർ കൗണ്ടി ഷെറിഫായി ജോലിയിൽ പ്രവേശിച്ചത്. ഭാര്യയും മക്കളുമുണ്ട്.

യുഎസ് ഹൈവെ 521 ലാണ് സംഭവം നടന്നത്. ഇരുവരുടേയും മൃതദേഹം ഓട്ടോപ്സിക്കായി സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സഹപ്രവർത്തകനോടുള്ള ആദരസൂചകമായി യൂണിഫോം ധരിച്ച നിരവധി ഡപ്യൂട്ടികൾ റോഡിനിരുവശവും നിരന്നുനിന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തു നിന്നും പോകുന്നതു വരെയാണ് ഇവരുടെ ലൈൻഅപ് തുടർന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ