സച്ചിൻ ഡബിൾ സെഞ്ചുറി നേടിയപ്പോൾ
ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കാലത്ത് അപ്രാപ്യമെന്ന് കരുതിയിരുന്ന മാന്ത്രിക സംഖ്യയായിരുന്നു ഏകദിന മത്സരങ്ങളിലെ ഇരട്ട സെഞ്ചുറി. 50 ഓവറുകൾ മാത്രം നീളുന്ന ഒരു മത്സരത്തിൽ ഒറ്റയ്ക്കൊരു താരം 200 റൺസ് നേടുകയെന്നത് ചിന്തിക്കാൻ പോലും കഴിയാതിരുന്ന കാലമുണ്ടായിരുന്നു.
എന്നാൽ 2010 ഫെബ്രുവരി 24-ന് ക്രിക്കറ്റ് ലോകം ആ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. അന്നുമുതൽ ഇങ്ങോട്ട് ഏകദിന ക്രിക്കറ്റിന്റെ ഭാവം തന്നെ മാറ്റിമറിച്ച ഇരട്ട സെഞ്ചുറികളുടെ കഥയാണിത്.
സച്ചിൻ തുറന്നിട്ട ചരിത്രവാതിൽ
ഏകദിന ക്രിക്കറ്റ് പിറന്ന് 39 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ ഇരട്ട സെഞ്ചുറി പിറക്കുന്നത്. ഗ്വാളിയോറിലെ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ആ ചരിത്രം കുറിച്ചത്. 147 പന്തുകളിൽ നിന്ന് 25 ഫോറുകളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ സച്ചിൻ പുറത്താകാതെ നേടിയ 200 റൺസ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.
വീരേന്ദർ സേവാഗ്
സച്ചിൻ നൽകിയ ആത്മവിശ്വാസത്തിൽ പിന്നീട് ഇന്ത്യൻ താരങ്ങൾ തന്നെയാണ് ഈ നേട്ടം തങ്ങളുടെ കുത്തകയാക്കി മാറ്റിയത്. 2011-ൽ വെസ്റ്റ് ഇൻഡീസിനെതിരെ 219 റൺസ് നേടി വീരേന്ദർ സേവാഗ് സച്ചിന്റെ റെക്കോർഡ് തിരുത്തി.
149 പന്തിൽ 25 ഫോറും ഏഴ് സിക്സും ഉൾപ്പെടുന്നതായിരുന്നു സേവാഗിന്റെ ഇന്നിംഗ്സ്.
രോഹിത് ശർമ്മയുടെ ഏകാധിപത്യം
ഏകദിനത്തിലെ ഇരട്ട സെഞ്ചുറികളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേര് ഇന്ത്യൻ താരം രോഹിത് ശർമ്മയുടേതാണ്. ലോക ക്രിക്കറ്റിൽ രോഹിത് മൂന്ന് തവണയാണ് 200 കടന്നത്.
2013-ൽ ഓസ്ട്രേലിയയ്ക്കെതിരെ (209 റൺസ്): ബംഗളൂരുവിൽ 16 സിക്സറുകൾ പറത്തിയാണ് രോഹിത് തന്റെ ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്.
2014-ൽ ശ്രീലങ്കയ്ക്കെതിരെ (264 റൺസ്): കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രോഹിത് നടത്തിയത് ബാറ്റിംഗ് വിസ്ഫോടനമായിരുന്നു. 173 പന്തിൽ 33 ഫോറുകളും ഒൻപത് സിക്സറുകളും സഹിതം നേടിയ 264 റൺസ് ഇന്നും ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്.
2017-ൽ ശ്രീലങ്കയ്ക്കെതിരെ (208 റൺസ്):മൊഹാലിയിൽ ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രോഹിത് മൂന്നാം തവണയും 200 കടന്നു. 153 പന്തിൽ പുറത്താകാതെ 12 സിക്സും 13 ഫോറുമാണ് താരത്തിന്റെ ബാറ്റിൽനിന്നു പിറന്നത്.
ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
2015 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ 215 റൺസ് നേടിയ ഗെയ്ൽ, ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തം പേരിലാക്കി.
മാർട്ടിൻ ഗപ്റ്റിൽ (ന്യൂസിലൻഡ്)
ഗെയ്ലിന്റെ റെക്കോർഡിന് അധികം ആയുസുണ്ടായിരുന്നില്ല. 2015 ലോകകപ്പിൽ തന്നെ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 237 റൺസ് നേടി ഗപ്റ്റിൽ ലോകകപ്പിലെ ഉയർന്ന സ്കോർ സ്വന്തമാക്കി.
ഫഖർ സമാൻ (പാക്കിസ്ഥാൻ)
2018-ൽ സിംബാബ്വെയ്ക്കെതിരെ പുറത്താകാതെ 210 റൺസ് നേടി പാക്കിസ്ഥാന്റെ ആദ്യ ഇരട്ട സെഞ്ചുറിക്കാരനായി.
ഇഷാൻ കിഷൻ (ഇന്ത്യ)
2022-ൽ ബംഗ്ലാദേശിനെതിരെ 126 പന്തുകളിൽ നിന്ന് 200 തികച്ച ഇഷാൻ (ആകെ 210 റൺസ്), ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ചുറി സ്വന്തമാക്കി.
ശുഭ്മാൻ ഗിൽ (ഇന്ത്യ)
2023-ൽ ന്യൂസിലൻഡിനെതിരെ 208 റൺസ് നേടിയ ഗിൽ, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. 2026ൽ ഗുവഹാത്തിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഗിൽ വീണ്ടും ഡബിൾ സെഞ്ചുറി തികിച്ചു. 133 പന്തിൽ പുറത്താകാതെ 223 റൺസാണ് ഗിൽ നേടിയത്.
ഗ്ലെൻ മാക്സ്വെൽ (ഓസ്ട്രേലിയ)
2023 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തകർച്ചയുടെ വക്കിലായിരുന്ന ഓസ്ട്രേലിയയെ ഒറ്റയ്ക്ക് ചുമലിലേറ്റി മാക്സ്വെൽ നേടിയ പുറത്താകാതെയുള്ള 201 റൺസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ്. പേശീവലിവ് കാരണം ഓടാൻ പോലും കഴിയാതിരുന്നിട്ടും ഒറ്റക്കാലിൽ നിന്നാണ് മാക്സ്വെൽ ആ അവിസ്മരണീയ ഇന്നിംഗ്സ് കളിച്ചത്.
128 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പെടുന്നതായിരുന്നു മാക്സ്വെല്ലിന്റെ ഇന്നിംഗ്സ്.
പാത്തും നിസ്സങ്ക (ശ്രീലങ്ക)
2024-ൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ 210 റൺസ് നേടിയ നിസ്സങ്ക, ശ്രീലങ്കയ്ക്കായി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി.
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)
2026ൽ ശ്രീലങ്കയ്ക്കെതിരെയാണ് ഹാരിയുടെ ഡബിൾ സെഞ്ചുറി പിറന്നത്. 116 പന്തിൽ 21 ഫോറും 10 സിക്സും ഉൾപ്പെടുന്നതായിരുന്നു ഹാരിയുടെ ഇന്നിംഗ്സ്.
വനിതാ ക്രിക്കറ്റിലെ വിസ്മയങ്ങൾ
പുരുഷ ക്രിക്കറ്റിന് മുമ്പേ വനിതാ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി പിറന്നിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. 1997-ൽ ഡെൻമാർക്കിനെതിരെ ഓസ്ട്രേലിയൻ താരം ബെലിൻഡ ക്ലാർക്ക് പുറത്താകാതെ നേടിയ 229 റൺസാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ ഇരട്ട സെഞ്ചുറി. പിന്നീട് 2018-ൽ ന്യൂസിലൻഡിന്റെ അമേലിയ കെർ അയർലൻഡിനെതിരെ പുറത്താകാതെ 232 റൺസ് നേടി ബെലിൻഡയുടെ റെക്കോർഡ് മറികടന്നു.
Tags : Cricket DoubleCenturies ODI