മുംബൈ: രണ്ടാം സെമിഫൈനലിലെ മൂന്നാം ഓവറിലെ രണ്ടാം പന്ത് കളി ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ആഗ്രഹിക്കുന്നുണ്ടാകില്ല. സഞ്ജു സാംസൺ നൽകിയ ക്യാച്ച് മിഡ് ഓണിൽ കൈവിട്ട ഹാരി മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ തോൽവിയുടെ ഉത്തരവാദിത്വം സ്വയം ഏൽക്കുകയും ചെയ്തു.
സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് മത്സര ഫലത്തെ തന്നെ സ്വാധീനിച്ചുവെന്ന് ഹാരി സമ്മതിച്ചു. ആറ് പന്തിൽ 15 റൺസ് എന്ന നിലയിൽ നിൽക്കേയാണ് സഞ്ജുവിന്റെ അനായാസമായ ഒരു ക്യാച്ച് ഇംഗ്ലീഷ് നായകൻ കൈവിട്ടത്.
പിന്നീട് വാങ്കഡെ സ്റ്റേഡിയത്തിൽ കണ്ടത് സഞ്ജുവിന്റെ ആറാട്ടായിരുന്നു. ലൈഫ് കിട്ടിയ ശേഷം സ്ട്രൈക്ക് ചെയ്ത 36 പന്തിൽ സഞ്ജു അടിച്ചെടുത്തത് 74 റൺസ്. മത്സരത്തിന്റെ ഗതി തന്നെ നിശ്ചയിച്ചയിച്ചത് ഇംഗ്ലീഷ് ക്യാപ്റ്റൻ ഗ്രൗണ്ടിൽ വരുത്തിയ ഈ പിഴവ് തന്നെയായിരുന്നു.
വാങ്കഡയിൽ ക്രീസിൽ എത്തുമ്പോൾ ജോഫ്ര ആർച്ചർക്കെതിരേ വളരെ മോശം റെക്കോർഡായിരുന്നു സഞ്ജുവിന്. ആദ്യ ഓവറിൽ തന്നെ സിക്സും ഫോറും അടിച്ച സഞ്ജു മൂന്നാം ഓവറിലെ ആദ്യ പന്തും ബൗണ്ടറി കടത്തിയ ശേഷമാണ് പുറത്താകലിൽ നിന്നും രക്ഷപെട്ടത്. ലൈഫ് ലഭിച്ചതിന്റെ തൊട്ടടുത്ത പന്തിലും ആർച്ചറിനെ സഞ്ജു സിക്സറിന് പറത്തുകയും ചെയ്തു.
Tags : t-20 world cup sanju samson Harry Brook drop catch