വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വനമേഖലയോട് അടുത്തുകിടക്കുന്ന വള്ളക്കടവ് ഭാഗത്ത് ജനവാസകേന്ദ്രത്തിൽ കാട്ടാനശല്യം രൂക്ഷം. വൻതോതിൽ കൃഷി നശിപ്പിക്കുന്ന ഇവ കൂട്ടത്തോടെ എത്തുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സത്രത്തിലേക്കു പോകുന്നത് ഇതുവഴിയാണ്. കാട്ടാനകൾ കൂട്ടുമായി നിൽക്കുന്നത് സഞ്ചാരികളെ ആകർഷിക്കുമെങ്കിലും ജനത്തിനു ഭീതിയാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ വലിയ വൈദ്യുതവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല.
തീ കൂട്ടിയും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചുമൊക്കെയാണ് അവയെ തുരത്തുന്നത്. എങ്കിലും വീണ്ടും അവ തിരിച്ചെത്തുന്നു. വനത്തിൽ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതക്കുറവാണ് ഇതിനു കാരണമെന്നു കരുതുന്നു. കർഷകർക്കു സംരക്ഷണം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണം.