"ഏതുണ്ടെടാ കാൽപന്തല്ലാതെ... ഊറ്റം കൊള്ളാൻ വല്ലാതെ...അതെ സ്വപ്നങ്ങളുടെ വൻ മതിൽ പണിഞ്ഞും, കരുത്തിന്റെ കോട്ട കെട്ടിയും ഊർജവും വാശിയും വീര്യവും നെഞ്ചിലേറ്റി 32 രാജ്യങ്ങൾ, ഒപ്പം ഫുട്ബോൾ ആരാധകരും. 2018 ഫിഫ ലോകകപ്പിന്റെ വിസ്മയക്കാഴ്ചകൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പരിശീലനവും ഒത്തരുമയും സാമാർത്ഥ്യവുമെല്ലാം ഉണ്ടായിരിക്കാം. എന്നാൽ ഇവയെല്ലാം കോർത്തിണക്കിയിരിക്കുന്നത് പ്രതീക്ഷയുടെ പൊൻനൂല് കൊണ്ടാണ് കളിക്കാരന്റെ, ആസ്വാദകന്റെ, ആരാധകന്റെ എന്തിന് ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും കൂടിച്ചേരുന്പോൾ മാത്രമാണ് കളിക്കളം നിറയുന്നത്.
VAR സംവിധാനം പോലെയുള്ള പല വിവാദങ്ങൾക്കും ഇടയിൽ എക്കാലത്തെയും പോലെത്തന്നെ അവിസ്മരണീയമായി തീരുകയാണ് ഈ ലോകകപ്പും ഗോളുകൾക്കും ജയത്തിനും തോൽവിക്കുമപ്പുറം കാഴ്ചക്കാരന്റെ മനം നിറയ്ക്കുന്ന പ്രകടനങ്ങൾ തന്നെയാണ് കാൽപന്തിന് മുതൽക്കൂട്ട്. അതുകൊണ്ട് തന്നെയാവാം പാനമ, ഐസ്ലൻഡ് തുടങ്ങിയ കൊച്ച് രാജ്യങ്ങൾ യോഗ്യത നേടുകയും അതികായന്മാരായ ഇറ്റലി, ഹോളണ്ട് തുടങ്ങിയവർക്ക് അടിതെറ്റുകയും ചെയ്തത്. പ്രവചനങ്ങളെ പൊളിച്ചടക്കി ഫ്ളെക്സുകളെ ഉപയോഗശൂന്യമാക്കി ബ്രസീൽ, അർജന്റീന, സ്പെയിൻ, പോർച്ചുഗൽ അടങ്ങുന്ന ടീമുകൾ മുട്ടുമടക്കിയപ്പോൾ ആതിഥേയരായ റഷ്യയും സ്വീഡനും ജപ്പാനുമെല്ലാം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു. വാനോളം പ്രതീക്ഷയുമായി എത്തിയ ടീമുകൾ പലരും നിരാശരായി മടങ്ങി. മുൻ ചാന്പ്യന്മാരായ ജർമനി പോലും എന്നാൽ ഡിഫൻഡർമാർ ആധിപത്യം സ്ഥാപിച്ച ഈ ലോകകപ്പ് കുഞ്ഞുടീമുകളുടെ പ്രതീക്ഷയ്ക്ക് ഫലം കാണിച്ചു കൊടുത്തു. പല യുവതാരങ്ങളും മികവുറ്റ പരിശീലകരുടെ കീഴിൽ ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്പോഴും മെസി, റൊണാൾഡോ എന്നീ ലോകോത്തര താരങ്ങൾക്ക് ഒരു ലോകകപ്പ് സ്വന്തമാക്കാനാവാതെ മടങ്ങുന്ന കാഴ്ച നിരാശരായി കണ്ടത് അവരുടെ ആരാധകർ മാത്രമല്ല. ലോകമെന്പാടുമുള്ള കായിക പ്രേമികളാണ്.
ക്വാർട്ടർ ഫൈനൽ എത്തുന്പോഴേക്കും വിജയിയെ പ്രഖ്യാപിക്കുന്ന ശീലമുണ്ടേൽ അത് മാറ്റേണ്ടിയിരിക്കുന്നു. അത് ആയിരക്കണക്കിന് പ്രതീക്ഷകളിൽ ഒന്ന് മാത്രമാകുന്നു.