ആലക്കോട് (കണ്ണൂർ): വേദനകളിലും പ്രതിസന്ധികളിലും ആശ്വാസമായി ദൈവം ഒരാളെ അയയ്ക്കുമെന്നു പറയുന്നത് എത്രയോ സത്യമാണ്. എന്റെ കളിക്കൂട്ടുകാരനായ ഫെലിക്സ് ബിനോയിയുടെ ജീവിതത്തിലേക്ക് ദൈവം അയച്ച നന്മയാണ് അഗസ്റ്റിൻ തോമസ് എന്ന ഞങ്ങളുടെ അമൽ.
കണ്ണീരിന്റെ വഴിയിൽ
ആശാൻകവല കീമറ്റത്തിൽ ബിനോയി- ലിസി ദന്പതികളുടെ മൂത്തമകനായി ഫെലിക്സ് ബിനോയി പിറന്നതു ശരീരത്തിന്റെ ഇടതുഭാഗം സ്വാധീനമില്ലാതെ. ഫെലിക്സിന്റെ ചികിത്സയ്ക്കായി ഈ കർഷക കുടുംബം ഉള്ളതെല്ലാം വിറ്റുപെറുക്കി ലക്ഷങ്ങൾ ചെലവഴിച്ചു. അമൃത മെഡിക്കൽ കോളജ്, ബംഗളൂരു റീക്കൂപ്പ് ഹോസ്പിറ്റൽ തുടങ്ങി ഇന്ത്യയിലെ പ്രധാന ആശുപത്രികളിലെല്ലാം ചികിത്സ തേടി. ഏഴു വർഷത്തോളം ഫിസിയോതെറാപ്പി. അങ്ങനെ ആരെങ്കിലും സഹായിച്ചാൽ ഒരു വിധത്തിൽ നടക്കാമെന്നായി.
തുരുന്പി എൽപി സ്കൂളിൽ പഠനം ആരംഭിച്ച ഫെലിക്സിനെ ചേട്ടൻ എടുത്തായിരുന്നു കൊണ്ടുപോയിരുന്നത്. യുപി സ്കൂൾ മുതൽ പഠനം കണിയൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ. പഠനത്തിൽ മിടുക്കനായിരുന്ന ഫെലിക്സ് പത്താം ക്ലാസ് പാസായി. തുടർന്ന് കണിയൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു കോമേഴ്സിന് അഡ്മിഷൻ നേടി. ഫെലിക്സിന്റെ സ്കൂളിലേക്കുള്ള വരവും തിരിച്ചുപോക്കും ഈ സമയത്ത് ഒരു പ്രശ്നമായി മാറി. ഈ സമയത്താണ് ഫെലിക്സിന്റെ ജീവിതത്തിലേക്കു ദൈവദൂതനെപ്പോലെ ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട അഗസ്റ്റിൻ തോമസ് എന്ന അമൽ കടന്നുവന്നത്. ഫെലിക്സും അമലും അയൽവാസികൾ, സമപ്രായക്കാരും കളിക്കൂട്ടുകാരും. അമലും ഫെലിക്സിന്റെ ക്ലാസിൽതന്നെ.
താങ്ങും തണലും അമൽ
കഴിഞ്ഞ രണ്ടുവർഷമായി ഫെലിക്സിന്റെ ഏത് ആവശ്യത്തിനും അമൽ ഒപ്പമുണ്ട്. ഫെലിക്സിനെ രാവിലെ വീട്ടിൽനിന്നു താങ്ങിയെടുത്ത് ആശാൻകവല ബസ് സ്റ്റോപ്പിൽ എത്തിക്കുന്നതും ബസിൽ കയറാൻ സഹായിക്കുന്നതും സ്കൂളിലേക്ക് എടുത്തുകൊണ്ടുപോകുന്നതും തിരിച്ചു വീട്ടിൽ എത്തിക്കുന്നതുമെല്ലാം അമൽ തന്നെ. ഫെലിക്സിനെ പഠനത്തിൽ സഹായിക്കാനും കളികളിൽ ഒപ്പമിരുന്നു കൂട്ടുകൂടാനും അമൽ സമയം കണ്ടെത്തുന്നു. സോഷ്യൽ മീഡിയയിൽ സമയം പാഴാക്കുന്ന യുവതലമുറയ്ക്കു നന്മയുടെ നേർക്കാഴ്ചയാവുകയാണ് അമൽ.
ഫെലിക്സ് നീ നടക്കണം!
ഫെലിക്സ് നടന്നു കാണണമെന്നും സ്വന്തമായി കാര്യങ്ങൾ ചെയ്യുന്ന വിധത്തിലേക്ക് എത്തണമെന്നും ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹം അമലിനാണ്. ഉദാരമതികളോ അധികൃതരോ കനിഞ്ഞ് ഒരു മുച്ചക്ര വാഹനം ലഭ്യമാക്കിയാൽ സ്വന്തമായി സ്കൂളിൽ പോകാനും പഠിക്കാനും സാധിക്കുമെന്നാണ് അമലിന്റെ പ്രതീക്ഷ. ആരെങ്കിലും സഹായവുമായി മുന്നോട്ടുവന്നാൽ വിദഗ്ധ ചികിത്സയും ഫിസിയോതെറാപ്പിയും ഇനിയും നൽകാനാവും. അങ്ങനെവന്നാൽ ഫെലിക്സിന് നടക്കാൻ കഴിയുമെന്ന് അമലിനെപ്പോലെ ഞങ്ങൾക്കും ഉറപ്പുണ്ട്. പ്ലസ്ടു പഠനത്തിനു ശേഷം ബികോമിനു ചേരണമെന്നാണ് ഫെലിക്സിന്റെ ആഗ്രഹം. അതുകഴിഞ്ഞു കന്പനി സെക്രട്ടറി കോഴ്സ് ചെയ്യണമെന്നും.
നല്ല മനസിനു നൂറു മാർക്ക്
കൂട്ടുകാർക്കിടയിലും സ്കൂളിലും അമലാണ് താരം. ഇങ്ങനെ ഒരു കൂട്ടുകാരനെ കിട്ടിയതിൽ ഫെലിക്സിനേക്കാൾ സന്തോഷം ഞങ്ങൾക്കാണ്.
ഫെലിക്സിന്റെ മാതാപിതാക്കളായ ബിനോയി-ലിസി എന്നിവരും സഹോദരങ്ങളായ ഹെൻട്രി, ഫെബിന, ഹെൽന എന്നിവരും അമലിനെ നന്ദിയോടെ ഓർക്കുന്നു. അമലിന്റെ മാതാപിതാക്കളായ കവളക്കാട്ട് തോമസ്-ത്രേസ്യാമ്മ എന്നിവർക്കും അഭിമാനിക്കാം. ലോകം മാതൃകയാക്കുന്ന മകന്റെ നല്ല പ്രവൃത്തി ഓർത്ത്.