കൊച്ചി: വൈപ്പിനു സമീപം മാലിപ്പുറത്തുനിന്നു പത്തു കിലോമീറ്റർ ദൂരമാണ് എറണാകുളം സെന്റ് മേരീസ് കോണ്വന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലേക്ക്. ബസിൽ കഷ്ടിച്ച് അര മണിക്കൂർ യാത്ര. പക്ഷേ, രണ്ടു മണിക്കൂർ കഴിഞ്ഞാലും സ്കൂളിൽ എത്തില്ല. തിരിച്ചു വീട്ടിലേക്കുള്ള യാത്രയും അങ്ങനെതന്നെ.
വൈപ്പിൻ ഭാഗത്തുനിന്നു കൊച്ചിയിലേക്ക് ഈ റൂട്ടിൽ നിരവധി ബസുകളുണ്ട്. എന്നാൽ, അതിൽ കയറിപ്പറ്റണമെങ്കിൽ... ചിന്തിക്കാൻകൂടി വയ്യ! ബസിൽ തിരക്കു കൂടിയിട്ടൊന്നുമല്ല. ബസിൽ കയറ്റാൻ ജീവനക്കാർക്കു മടിയാണെന്നതു തന്നെ കാര്യം.
യൂണിഫോം കണ്ടാൽ
ബസ് സ്റ്റോപ്പിൽ യൂണിഫോമിൽ വിദ്യാർഥികളെ കാണുന്നതുതന്നെ മിക്ക ബസ് ജീവനക്കാർക്കും അലർജിയാണ്. പല ബസുകളും സ്റ്റോപ്പിൽ നിർത്തില്ല. കയറാൻ ചെല്ലുന്പോൾ ഓടിച്ചുപോകും. കയറാൻ സമ്മതിക്കുന്നവരാകട്ടെ ചോദ്യം ചെയ്യലിനും ചീത്തവിളിക്കും ശേഷമാണു വാതിൽ തുറന്നുതരിക.
‘എന്താ നേരത്തേ വന്ന ബസിൽ കയറാതിരുന്നത്, അടുത്ത ബസിൽ കയറിയാൽ പോരേ’ തുടങ്ങിയവയാണു ചോദ്യങ്ങൾ. മുതിർന്ന യാത്രക്കാർ ഉണ്ടെങ്കിൽ അവരെല്ലാം കയറുംവരെ കാത്തുനിൽക്കണം. സീറ്റ് കാലിയാണെങ്കിലും ഇരിക്കാൻ അനുവാദമില്ല. രാവിലെ ഏഴരയോടെ സ്റ്റോപ്പിലെത്തിയാൽ എട്ടിനും എട്ടരയ്ക്കുമൊക്കെയാകും ഏതെങ്കിലും ഒരു ബസിൽ കയറിപ്പറ്റാൻ കഴിയുക. വഴിയിലെ ഗതാഗതക്കുരുക്കുകൂടിയാകുന്പോൾ പറയേണ്ടതില്ല.
ബാക്കി ചോദിച്ചാൽ
സ്കൂൾ സമയം കഴിഞ്ഞും ഇതുതന്നെ അവസ്ഥ. ഞാറയ്ക്കൽ, നായരന്പലം, വല്ലാർപാടം, വൈപ്പിൻ ഭാഗങ്ങളിൽനിന്നു ധാരാളം വിദ്യാർഥികൾ നഗരത്തിലെ വിവിധ സ്കൂളുകളിലെത്തുന്നുണ്ട്. മാലിപ്പുറംവരെ രണ്ടു രൂപയാണു കണ്സഷൻ ചാർജ്. ഇതു ചില്ലറയായിട്ടുതന്നെ നൽകണമെന്നു നിർബന്ധം. നോട്ടായി നൽകിയാൽ ബാക്കി പണം തിരികെ കിട്ടില്ല.
ബാക്കി ചോദിച്ചാൽ ശകാരം വേറെ. ഇതൊക്കെ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതരും മാതാപിതാക്കളും നിരവധി തവണ അധികാരികൾക്കു പരാതി നല്കി. എന്നാൽ, മാറ്റമൊന്നുമുണ്ടാകുന്നില്ല.
ഇതിനെതിരേ നടപടി സ്വീകരിക്കാൻ പോലീസിനും പേടിയാണോ?. എന്തിനും ബഹളം കൂട്ടുന്ന വിദ്യാർഥിസംഘടനാ ചേട്ടൻമാരെയൊന്നും ഈ വഴി കാണാനേയില്ല!