എല്ലാം നഷ്ടമായവർക്ക് ആശ്വാസം നല്കാൻ ഞങ്ങളൊരുക്കിയ സ്നേഹക്കൂട്ട് നാട്ടിൽ വലിയൊരു വാർത്തയായി. നാട്ടകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രിന്റിംഗ് ടെക്നോളജി, ഡയറി ടെക്നോളജി വിഭാഗത്തിലേയും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർഥികളായ ഞങ്ങൾ ഒട്ടേറെ സാധനങ്ങളുണ്ടാക്കി.
എംസി റോഡിൽ മറിയപ്പള്ളി ജംഗ്ഷൻ, നാട്ടകം കോളജ് ജംഗ്ഷൻ, സ്കൂൾ എന്നിവിടങ്ങളിൽ താത്കാലിക സ്റ്റാളുകൾ തുറന്നു. വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കി.
പേപ്പർപേന, പേപ്പർബാഗ്, തുണിസഞ്ചി, നോട്ട്ബുക്കുകൾ തുടങ്ങിയവ പ്രിന്റിംഗ് ടെക്നോളജി വിഭാഗവും പാലിൽനിന്നു നിർമിച്ച 15 വിഭവങ്ങൾ ഡെയറി വിഭാഗവും അധ്യാപകരുടെ സഹകരണത്തോടെയാണു തയാറാക്കിയത്. വെള്ളരിയുടേയും വെണ്ടയുടേയും വിത്തുകൾ ചേർത്തു നിർമിച്ച പേപ്പർപേനകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. പ്രിൻസിപ്പൽ സജൻ എസ്. നായരുടെ മേൽനോട്ടവും കുട്ടികൾക്ക് സഹായകരമായി. പ്രളയശേഷം പെരുന്പാവൂരിൽ നടത്തിയ എക്സിബിഷനിൽ ഞങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും സംസ്ഥാനതല എക്സിബിഷന് സെലക്ഷൻ ലഭിക്കുകയും ചെയ്തു.