ആലക്കോട്: ‘ഞങ്ങളുടെ നന്മയാണ് അമലും ഫെലിക്സും’ എന്ന വാർത്ത ഫെലിക്സിന് കൊണ്ടുവന്നത് ക്രിസ്മസ് സമ്മാനം. ഫെലിക്സിന് സഹായഹസ്തവും അമലിന് അഭിനന്ദനവുമായി തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടും എകെസിസി തലശേരി അതിരൂപത സമിതിയും രംഗത്തെത്തി.
ജന്മനാ തലച്ചോറിന് ക്ഷതം സംഭവിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ ഒരുഭാഗം തളർന്ന് നടക്കാൻ പോലും വിഷമിക്കുന്ന ഫെലിക്സിന്റെ ദുരിതജീവിതവും ഫെല്കിസിന് താങ്ങും തണലുമായി ഒപ്പംനിൽക്കുന്ന സഹപാഠി അമലിന്റെ സുമനസും ദീപികയുടെ സ്റ്റുഡന്റ് റിപ്പോർട്ടർ ആൻമേരി കുര്യൻ ഓരത്തേൽ 14ന് ശിശുദിനത്തിലാണ് പുറംലോകത്തെ അറിയിച്ചത്. ഫെലിക്സിന് സ്നേഹസമ്മാനമായി മുച്ചക്ര വാഹനം നൽകുമെന്ന് ഇന്നലെ ചേർന്ന എകെസിസി അതിരൂപത എക്സിക്യൂട്ടീവ് യോഗത്തിൽ ആർച്ച്ബിഷപ് അറിയിച്ചു. പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഫെലിക്സിന് ക്രിസ്മസ് സമ്മാനമായാണ് വാഹനം നൽകുക. ഒരാഴ്ചയ്ക്കുള്ളിൽ ഫെലിക്സിന് വാഹനം കൈമാറാനാണ് എകെസിസി തീരുമാനം.
കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന എകെസിസിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും അമലിന്റെ നന്മയുള്ള മനസും ജീവിതത്തോട് പൊരുതുന്ന ഫെലിക്സിന്റെ ദുരിതജീവിതവും തുറന്നുകാണിച്ച ദീപികയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
യോഗത്തിൽ എകെസിസി അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് മേച്ചിറാകത്ത്, അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല, ദേശീയ ജനറൽ സെക്രട്ടറി ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ചാക്കോച്ചൻ കാരാമയിൽ, ബേബി നെട്ടനാനിയിൽ, ബെന്നി പുതിയാംപുറം, പിയൂസ് പറയിടം, കുഞ്ഞമ്മ തോമസ് തോണിക്കുഴിയിൽ, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ജോസഫ് പുള്ളോലിക്കൽ, വർഗീസ് പള്ളിച്ചിറ, ഡേവീസ് പാലങ്ങാടൻ എന്നിവർ പ്രസംഗിച്ചു.