കോഴിക്കോട്: എന്റെ സ്കൂളിലെ എന്റെ സമപ്രായക്കാരിൽ ഞാൻ നടത്തിയ പഠനത്തെക്കുറിച്ചാണ് ഈ റിപ്പോർട്ട്. ‘ഹൊ, രണ്ടുമൂന്നു വർഷം കഴിഞ്ഞാൽ കല്യാണമാകുമല്ലോ, അപ്പോൾ പിന്നെ പഠിച്ചുപഠിച്ച് തലപുണ്ണാക്കേണ്ടല്ലോ, അത്യാവശ്യം പഠിപ്പു മതി’ -പ്ലസ്ടുക്കാരായ ഒട്ടനവധി പെൺകുട്ടികളുടെ വർത്തമാനമാണിത്.
സാന്പത്തിക ചുറ്റുപാടും വീട്ടുകാരുടെ അമിത ലാളനയും അതിരുവിടുന്ന സൗന്ദര്യഭ്രമവും കൂടിച്ചേർന്ന് ഇവരെ അലസരാക്കി മാറ്റുകയാണോ?
അവൾ പഠിക്കേണ്ടതില്ലേ..?
സ്ത്രീയെന്നാൽ കേവലം വിവാഹ ജീവിതത്തിലേക്കു മാത്രം ഒതുക്കപ്പെടേണ്ടവളല്ല. ചട്ടക്കൂടുകൾക്കുള്ളിൽ അടയ്ക്കപ്പെടേണ്ടവളുമല്ല. പൊതു സന്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ പുരുഷനൊപ്പം സ്ത്രീയും തുല്യപങ്കാളികളാകണം. എന്നാൽ, ഇപ്പോഴത്തെ പെൺകുട്ടികളിൽ ഒരു വിഭാഗത്തെ മാറ്റിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്?. പഠനത്തെ ഗൗരവമായി കാണേണ്ടതില്ലെന്ന മനോഭാവം ആരാണ് ഇവർക്കു പങ്കുവച്ചു കൊടുക്കുന്നത്? പെൺകൂട്ടായ്മകളുടെയും കേരള സാമൂഹികനീതി വകുപ്പിന്റെയും നേതൃത്വത്തിൽ ഒരു പഠനം നടത്തി പോംവഴികൾ കണ്ടെത്തുമെന്ന് ഞങ്ങൾ കൗമാരക്കാർ പ്രതീക്ഷിക്കുന്നു.