ആലക്കോട്(കണ്ണൂർ): ദീപിക സ്റ്റുഡന്റ് റിപ്പോർട്ടറുടെ വാർത്ത ഫെലിക്സിന് തുണയായി. ദുരിതപൂർണമായിരുന്ന സ്കൂൾ യാത്രയിലിനി അവനു മുച്ചക്ര സ്കൂട്ടറിന്റെ തുണയുണ്ടാകും. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ക്രിസ്മസ് സമ്മാനമായാണ് മുച്ചക്ര സ്കൂട്ടർ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഇന്നലെ ഫെലിക്സ് ബിനോയിക്ക് കൈമാറിയത്. ആലക്കോട് സെന്റ് മേരീസ് ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. ആശാൻകവലയിലെ കീമറ്റത്തിൽ ബിനോയി-ലിസി ദമ്പതികളുടെ മകനാണു ഫെലിക്സ്.
കണിയൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫെലിക്സിന്റെയും സഹപാഠിയെ എടുത്തുകൊണ്ട് സ്കൂളിലേക്ക് പോകുന്ന ഉറ്റസുഹൃത്തും അയൽവാസിയുമായ അഗസ്റ്റിൻ തോമസ് എന്ന അമലിന്റെയും അത്യപൂർവ സ്നേഹബന്ധത്തിന്റെ കഥ നവംബർ 14ന് ശിശുദിനത്തിൽ ‘ദീപിക സ്റ്റുഡന്റ് റിപ്പോർട്ടർ’ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ആൻ മേരി കുര്യൻ ഓരത്തേലാണ് ലോകത്തെ അറിയിച്ചത്.
‘ഞങ്ങളുടെ നന്മയാണ് അമലും ഫെലിക്സും!’ എന്ന തലക്കെട്ടിൽ ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട എകെസിസി അതിരൂപത കമ്മിറ്റി ഫെലിക്സിന്റെ ദുരിതം ചർച്ചചെയ്യുകയും മുച്ചക്ര സ്കൂട്ടർ നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ നിർദേശങ്ങളും പ്രവർത്തകർക്ക് പ്രചോദനമായി. 80,000 രൂപ ചെലവഴിച്ചാണ് മുച്ചക്ര സ്കൂട്ടർ നൽകിയത്. വാഹനത്തിന്റെ ആശീർവാദകർമവും ആർച്ച്ബിഷപ് നിർവഹിച്ചു. ചടങ്ങിൽ ഫെലിക്സിന് താങ്ങുംതണലുമായി പ്രവർത്തിക്കുന്ന അമലിനെയും ഫെലിക്സിന്റെ സാഹചര്യങ്ങൾ ലോകത്തെ അറിയിച്ച സ്റ്റുഡന്റ് റിപ്പോർട്ടർ ആൻ മേരി കുര്യനെയും ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
ചടങ്ങിൽ എകെസിസി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് മേച്ചിറാകത്ത്, ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, തോമസ് മാണി, ഡേവിസ് ആലങ്ങാടൻ, കുഞ്ഞമ്മ തോമസ്, ജോയി പൂവത്തുങ്കൽ, തോമസ് ഒഴുകയിൽ, ജോർജ് വില്ലന്താനം, ഫിലിപ്പ് വെളിയത്ത്, ബിനോയി തോമസ്, ജോർജ് വടകര എന്നിവർ പ്രസംഗിച്ചു.
ശരീരത്തിന്റെ ഇടതുഭാഗം സ്വാധീനമില്ലാതെ പിറന്ന ഫെലിക്സിനെ ഉള്ളതെല്ലാം വിറ്റാണ് അവന്റെ കുടുംബം ചികിത്സിച്ചത്. ഏഴു വർഷം തുടർച്ചയായി നടത്തിയ ഫിസിയോതെറാപ്പിയിലൂടെ പരസഹായത്താൽ ഒരുവിധം നടക്കാമെന്നായി. മികച്ച നിലയിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ഫെലിക്സിന് തുടർപഠനത്തിന് സ്കൂളിലേക്കുള്ള യാത്ര പ്രശ്നമായതോടെ ദൈവദൂതനെപ്പോലെ സഹപാഠിയും കളിക്കൂട്ടുകാരനുമായ അമൽ കടന്നുവരികയായിരുന്നു.