പ്രളയദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും നിഴലിക്കുന്നുണ്ട് എന്റെ സ്കൂൾ മുറ്റത്ത്. പ്രളയത്തിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകിയപ്പോൾ താഴ്ന്ന പ്രദേശത്തുള്ള ഞങ്ങളുടെ കായനാട് ഗവ. എൽപി സ്കൂളും മുങ്ങി. മൂവാറ്റുപുഴ നഗരത്തിൽനിന്ന് ഒന്പതു കിലോമീറ്റർ അകലെ മാറാടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ഒന്നാം വാർഡിലാണ് കായനാട്. സ്കൂളിന്റെ മുൻവശം പാടവും പുറകുവശം പുഴയുമാണ്.
പ്രളയജലം കുത്തിയൊഴുകി എത്തിയപ്പോൾ പിടിച്ചുനിൽക്കാൻ ഞങ്ങളുടെ സ്കൂളിനും കഴിഞ്ഞില്ല. നാലു ദിവസമാണു സ്കൂളിൽ വെള്ളം കെട്ടിനിന്നത്. ലൈബ്രറിയിലെ പുസ്തകങ്ങൾ നശിച്ചു. സ്കൂൾ ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. പച്ചക്കറിത്തോട്ടം, ഔഷധോദ്യാനം, പാർക്ക് എന്നിവയൊക്കെ ഉണ്ടായിരുന്നു. എല്ലാം പ്രളയം കവർന്നു.
പഞ്ചായത്ത് എൻജിനിയർ സ്കൂൾ പ്രവർത്തനയോഗ്യമല്ല എന്ന സർട്ടിഫിക്കറ്റ് നല്കുകകൂടി ചെയ്തതോടെ ഞങ്ങൾ തീരാസങ്കടത്തിലായി. എന്നാൽ, അധ്യാപകരും പിടിഎയും നാട്ടുകാരും കൈകോർത്ത് ഇതിനു പരിഹാരം കണ്ടെത്തി. സെപ്റ്റംബർ അഞ്ചു മുതൽ കായനാട് യാക്കോബായ പള്ളിയുടെ സണ്ഡേ സ്കൂൾ കെട്ടിടത്തിലേക്കു സ്കൂളിന്റെ പ്രവർത്തനം മാറ്റി. എത്രനാൾ ഇവിടെ പഠിക്കേണ്ടിവരുമെന്നറിയില്ല. എത്ര നാളായാലും പ്രശ്നമില്ല. എങ്കിലും ഞങ്ങളുടെ സ്കൂളിലേക്ക് തിരിച്ചുപോകണമെന്നുണ്ട്. സ്കൂളിന്റെ മുറ്റത്ത് ഓടിക്കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പഴയ ക്ലാസ്മുറിയിലിരുന്നു പഠിക്കാനും...
1950ലാണ് സ്കൂൾ സ്ഥാപിതമായത്. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഞങ്ങൾ 30 കുട്ടികൾക്കു വഴികാട്ടിയായി അഞ്ച് അധ്യാപകരും രണ്ട് അനധ്യാപകരുമുണ്ട്. 2017-18ലെ കലാ-ശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ അഭിമാനിക്കത്തക്ക നേട്ടങ്ങൾ ഞങ്ങൾ കൈവരിച്ചു. ഞങ്ങളുടെ സ്കൂൾ പഴയ പ്രതാപത്തിലേക്കു തിരിച്ചു വരുന്നതു കാത്തിരിക്കുകയാണ് ഞങ്ങൾ. ഒരു വട്ടം കൂടി ഈ സ്കൂൾ മുറ്റത്തേക്കു തിരിച്ചു കയറണമെന്ന് ആഗ്രഹമുണ്ട്...