തിരുവനന്തപുരം: തോടും പുഴയും കടന്നു സ്കൂളിൽ പോയി പഠിച്ചിരുന്ന കാലത്തെക്കുറിച്ച് അച്ഛനും അമ്മയും പറഞ്ഞാണ് ഞങ്ങൾ കേട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ചെളിയിൽ കുളിച്ചു സ്കൂളിൽ പോകുന്നത് എങ്ങനെയാണെന്ന് ആരും പറഞ്ഞു കേൾക്കേണ്ടതില്ല. ഞങ്ങൾ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
20 വർഷം
നെട്ടയം മാന്പഴക്കുന്ന് ചെറുപാലോട് റസിഡന്റ്സ് അസോസിയേഷനിലെ കുട്ടികളുടെ ദുരിതയാത്രയെ ഇനിയും അധികാരികൾ കണ്ടില്ലെന്നു നടിക്കരുത്. ഇരുപതു വർഷത്തിലേറെയായി പ്രദേശത്തുകാർ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട്. തിരുവനന്തപുരം നഗരസഭ പരിധിയിൽ വരുന്ന നെട്ടയം വാർഡിലെ 300 മീറ്റർ റോഡ് ടാർ ചെയ്യാൻ അധികൃതർക്കു കാശില്ലേയെന്നു ഞങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ട്. പന്നിക്കുഴി ദേവീക്ഷേത്രം വരെ ടാറിംഗ് നടന്നപ്പോഴും ഈ വഴിയെ അവഗണിച്ചു. ഇരുപതോളം കുടുംബങ്ങളാണു ചെറുപാലോട് റസിഡന്റ്സ് അസോസിയേഷനിൽ താമസിക്കുന്നത്.
ഒാട്ടോ വരില്ല!
ചെറിയൊരു മഴ പെയ്താൽ പ്രദേശം ചെളിയിൽ പുതയും. വഴി ശരിയല്ല എന്ന കാരണം പറഞ്ഞു സ്കൂൾ ബസോ ഓട്ടോയോ ഈ വഴി വരില്ല. എന്നാൽ, ബൈക്കിൽ പോകാമെന്നു കരുതിയാൽ തീക്കളിയാണ്. റോഡിന്റെ ഒരു വശത്തേക്കു ചരിവായതിനാൽ ബൈക്കുകൾ തെന്നുന്നതും അപകടവും ഇവിടെ പതിവ്. മഴയത്ത് ഈ വഴിയിലൂടെ നടന്നു സ്കൂളിലെത്തുന്പോഴേക്കും കുട്ടികളുടെ പാന്റ്സിലും ഷൂസിലും എല്ലാം ചെളിയാകും. യൂണിഫോമിൽ ചെളിയുമായി ചെല്ലുന്നതിനു വഴക്കു കേൾക്കുന്നതും പതിവ്. മുതിർന്നവരുടെ കാര്യവും ഗതികേടു തന്നെ. ഒാടിച്ചുപോകാൻ പറ്റാത്തതിനാൽ ടൂവീലർ ഈ ഭാഗത്തുകൂടി ഉരുട്ടിക്കൊണ്ടാണ് പലരും പോകുന്നത്. റോഡ് ടാറിടണം എന്ന ആവശ്യവുമായി വാർഡ് കൗൺസിലറെ പലവട്ടം സമീപിച്ചു. ടെൻഡർ നടപടിയായിട്ടുണ്ട് എന്ന മറുപടി തുടരുകയാണെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു, കുട്ടികളെ ഒാർത്തെങ്കിലും ഈ വഴി ഒന്നു നന്നാക്കിക്കൂടേ?