ഹണിട്രാപ്പിലൂടെ ക്രൂരകൃത്യങ്ങൾ; കൂടുതൽ പേര് ഇരകളെന്ന് സൂചന
Monday, September 15, 2025 2:36 PM IST
കോഴഞ്ചേരി: കോയിപ്രം ഹണിട്രാപ്പ് കേസിൽ കൂടുതൽ പേര് ക്രൂരമര്‍ദനത്തിനിരയായെന്ന് സൂചന. രശ്മിയുടെ ഫോണിൽ നിന്ന് അഞ്ചു വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുത്തു. ജയേഷിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡര്‍ തുറക്കാൻ ശ്രമം തുടരുകയാണ്.
കോയിപ്രം കുറവന്‍കുഴി ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളുടെ സ്വഭാവ രീതികള്‍ ദുരൂഹമാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അതിക്രൂര മര്‍ദനത്തിന് ഇരയായ റാന്നി സ്വദേശി പോലീസിനു നല്കിയ മൊഴി വിശ്വാസത്തിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
സൈക്കോപാത്ത് മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. പുല്ലാട് കുറവന്‍കുഴി ആന്താലിമണ്ണ് സ്വദേശികളായ ജയേഷ് രാജപ്പന് (30), ഭാര്യ രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലായ ഇരുവരെയും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
റാന്നി സ്വദേശിയായ 29 വയസുകാരനു നേരിട്ട ക്രൂരമര്‍ദനത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനിടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശി 19 വയസുകാരനും മര്‍ദനമേറ്റെന്ന വിവരം ലഭിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
പോലീസ് തയറാക്കിയ എഫ്ഐആറില്‍ ക്രൂര കൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. തിരുവോണ ദിവസം കുറവന്കുഴയിലെ വീട്ടിലെത്തിയ റാന്നി സ്വദേശിയായ യുവാവിനെ കൂടുതല്‍ പീഡിപ്പിച്ചത് രശ്മിയാണെന്നും ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍പിന്‍ അടിച്ചതായും കണ്ടെത്തി.
നഖത്തില്‍ മുട്ടുസൂചി തറച്ചും കമ്പികൊണ്ട് തുടരെ അടിച്ചും ഇതിനിടെ മുറിവില്‍ മുളക് സ്പ്രേ ചെയ്തും പീഡിപ്പിച്ചു. ദേഹമാസകലം ഗുരുതര പരിക്കുകളാണുള്ളത്. മര്‍ദനത്തില്‍ ആലപ്പുഴ സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നട്ടെല്ലിന് പൊട്ടലുണ്ട്. വാരിയെല്ലിന് പൊട്ടലുണ്ട്. കെട്ടിത്തൂക്കിയിട്ടാണ് മര്‍ദിച്ചത്. മുന്‍ വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല.
തിരുവോണ ദിവസം വീട്ടിലേക്ക് പോയത് പരിചയത്തിന്റെ പുറത്താണെന്നാണ് യുവാവ് പറയുന്നത്. ജയേഷിന്റെ കൂടെ ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. രശ്മിയുമായി അടുത്ത പരിചയത്തിലുമായിരുന്നു യുവാവ്.
രശ്മിയുമായി യുവാക്കള്‍ക്ക് ബന്ധമുണ്ടെന്ന സംശയമാണ് ജയേഷിനെ ഇത്തരത്തില്‍ കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ചതാണെന്ന് പ്രാഥമിക നിഗമനം. യുവാക്കളും രശ്മിയും തമ്മിലുള്ള അശ്ലീല ചാറ്റുകള്‍ ജയേഷ് കണ്ടെടുത്തിരുന്നുവത്രേ.
ദുരൂഹതകള്‍ ബാക്കി
അയല്‍ക്കാരുമായി ബന്ധമില്ലാതെയാണ് ജയേഷും ഭാര്യ രശ്മിയും താമസിച്ചിരുന്നത്. പല ദിവസങ്ങളിലും ആഭിചാരക്രിയകള്‍ നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സൈക്കോ മനോനിലയുള്ള ദമ്പതികളാണ് ഇവരെന്നും ഇവരുടെ ജീവിതശൈലിയിലടക്കം അടിമുടി ദുരൂഹതയുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
അതിക്രൂരമായ മര്‍ദനങ്ങളൊന്നും തൊട്ട് അയല്പക്കത്തെ വീട്ടുകാര്‍പോലും അറിഞ്ഞില്ല. ഇവരുടെ വീട്ടില്‍ നിന്ന് യുവാക്കളെ മര്‍ദിക്കാന്‍ ഉപയോഗിച്ച പ്ലെയര്‍ അടക്കമുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
പരിചയം മുതലെടുത്ത്
ജയേഷ് ഇടയ്ക്ക് ബെംഗളൂരുവിലും മൈസൂരുവിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. മര്‍ദനത്തിനിരയായ റാന്നി സ്വദേശിയായ യുവാവും ജയേഷും ഒന്നിച്ചു ജോലി ചെയ്തിട്ടുണ്ട്. റാന്നി സ്വദേശിയുടെ ബന്ധുവാണ് മര്‍ദത്തിനിരയായ ആലപ്പുഴ സ്വദേശി. രണ്ടുപേര്‍ക്കും രശ്മിയുമായി ഫോണ്‍ വഴി പരിചയമുണ്ട്. ഹണി ട്രാപ്പ് മോഡലില്‍ യുവാക്കളെ കുരുക്കാന്‍ വേണ്ടി രശ്മിയുമായി ഫോണ്‍ വഴി ബന്ധമുണ്ടാക്കി കെണിയൊരുക്കിയതായിരിക്കാമെന്നാണു പോലീസ് പറയുന്നത്.
നേരിട്ടത് കൊടിയ മര്‍ദനമാണെന്നാണ് റാന്നി സ്വദേശിയായ യുവാവ് വെളിപ്പെടുത്തിയത്. റാന്നി സ്വദേശിയെ തിരുവോണ ദിവസംവീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ തന്നെ സംശയങ്ങള്‍ തോന്നിയിരുന്നുവെന്ന് യുവാവ് പറഞ്ഞു.
കഴുത്തില്‍ കത്തിവച്ച ശേഷം വിവസ്ത്രനാക്കി ഭാര്യക്കൊപ്പം കട്ടില് കിടക്കാന്‍ ജയേഷ് ഭീഷണിപ്പെടുത്തി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിക്കാന്‍ പറഞ്ഞു. അതിനുശേഷം ഉത്തരത്തില്‍ കെട്ടിത്തൂക്കി മര്‍ദിച്ചുവെന്നും മനോനില തെറ്റിയവരെപോലെയാണ് പെരുമാറിയിരുന്നതെന്നും റാന്നി സ്വദേശി പറഞ്ഞു. ആഭിചാരക്രിയകളൊക്കെ നടത്തിയായിരുന്നു മര്‍ദനമെന്നും റാന്നി സ്വദേശി പറഞ്ഞു.
അന്വേഷണത്തിനു പ്രത്യേകസംഘം
കോയിപ്രത്തെ മര്‍ദനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ ചുമതലയിലാണ് സംഘം പ്രവര്‍ത്തിക്കുക. കോയിപ്രം എസ്ഐ വിഷ്ണുവാണ് നിലവില്‍ കേസ് അന്വേഷിച്ചത്.
പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂമാന്‍, എസഐ മാരായ വിഷ്ണു, ഹരീന്ദ്രന്‍, എഎസ്ഐ മിനി, എസ്സിപിഒമാരായ താജുദീന്, പ്രദീപ്, ശിവപ്രസാദ്, ബിനു, ഉമേഷ്, സിപിഒമാരായ വിഷ്ണു, ആദര്‍ശ്, ഗോകുല്‍, വിഷ്ണു, കോയിപ്രം പോലീസ് സ്റ്റേഷനിലെ സിപിഒ വീണ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസില്‍ വിശദമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.