Kerala
കൊല്ലം: വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. കൊല്ലം പരവൂർ പുത്തൻകുളത്തുണ്ടായ സംഭവത്തിൽ പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും വീടിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
NRI
ലിൻസ്: മലയാളി വൈദിക വിദ്യാര്‍ഥി ഓസ്ട്രിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. പെരുമ്പല്ലൂര്‍ പൊതൂര്‍ ഷാജന് മാത്യു - റെജി ദമ്പതികളുടെ ഏക മകന് ബ്രദര്‍ മാത്യൂസ് പൊതൂര്‍ (33) ആണ് ലിന്‍സില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ കാര്‍ അപകടത്തില്‍ മരിച്ചത്.
ജര്‍മനിയിലെ ഫ്രൈബുർഗ് രൂപതയിൽ വൈദികപഠനത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. വൈദിക പരീശീലനത്തിന്റെ ഭാഗിമായി ഓസ്ട്രിയിലെ ലിന്‍സിലെ ദൈവാലയത്തില്‍ പിആര്‍ഒയായി ശുശ്രൂഷ ചെയ്തുവരികെയായിരുന്നു അപകടം.
മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് റെജി കാലടി ചേരാനല്ലൂര്‍ ചിറ്റൂപറമ്പില്‍ കുടുംബാംഗം
Kerala
തൃശൂർ: കുന്നംകുളത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ് അഞ്ചു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. റിയ ഫാത്തിമ (18), തങ്കമണി എന്നിവരാണു മരിച്ചത്. പരിക്കേറ്റ 12 പേരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പിന്നീട് തൃശൂർ അമല ആശുപത്രിയിലേക്കും എറണാകുളം അപ്പോളോ ആശുപത്രിയിലേക്കും മാറ്റി. കോഴിക്കോട്ടുനിന്ന് കുന്നംകുളം ഭാഗത്തേക്കു വന്ന സ്വകാര്യ ബസ് ആണ് ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെ പറയന്പാടത്ത് നിയന്ത്രണം വിട്ട് ഇടിച്ചത്.
അമിത വേഗതയിലായിരുന്ന ബസ്, ബൈക്കും കാറും ഉൾപ്പെടെ നാലു വാഹനത്തിൽ ഇടിച്ചു. വീടിന്റെ മതിൽ ഇടിച്ചു തകർത്താണു ബസ് നിന്നത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കുന്നംകുളം നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണു ബസ് ചീറിപ്പാഞ്ഞ് എത്തിയത്. കുന്നംകുളം- കോഴിക്കോട് റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ വൻ ആശങ്കയ്ക്കാണു വഴിവയ്ക്കുന്നത്.
Kerala
ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദിവ്യ (29), നവ്യ (26) എന്നിവരെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അജിൻ (36) പീരുമേട് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടുക്കി ഏലപ്പാറക്ക് സമീപം മലയോര ഹൈവേയിൽ നാലാം മൈലിലാണ് അപകടം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
District News
പത്തനംതിട്ട: ആറന്മുളയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു മടങ്ങിയ അബിൻ വർക്കി എംഎൽഎയ്ക്കു വാഹനാപകടത്തിൽ പരിക്ക്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റ അബിൻ വർക്കിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് ഒടിവുണ്ട്. തലയിൽ മുഴ രൂപപ്പെട്ടതോടെ സിടി സ്കാനിംഗിന് വിധേയനാക്കി.
ചൊവ്വാഴ്ച രാത്രി 11.45ന് പുത്തൻപീടിക ഷട്ടർമുക്ക് ജംഗ്ഷനിലായിരുന്നു അപകടം. എംഎൽഎയുടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും എതിരേവന്ന കാറിലുണ്ടായിരുന്ന അതുമ്പുംകുളം സ്വദേശി സജിക്കും നിസാര പരിക്കേറ്റു.
Kerala
മലപ്പുറം: എടവണ്ണപ്പാറയിൽ സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.
എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ രാത്രി ഒമ്പതരയോടെ പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുഫൈദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർനടപടികളുടെ ഭാഗമായി ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
District News
കുണ്ടറ: നെടുമ്പായിക്കുളത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി ഏഴോടെ കൂടി നെടുമ്പായികുളം ആര്‍ഒബിക്ക് മുന്നിലായിരുന്നു അപകടം.
കുണ്ടറ ഭാഗത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ തെന്നി മാറി സൈഡില്‍ നിന്നു. അപകടത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ പറ്റിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
District News
വടക്കാഞ്ചേരി: ആംബുലൻസിന് കുറുകേ പുള്ളിമാൻ ചാടി അപകടം. വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിൽ ആറ്റൂരിൽവച്ച് ഇന്നലെ പുലർച്ചെയാണ് അപകടം. മണ്ണാർക്കാടുനിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ അഘാതത്തിൽ മാനിന് ഗുരുതര പരിക്കേറ്റു. ആറ്റൂരിലെ പിആർടി അംഗം സുരേഷ് വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതരെത്തി മാനിനെ കൊണ്ടുപോയി.
National
ലക്നോ: ക്രിക്കറ്റ് കളിക്കുന്നതിനിടെ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ ഭവനസമുച്ചയ നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായ സംഭവത്തിൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നു. 15 അടി താഴ്ചയുള്ള കുഴിയിൽ മഴവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ തെരച്ചിലിലാണ് വെള്ളക്കെട്ടിൽ വീണതായി കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ സ്ഥലത്ത് യാതൊരുവിധ സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
NRI
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.
അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.
വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കിളിമാനൂർ-പാപ്പാല പെട്രോൾ പമ്പിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരുടെ നില അതീവ ഗുരുതരമാണെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കളിപ്പാട്ടങ്ങളുമായി വരികയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
എസ്എൻ പുരം: ചാനൽ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ ശ്രീനാരായണപുരം അഞ്ചാംപരുത്തി പനങ്ങാട് കള്ളുഷാപ്പിന് പടിഞ്ഞാറ് കാട്ടുപറമ്പിൽ കബീറിന്റെ മകൻ മുഹമ്മദ് റംസാൻ (14) ആണ് മരിച്ചത്. ദേശീയപാതയിൽ എസ്.എൻ.പുരം പൊരിബസാറിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നിയന്ത്രണം വിട്ട ഇന്നോവ കാർ സ്കൂട്ടറിലിടിച്ചായിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരനായ കാട്ടുപറമ്പിൽ കബീർ (56) അന്നുതന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകൻ മുഹമ്മദ് റംസാന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാതാവ്: റഷീദ. സഹോദരങ്ങൾ: റിക്സ്വാന, റിസ്വാന.
Kerala
കോട്ടയം: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വയോധികൻ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്. മുക്കൂട്ടുതറ ഇടകടത്തിയിലുണ്ടായ സംഭവത്തിൽ വാന്തിയിൽ വർക്കി (85), പുറ്റുമണ്ണിൽ ജോസ്, ജോസിന്റെ മകന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.
പള്ളിയിൽ കുർബാന കഴിഞ്ഞ് മൂവരും വീട്ടിലേക്ക് മടങ്ങാനായി പള്ളിമുറ്റത്ത് നിന്ന് റോഡിലേക്ക് കാറിൽ പ്രവേശിക്കുമ്പോഴാണ് നിയന്ത്രണം തെറ്റിയത്. തുടർന്ന് റോഡരികിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.
District News
തിരുവല്ല: ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. സഹയാത്രികന് ഗുരുതരമായ പരിക്കേറ്റു. ഇന്നലെ രാത്രി 8.30ന് എംസി റോഡിൽ മുത്തൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം.
തിരുവല്ല മന്നംകരച്ചിറ ചാലക്കുഴി കൊച്ചാം പറമ്പിൽ തോമസ് ജോർജ് (ജോസ്-53) ആണ് മരിച്ചത്. ഇയാൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മുത്തൂർ മന്നത്ത് വടക്കേതിൽ സന്തോഷ് (34) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മുത്തൂറ്റിൽനിന്നു തിരുവല്ല ടൗണിലേക്ക് വരികയായിരുന്ന സ്കൂട്ടറും തിരുവല്ലയിൽനിന്ന് ചങ്ങനാശേരിയിലേക്കുപോയ ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ജോസ് മരിച്ചു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ റ്റിജി. മക്കൾ: മരിയ തോമസ് (ആലപ്പുഴ മെഡിക്കൽ കോളേജ് നേഴ്സിംഗ് വിദ്യാർഥിനി ), സാറാ തോമസ് (എംജിഎം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി).
District News
പള്ളിക്കുന്ന്: മിനി ഗുഡ്സ് വാനിൽ ലോറിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം അഞ്ചോടെ ശ്രീപുരം സ്കൂളിന് സമീപമായിരുന്നു അപകടം. ഗുഡ്സ് വാൻ ഡ്രൈവർ മലപ്പുറം കൊണ്ടോട്ടി സ്വദേശി അമീൻ മുബഷീറിന് പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻ ഭാഗം ഭാഗികമായി തകർന്നു. വാഹനത്തിന്റെ സ്റ്റിയറിംഗിൽ കുടുങ്ങിയ മുബഷീറിനെ ഫയർ ഫോഴ്സ് സംഘം എത്തിയതാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ. രാജീവൻ, ജിബി ഫിലിപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത സ്ഥലത്ത് രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിലാണ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. മന്ത്രിമാരായ ടി.സിദ്ദിഖും എ.പി. അനിൽകുമാറും സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി ബുധനാഴ്ച ദുരന്ത സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം നാടിനെ നടുക്കിയ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു.
മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പതു പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡിഐജി കെ. കാർത്തിക്കിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. യോഗത്തിന് ശേഷം നേതാക്കൾ ആശുപത്രിയിലെ വാർഡുകളിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. കാണാതായവർക്കായുള്ള തെരച്ചിലിനായി കൂടുതൽ സന്നാഹങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
NRI
അലബാമ: വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുഎസ് ഗുസ്തി താരം അലക്സാൻഡ്രിയ ഹൈസ്കൂളിലെ വിദ്യാർഥിയുമായ റയാൻ ലാംബെർട്ട് (16) മരിച്ചു.
തുടർച്ചയായി രണ്ട് തവണ അലബാമ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പ് നേടിയ താരമാണ് റയാൻ ലാംബെർട്ട്. കായികരംഗത്ത് വലിയ പ്രതിഭയായി വളർന്നു വരവെയാണ് റയാനെ മരണം കവർന്നത്.
യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അലബാമയിലെ കായിക സമൂഹവും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.
District News
അരൂര്‍: മോഷ്ടിച്ച ബൈക്കുമായി സുഹൃത്തുക്കളെ കാണാന്‍ പോയ കൗമാരക്കാരന് അപകടത്തില്‍ പരിക്കേറ്റു. എഴുപുന്ന സ്വദേശിയായ 17കാരനാണ് കാലിന് പരിക്കേറ്റത്.
അരൂര്‍ അരൂക്കുറ്റി റോഡില്‍ വട്ടക്കേരി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന് സമീപത്തെ വളവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയിരുന്നു സംഭവം. നിയന്ത്രണംവിട്ട ബൈക്ക് കിഴക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഇരുമ്പ് ഷീറ്റുകൊണ്ടുള്ള മതില് തകര്‍ത്താണ് നിന്നത്. മോഷണം സംബന്ധിച്ച് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല.
മതില് നന്നാക്കണമെന്നാവശ്യപ്പെട്ട് കരയോഗം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്കി. അപകടത്തില്‍ തകര്‍ന്ന ബൈക്ക് നന്നാക്കി നല്‍കണമെന്ന് ഉടമസ്ഥനും ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു.
കുത്തിയതോട് പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന സമീപവാസിയുടെ ബൈക്കുമായാണ് കൗമാരക്കാരന് വടുതലയിലുള്ള സുഹൃത്തുക്കളെ കാണുവാന്‍ പോയത്.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി.
നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് വലതുകാലും മുറിച്ചുമാറ്റിയത്.
അതേസമയം ഇതേ അപകടത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പോലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസി.യുവിൽനിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.
ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഈ മാസം 18-നായിരുന്നു അപകടം. ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
Kerala
കൊല്ലം: കടയ്ക്കലിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചു. കടയ്ക്കൽ മുകുന്നേരി പാലയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ സി.രാജു സിന്ധ്യ പി.നായർ ദമ്പതികളുടെ മകൻ നവനീത് ആർ.എസ് നായർ (14) ആണ് മരിച്ചത്.
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്പോഴാണ് അപകടം. മടത്തറ കടയ്ക്കൽ റോഡിൽ പാങ്ങലുകാട് അമ്പാടി ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് സംഭവം.
സ്വകാര്യ ബസ് ഇവരെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ നവനീതിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ഉടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നവനീതിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ സിന്ധ്യയ്ക്കു നിസാര പരിക്കേറ്റു.
സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്തിട്ടുണ്ട്. കടക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവനീത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയാണ് സിന്ധ്യ.
Kerala
പാലക്കാട്: നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്.
വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്കരികിൽ ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം.ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്.
അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സഞ്ജയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വടക്കഞ്ചേരി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കൊച്ചി: എറണാകുളം ഇലഞ്ഞിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. മോനിപ്പിള്ളി ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുത്തോലപുരം ജോസ്ഗിരി മരിയ ഭവന് സമീപത്തു വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ഇന്ന് വൈകുന്നേരം 3.45 ന് ആണ് അപകടം നടന്നത്. സ്കൂൾ വിദ്യാർഥികളുമായി കയറ്റം കയറി പോകുകയായിരുന്ന സ്കൂൾ ബസ് പിന്നോട്ട് ഉരുണ്ട് സമീപത്തെ തോട്ടത്തിലേക്ക് മറയുകയായിരുന്നു.
വാഹനത്തിൽ വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല.
Kerala
ആലപ്പുഴ: കളക്ടറേറ്റ് വളപ്പിലെ മരം കടപുഴകി കാറിന് മുകളിൽ വീണ് കാറിന്റെ മുൻവശത്തെ ഗ്ലാസും ബോണറ്റും തകർന്നു. കളക്ടറേറ്റ് വളപ്പിലെ ജില്ല പഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു സംഭവം. പാർക്കിംഗ് ഏരിയയിൽ റവന്യൂ വകുപ്പിനായി വാടകക്ക് ഓടുന്ന കാറിന്റെ മുകളിലേക്കാണ് മരം വീണത് . ഈ സമയം കാറിൽ ആരുമുണ്ടായിരുന്നില്ല. ഫയർഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ഒഴിവായത് വലിയ അപകടം.
District News
ചിറക്കൽ: പുതിയതെരു ആശാരികമ്പനിക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ 6.50 ഓടെയാണ് സംഭവം.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചെക്കിക്കുളം നെല്ലിക്കപ്പാലം കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന മാളൂട്ടി ബസും കണ്ണൂർ ആശുപത്രി ചാലാട് വളപട്ടണം കാട്ടാമ്പള്ളി റൂട്ടിലോടുന്ന റിതുനന്ദ ബസുമാണ് കൂട്ടിയിടിച്ചത്.
രണ്ട് ബസുകളുടെയും ഡ്രൈവർകാബിൻ ഭാഗം തകർന്നു. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അൽപ സമയം പുതിയതെരു മയ്യിൽ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.
District News
പയ്യാവൂർ: ജലവിതരണ പൈപ്പിടാൻ കുഴിയെടുത്ത റോഡിൽ വീണ്ടും വാഹനാപകടം. പയ്യാവൂർ ടൗണിലെ സ്റ്റാച്യു ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒമ്പതോടെ ബൈക്ക് യാത്രികരായ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുഴിയെടുത്ത മണ്ണിൽ നിന്ന് മഴയിൽ റോഡിലേക്ക് ഒഴുകിയിറങ്ങിയ ചരലിൽ തെന്നി ബൈക്ക് മറിയുകയായിരുന്നു. അപകടസമയം എതിരെ വലിയ വാഹനങ്ങളൊന്നും വരാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.
റോഡുകൾ നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ഓട്ടോ ഡ്രൈവർമാർ
ജലവിതരണ പൈപ്പിടാൻ ചെമ്പേരി ടൗണിലെ റോഡുകൾ ടാറിംഗ് തകർത്ത് കുഴിയെടുത്തത് എത്രയും വേഗം നന്നാക്കാൻ തയാറാകുന്നില്ലെങ്കിൽ വഴിതടയൽ ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ചെമ്പേരിയിലെ ഓട്ടോ ഡ്രൈവർമാരുടെ യോഗം മുന്നറിയിപ്പ് നൽകി.
മലയോര മേഖലയിലെമ്പാടും ടാറിംഗ് കുത്തിപ്പൊളിച്ചതിനെ തുടർന്ന് തകർന്ന റോഡുകളിൽ നിത്യവും ചെറുതും വലുതുമായ അപകടങ്ങൾ തുടരുമ്പോഴും ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.
റോഡിന്റെ ദുരവസ്ഥ മൂലം ചെമ്പേരി ടൗണിലെ വീതികുറഞ്ഞ റോഡുകളിൽ തുടർച്ചയായുണ്ടാകുന്ന ഗതാഗത തടസം തങ്ങളുടെ ജീവിതമാർഗം മുടക്കുന്നതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. യോഗത്തിൽ അനന്തു ജയിംസ് അധ്യക്ഷത വഹിച്ചു.
International
ജുനോ: വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ അലാസ്കയിലെ മക്കൻലി പർവതത്തിലുണ്ടായ അപകടത്തിൽ മൂന്ന് പർവതാരോഹകർ മരിച്ചു.
അപകടകരമായ ഒരു ചുരത്തിനു സമീപം വീണാണ് ഇവർ മരിച്ചതെന്ന് ലാത്വിയൻ മൗണ്ടനിയറിംഗ് ഗ്രൂപ്പ് അറിയിച്ചു.
സംഘത്തിലുണ്ടായിരുന്ന നാലാമത്തെ ആളിനെ രക്ഷിക്കാനായി. അപകടത്തിൽപ്പെട്ടവരെല്ലാം ലാത്വിയയിൽനിന്നുള്ള പർവതാരോഹകരാണെന്ന് ഗ്രൂപ്പ് അറിയിച്ചു.
ഏകദേശം 20,310 അടി ഉയരമുള്ളതാണ് മക്കിൻലി പർവതം. ഇതിൽ 17200 അടി ഉയരത്തിൽനിന്നാണ് രക്ഷപ്പെട്ട പർവതാരോഹകനെ ഡെനാലി നാഷണൽ പാർക്ക് അധികൃതർ താഴെയെത്തിച്ചത്. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയുമാണു രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്.
Kerala
പത്തനംതിട്ട: നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണ അന്ത്യം. പത്തനംതിട്ട പറക്കോട് ഞായറാഴ്ച രാവിലെ 3.30നുണ്ടായ അപകടത്തിൽ പറക്കോട് പീഠികയിൽ മറിയം ബീവി (65) ആണ് മരിച്ചത്.
വീട്ടിൽ മറിയം ബീവി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പത്തനാപുരം ഇളമണ്ണൂർ ഭാഗത്തുനിന്നും മെറ്റലുമായി എത്തിയ ടോറസാണ് വീടിനു മുകളിലേക്ക് മറിഞ്ഞത്. അടൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് വയോധികയെ പുറത്തെടുത്തത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടു നൽകും.
International
മാലെ: മാലദ്വീപിലെ വാവു അറ്റോളിൽ സമുദ്രാന്തര ഗുഹകളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.
ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടിൽനിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം ആഴത്തിലുള്ള സമുദ്രാന്തര ഗുഹയിലേക്കാണ് ഇവർ പ്രവേശിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബോട്ടിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മാലദ്വീപ് കോസ്റ്റ്ഗാർഡ് നടത്തിയ തെരച്ചിലിനൊടുവിലാണ് സമുദ്രത്തിനടിയിലെ ഗുഹയ്ക്കുള്ളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജനോവ സർവകലാശാലയിലെ സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫസർ മോണിക്ക മോണ്ടെഫാൽക്കോൺ (51), മകൻ ജോർജിയ സോമാക്കൽ (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനഡെറ്റി, ഫെഡറിക്കോ ഗ്വാൾട്ടിയേരി എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. ഗുഹയ്ക്കുള്ളിലെ മണൽ ഇളകിയതുമൂലം കാഴ്ചപരിധി കുറഞ്ഞതാകാം മരണകാരണമെന്നാണ് പ്രാഥമികമായി അധികൃതർ കരുതുന്നത്.
Kerala
പത്തനംതിട്ട: തിരുവല്ലാ പുളിക്കീഴിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടിപ്പർ ഓടിച്ച കുറിച്ചി സ്വദേശി സന്ദീപ് ആണ് മരിച്ചത്.
അപകടത്തിൽ ഒന്‍പത് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. തിരുവല്ലയിൽനിന്ന് കായംകുളത്തേക്ക് പോയ ബസും എതിർദിശയിൽനിന്ന് വന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കവടിയാറിൽ നിയന്ത്രണം തെറ്റിയ കാറിടിച്ച് മരിച്ചത് നവവധു. പൊൽപുള്ളി വേർകോലി സ്വദേശിനി നൗഷിജ (24) ആണ് മരിച്ചത്.
കഴിഞ്ഞ മാർച്ച് 28ന് ആയിരുന്നു കൊടുവായൂർ സ്വദേശി ആഷിക്കും നൗഷിജയും വിവാഹിതരായത്.
ആഷിക് ജോലിക്കായി വിദേശത്തേക്കു തിരികെപോകുന്നതിനു മുന്‍പ് ഒരുമിച്ചൊരു യാത്ര പോകണമെന്ന ആഗ്രഹത്തോടെയാണ് ഇരുവരും തിരുവനന്തപുരത്തേക്ക് തിരിച്ചത്.
കോവളവും കന്യാകുമാരിയും കാണാനായിട്ടായിരുന്നു യാത്ര. പാലക്കാട്ടുനിന്നു വോൾവോ ബസിലായിരുന്നു തിരുവനന്തപുരത്തേക്കു യാത്ര. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ ശേഷം വിളിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ പിന്നീട് നൗഷിജയുടെ മരണവിവരമാണ് കുടുംബാംഗങ്ങൾ കേട്ടത്.
നടപ്പാതയിലൂടെ നടക്കുന്നതിനിടെ നിയന്ത്രണംവിട്ട വാഹനമിടിച്ചു ഇരുവർക്കും പരുക്കേറ്റെന്നു മാത്രമാണ് ആദ്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരമറിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് നൗഷിജയുടെ മരണവിവരം അറിയുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ആഷിക് നൗഷിജയുടെ മരണവിവരം അറിഞ്ഞിട്ടില്ല. അടുത്ത ശനിയാഴ്ചയാണ് ആഷികിന് വിദേശത്തേക്ക് തിരികെ പോകേണ്ടിയിരുന്നത്.
Kerala
ആലപ്പുഴ: ചേർത്തല വെള്ളിയാകുളത്ത് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ചേർത്തല വെള്ളിയാകുളം മുകുന്ദപുരം വീട്ടിൽ സോമൻ നായർ(68) ആണ് മരിച്ചത്.
വെള്ളിയാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ് സ്കൂട്ടറിൽ സഞ്ചരിച്ച സോമൻ നായരുടെ തലയിലുടെ കയറിയിറങ്ങി. ഉടനെ ചേർത്തല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
National
ഭോപ്പാൽ: ജബൽപുർ ബോട്ട് അപകടത്തിൽ മരണസംഖ്യ 13 ആയി. അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ബർഗി ഡാമിൽ ഡൈവർമാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. വിനോദ സഞ്ചാരികളും ജീവനക്കാരും അടക്കം 41 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ദിവസം തന്നെ 28 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അപകടത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വീഴ്ച വരുത്തിയ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനൊപ്പം സംസ്ഥാനത്തെ സമാനമായ ബോട്ട് സർവീസുകൾക്ക് സർക്കാർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
National
ഭോപ്പാൽ : നിയന്ത്രണം വിട്ട പിക്അപ്പ് എസ്യുവിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഡോർ - അഹമ്മദാബാദ് ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ പിക്അപ്പ് മറിഞ്ഞ് എസ്യുവിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് 35 തൊഴിലാളികൾ പിക്അപ്പിലുണ്ടായിരുന്നു.
നിയന്ത്രണം വിട്ട പിക്അപ്പ് തലകീഴായി മറിഞ്ഞ് റോഡിന്റെ എതിർവശത്തേക്ക് തെന്നിമാറി എസ്യുവിയിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 15 പേരുടെ ജീവൻ രക്ഷിക്കാനായില്ല.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് ഇൻഡോർ - അഹമ്മദാബാദ് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ദുർഗം ചെരിവിന് സമീപം കാറിടിച്ച് യുവാവ് മരിച്ചു. ഹഫീസ്പേട്ട് സ്വദേശി ശ്യം രാജ് (32) എന്ന വ്യവസായി ആണ് മരിച്ചത്. അപകടത്തിന് ശേഷം കാർ ഉപേക്ഷിച്ച് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ശ്യമും ഭാര്യയും ദുർഗം ചെരുവ് പാലത്തിന് സമീപം ബൈക്കിൽ എത്തിയതായിരുന്നു. ബൈക്ക് പാർക്ക് ചെയ്ത ശേഷം ഭാര്യ നടപ്പാതയിലും ശ്യം റോഡിലും നിൽകുകയായിരുന്നു. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന കാർ ശ്യാമിനെ ഇടിച്ച് തെറിപ്പിക്കുകയും തുടർന്ന് പാലത്തിൽ ഇടിച്ച് മറിയുകയും ചെയ്തു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി. ഇതിനിടെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിരിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടസമയത്ത് ഒരാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. പാലത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഡ്രൈവറെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അശ്രദ്ധമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പാറശാല: ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ശനിയാഴ്ച്ച അതിരാവിലെ മൂന്നരമണിക്കായിരുന്നു അപകടം. തമിഴ്നാട്ടിലെ കാവല്‍കിണറില്‍ നിന്നും ചാല മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായിവന്ന ലോറിയാണു പാറശാലയ്ക്കു സമീപം ഇഞ്ചിവിളയില്‍ റോഡ് വക്കിലേക്കു മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന പച്ചക്കറികള്‍ റോഡില്‍ ചിന്നിച്ചിതറി. ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ മൈലാടി സ്വദേശി ശിവയെ (39) നിസാരപരിക്കുകളോടെ പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ഉറക്കത്തിലായിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
വേഗത്തിലെത്തിയ ലോറിയുടെ ബ്രേക്ക് കുത്തിറക്കത്തില്‍ പെട്ടെന്ന് ചവിട്ടിയതാണ് അപകടകാരണം. ലോറിയും പച്ചക്കറികളും അപകടസ്ഥലത്തുനിന്നും മാറ്റിയശേഷം അപകടാവസ്ഥയില്‍ ലോറിയില്‍നിന്നും റോഡിലേക്ക് പതിച്ച ഓയില്‍ പാറശാലനിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി കഴുകി വൃത്തിയാക്കി. അപടസമയത്ത് റോഡില്‍ കാല്‍നട യാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാത്തത് കാരണം വന്‍ അപകടം ഒഴിവായി.
National
തേനി: മലയാളി നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്ക്. തമിഴ്നാട്ടിലെ തേനിയിലാണ് അപകടം. പുലർച്ചെ നാലിന് ആലപ്പുഴയിലെ വീട്ടിൽനിന്നാണ് റിയാസ് യാത്രതിരിച്ചത്. കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചുകയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഉടൻ 108 ആംബുലൻസിൽ തേനി താലൂക്ക് ആശുപത്രിയിലും അതിനുശേഷം തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സ വേണ്ടതിനാൽ വൈകീട്ടോടെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു.
Kerala
മുംബൈ: ബിജെപി ദേശീയ നേതാവ് ഷെഹ്സാദ് പുനവാലെയുടെ മാതാവ് കാറിടിച്ച് പരിക്ക്. ഇവരെ പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുനെയിലെ തിരക്കേറിയ ഒരു പെട്രോൾ പമ്പിലാണ് സംഭവം നടന്നത്.
കാറിൽ ഇന്ധനം നിറയ്ക്കുന്നതും കാത്ത് വാഹനത്തിന് വെളിയിൽ നിൽക്കുകയായിരുന്ന ഇവരെ ഒരു കാർ പുറകോട്ട് വന്ന് ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുറംതിരിഞ്ഞ് നിൽക്കുകയായിരുന്ന ഷെഹ്സാദ് പൂനവാലയുടെ മാതാവ് കാർ വരുന്നത് കണ്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, മാതാവിനെ ബോധപൂർവം കാറിടിപ്പിച്ചതാണെന്ന് ഷെഹ്സാദ് പുനവാലെ ആരോപിച്ചു. സംഭവത്തിൽ പൂനെ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. താമരശേരി അമ്പായത്തോടുണ്ടായ അപകടത്തിൽ കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
District News
തലശേരി: പാനൂർ പൂക്കോത്ത് വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പൂക്കോം ലൗഷോറിന് സമീപമായിരുന്നു സംഭവം.
പാനൂർ സ്വദേശി കാമ്പ്രത്ത് വൈഷ്ണവിനെയും(24) സുഹൃത്തുകളെയും ആക്രമിച്ചതിന് പൂക്കോം പന്ന്യന്നൂർ സ്വദേശികളായ കൊയ്യോത്തി വിസ്മയ്, പുല്ലായികണ്ടിയിൽ വിഷ്ണു, ചാത്താണ്ടിയിൽ സായന്ത്, അമ്പിളി റംഷിത്ത് , പുല്ലായികണ്ടി സുനിത്ത് എന്നിവർക്കെതിരേയാണ് വൈഷ്ണവിന്റെ പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്തത്.
വാഹനാപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ട സംഭവം ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണ ത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഇതിനിടെ പൂക്കോം സ്വദേശി മുഹമ്മദ് ആസിഫിനെ മർദിച്ചെന്ന പരാതിയിലും സായന്തിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ആസിഫ് വീട്ടിൽ നിന്നും കാറുമായി റോഡിലേക്കിറങ്ങുന്നതിനിടെ സായന്തും സംഘവും സഞ്ചരിച്ച കാർ ആസിഫിന്റ കാറിൽ ഇടിച്ചത് ചോദ്യം ചെയ്തതോടെ മർദിച്ചെന്നാണ് പരാതി.
Kerala
കോട്ടയം: കറുകച്ചാലിന് സമീപം ചമ്പക്കരയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരം സ്വദേശി സിബി (38) ആണ് മരിച്ചത്. കോഴഞ്ചേരി-കോട്ടയം റൂട്ടിൽ ചമ്പക്കര ആശ്രമം പടിക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
വൈകുന്നേരം 3.45 ഓടെയാണ് അപകടമുണ്ടായത്. തോട്ടിലേക്ക് മറിഞ്ഞ കാറിന്റെ വാതിലുകൾ ലോക്കയതോടെ ഓടിക്കൂടിയ നാടുക്കാർ ചില്ല് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്.
തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
District News
തമ്പലക്കാട്: കാഞ്ഞിരപ്പള്ളി-മഞ്ചക്കുഴി റോഡും പൊന്‍കുന്നം-കപ്പാട് റോഡും സംഗമിക്കുന്ന നാല്ക്കവലയില് കാറുകള്‍ കൂട്ടിയിടിച്ച ശേഷം നിയന്ത്രണംവിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. പൊന്‍കുന്നം റോഡില്‍നിന്ന് കാഞ്ഞിരപ്പള്ളി റോഡിലേക്ക് കാര്‍ ശ്രദ്ധയില്ലാതെ പ്രവേശിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൈക ഭാഗത്ത് നിന്നെത്തിയ കാര്‍ മറ്റൊരു കാറിലിടിച്ച് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
District News
രാമപുരം: കൂത്താട്ടുകുളം-രാമപുരം റോഡില്‍ അമനകരയ്ക്കു സമീപം ആനിച്ചുവട്ടില്‍ തെലുങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ കാർ അപകടത്തില്‍പ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാര്‍ റോഡിന്റെ സൈഡില്നിന്നിരുന്ന വൈദ്യുതിപോസ്റ്റ് ഇടിച്ചു തകര്‍ത്താണ് നിന്നത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡില്‍ വീണതിനാല്‍ വാഹനഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം താറുമാറാവുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.രാമപുരം പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം : മൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ അണ്ടൂർക്കോണത്തുണ്ടായ സംഭവത്തിൽ അൻഷാദ് (45) ആണ് മരിച്ചത്.
അണ്ടൂർക്കോണം എൽപി സ്കൂളിന് സമീപത്തെ റോഡിലെ വളവിലായിരുന്നു അപകടം. പുലർച്ചെ ഇതുവഴി പോയ വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അൻഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Movies
നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരിക്ക്. ഗുവാഹാത്തിയിൽ വച്ചാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടമെന്നും ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിൾ ഇവരെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയും അടിയന്തര സേവന വിഭാഗം സ്ഥലത്തെത്തി ദമ്പതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു.
അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ചികിത്സയ്ക്കായി ഗുവാഹാത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ് ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില്‍ നിർത്തിയിരുന്നു.
ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈർ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പരപ്പനങ്ങാടിയിലുണ്ടായ സംഭവത്തിൽ ചെട്ടിപ്പടി കോയംകുളത്ത് ഫൈസലിന്റെ മകൻ അമീൻഷാ ഹാഷിം (11)ആണു മരിച്ചത്.
ബന്ധു വീട്ടിലേക്കു പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണു കുട്ടി അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെയിൽവേ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടറും സഹോദരങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 നാണ് അപകടമുണ്ടായത്.
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ആക്കുളത്തു നിന്നും കുളത്തൂർ ഭാഗത്തേക്ക് എംസാൻഡുമായി പോയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മണൽ കാറിന് മുകളിലേക്ക് വീണു.
ശ്രീകാര്യം സ്വദേശിയായ ഡോക്ടർ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കണ്ണൂർ: തലശേരിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്.
തലശേരി, മാഹി, പാനൂർ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. റീസൈക്ലിംഗ് യൂണിറ്റിലെ ഗോഡൗണിൽ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടെന്നാണ് സൂചന.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്.
Kerala
ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്തുണ്ടായ അപകടത്തിൽ കോഴിമല സ്വദേശി ജിൻസനാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ബൈക്ക് ബസിലും മറ്റൊരു ബൈക്കിലും ഇടിച്ചു. ജിൻസന്റെ സഹോദരൻ ജെയ്സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിൻസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
പ്രചാരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശനിയാഴ്ച രാത്രി ഞാറവിള - കരയടിവിള റോഡിലായിരുന്നു അപകടം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ പറഞ്ഞു.
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പായിമ്പാടത്തെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രി കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ രണ്ടു വാർഡുകളിലെയും തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
Kerala
ചിങ്ങവനം: ഡ്യൂട്ടി കഴിഞ്ഞു സ്കൂട്ടറില്‍ വരുകയായിരുന്നയാളെ രാത്രിയിൽ കാറിടിച്ചു തെറിപ്പിച്ചതിനെത്തുടർന്നു മരിച്ചു. സ്കൂട്ടര്‍ യാത്രികനായ എംആര്‍എഫിലെ ജീവനക്കാരൻ പി.ജെ. ഏബ്രഹാ(56)മാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി 12ന് കോട്ടയം എംസി റോഡില്‍ പള്ളം ബോര്‍മ കവലയ്ക്കു സമീപമാണ് അപകടം. ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതായി ചിങ്ങവനം പോലീസ് അറിയിച്ചു. പള്ളം സ്വദേശിയായ ഏബ്രഹാം വടവാതൂർ എംആര്‍എഫിലെ ടയര്‍ പ്ലാന്റ് മെക്കാനിക്കാണ്.
Kerala
മുണ്ടക്കയം: മുണ്ടക്കയം എരുമേലി റോഡില്‍ കണ്ണിമല കുത്തറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് നില്‍ക്കുകയായിരുന്നു. കുഴിയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി. കണ്ണിമല ഇറക്കത്തിന് മുകളില്‍ പോലീസിന്റെ സേവനമുണ്ടെങ്കിലും വാഹനത്തിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
ആംബുലന്‍സിന്റെ സേവനവും ഉണ്ടായിരുന്നില്ല. എരുമേലില്‍നിന്ന് ആംബുലന്‍സ് വരുത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Kerala
പഴയങ്ങാടി: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. കീച്ചേരി ചിറക്കുറ്റി എകെജി സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിനോദ്- അജിത ദമ്പതികളുടെ മകൻ കെ.വി. അഖിലാണ് (26) മരിച്ചത്.
പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ. കണ്ണപുരം പാലത്തിന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ജീവനക്കാരനാണ് അഖിൽ.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാപ്പിനിശേരി സമുദായശ്മശാനത്തിൽ നടക്കും. സഹോദരൻ: ജിതിൻ (ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്, വളപട്ടണം).
National
തെങ്കാശി: തെങ്കാശി ജില്ലയിലെ മധുര-കൊല്ലം ദേശീയപാതയിൽ കടയനല്ലൂരിന് സമീപം തുരയ്ചാമിയപുരം ഗ്രാമത്തിൽ രണ്ടു സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. രണ്ടു പുരുഷന്മാരും ആറ് സ്ത്രീകളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാലു ലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. 30 യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ബസുകളിൽ കുടുങ്ങി പോയ യാത്രക്കാരെ പുറത്തിറക്കിയത്.
പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11നാണ് അപകടം. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള തുരയ്ചാമിയപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ എന്ന സ്വകാര്യ ബസ്, കോവിൽപട്ടിയിൽ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മധുര-കൊല്ലം ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു.
Kerala
കോട്ടയം: മലയാളി യുവതി ഇസ്രയേലില്‍ അപകടത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ (34) ആണ് മരിച്ചത്.
ഇസ്രയേലിൽ ഹോം നഴ്സായിരുന്നു. ശരണ്യ ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
District News
മാള: കൊടകര - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ട്രെയിലർ മറിഞ്ഞ് അപകടം. ഡ്രൈവർ കർണാടക സ്വദേശി ഓംപ്രകാശ് (55) ചെറിയ പരിക്കോടെ രക്ഷപ്പെട്ടു. മാള കെഎസ്ആർടിസി സബ് ഡിപ്പോക്കുസമീപം ഇന്നലെ രാവിലെയാണ് സംഭവം. ട്രെയിലറിനു മുന്നിൽപോയിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിനു കാരണം.
ട്രെയിലർ ഡ്രൈവർ ബ്രേക്കിട്ടതോടെ മാള പള്ളിപ്പുറം ഡമാക്ക് സ്റ്റീൽ കമ്പനിയിലേക്ക് കൊണ്ടുപോയിരുന്ന അമിതഭാരമുള്ള സ്റ്റീൽ ഉരുണ്ട് ഫ്രണ്ടിലേക്ക് എത്തി. ഇതോടെ ട്രെയിലർ കുത്തനെ മറയുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തി ഡ്രൈവറെ പുറത്തെടുത്തു.
International
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന് (40), കൊല്ലം സ്വദേശി സുനില്‍ സോളമന് (43) എന്നിവരാണ് മരിച്ചത്.
ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ - കോലഞ്ചേരി റൂട്ടില്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. പട്ടിമറ്റത്തുനിന്നു പെരുമ്പാവൂര്‍ക്ക് വരുകയായിരുന്ന ബസില്‍ പെരുമ്പാവൂരില്‍ നിന്നെത്തിയ ടോറസാണ് ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടോറസ് ബസിന് നേരെ ഇടിക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട യാത്രക്കാരെ നാട്ടുകാരും പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്വകാര്യ ബസിനു പിറകെ വന്ന ബൈക്ക് യാത്രകാര്‍ക്കും പരിക്കുണ്ട്.
ഫയര്‍ഫോഴ്സ് ഓഫീസര്‍ അരുണ്‍ പി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
District News
അമ്പലപ്പുഴ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കല്ലുപുരയ്ക്കൽ വീട്ടിൽ കെ.യു. മധുവിന്റെ മകൻ ആദിത്യ(22)നായാണ് വടക്ക് പഞ്ചായത്ത് ജീവൻ രക്ഷാസമിതി സഹായം തേടുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ ഒരു മാസത്തിലധികമായി കഴിയുന്ന ആദിത്യന്റെ ഇടതുകൈയുടെ ശസ്ത്രക്രിയ മാത്രമാണ് കഴിഞ്ഞത്. 10 ലക്ഷത്തിലധികം ചെലവുവന്നു.
ഇനിയും ശസ്ത്രക്രിയ ചെയ്താലേ ആദിത്യനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാകൂ. രണ്ടു മാസം ആശുപത്രിയിൽ തുടർ ചികിത്സയും വേണം. ഇതിനായി ഇന്ന് രാവിലെ 8 മുതൽ ജീവൻ രക്ഷാസമിതി പ്രവർത്തകർ വീടുകളിൽ ധനസമാഹരണം നടത്തും. കാനറ ബാങ്ക് പുന്നപ്ര ശാഖയിൽ 110274708177 എന്ന അക്കൗണ്ടിലും സഹായം ലഭ്യമാക്കാം. ഐ എഫ് എസ് സി കോഡ് - സി എൻ ആർ ബി 0006019.
Kerala
നിലമ്പുർ: മലപ്പുറം നിലമ്പുരിൽ സാരി ചക്രത്തിനിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. നിലമ്പുർ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യവേയാണ് അപകടം.
സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പത്മിനിയെ നിലമ്പുർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.