National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാനഭരണത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും കോണ്ഗ്രസ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ ഇന്നലെ രാവിലെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തിരക്കിട്ട ചർച്ചകൾ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇന്നലെ രാവിലെ ഒന്പതിന് അദ്ദേഹത്തിന്റെ ലോധി എസ്റ്റേറ്റിലെ വസതിയിലെത്തി കണ്ടു നടത്തിയ ചർച്ചയോടെയായിരുന്ന ഹൈക്കമാൻഡ് നേതാക്കളുമായുള്ള തിരക്കിട്ട കൂടിക്കാഴ്ചകളുടെ തുടക്കം.
പുറത്തിറങ്ങി വന്നു സ്വീകരിച്ചാണ് വേണുഗോപാൽ മുഖ്യമന്ത്രിയെ വീടിനുള്ളിലേക്ക് ആനയിച്ചത്. അവിടെനിന്നു നേരേ കോണ്ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഖാർഗെയുടെ വീട്ടിലെത്തി. പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും ഖാർഗെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പതിനൊന്നരയോടെ ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്നു കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം കേരളത്തിലെ വലിയ രാഷ്ട്രീയചർച്ചകൾ ഇന്നലെ ഉണ്ടായില്ലെന്ന് ഹൈക്കമാൻഡിനെ ഉദ്ധരിച്ച് ഒരുന്നത നേതാവ് അറിയിച്ചു. യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ നല്ല തുടക്കമാണ് സതീശൻ മന്ത്രിസഭയുടേത്. സന്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും അടക്കം സാധാരണ കീറാമുട്ടിയാകുന്ന പ്രധാന തീരുമാനങ്ങൾ വേഗത്തിലെടുക്കാനായതിൽ മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അഭിനന്ദിച്ചു.
സ്വതന്ത്രമായ തീരുമാനങ്ങളും നടപടികളുമെടുക്കാനും ജനാഭിലാഷം മാനിച്ച് സുതാര്യ ഭരണം നടത്താനും മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. സർക്കാർ നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അടക്കം മുഖ്യമന്ത്രിക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ പോലും ഇടപെടില്ലെന്നുമാണു ഹൈക്കമാൻഡിന്റെ നിലപാട്.
വേണുഗോപാലും സതീശനും നടത്തിയ ചർച്ച പ്രതീക്ഷിച്ചതുപോലെ സൗഹാർദപരമായിരുന്നു. വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ ഉയർന്നില്ല. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പിന്നീട് നടന്ന കോണ്ഗ്രസിന്റെ ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് ഉപദേശകസമിതി യോഗം നടന്നു.
എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിക്കിയശേഷം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കു മടങ്ങി. മുഖ്യമന്ത്രിയായശേഷം ആദ്യമായി പറവൂരിലെത്തുന്ന സതീശന് സ്വന്തം വോട്ടർമാർ നൽകിയ സ്വീകരണത്തിനായാണു ഡൽഹി സന്ദർശനം വേഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ചെവ്വാഴ്ച വീണ്ടും ഡൽഹിയിലെത്തും.
വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സതീശന് കോണ്ഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണമാണു നൽകിയത്. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സതീശൻ കേക്ക് മുറിച്ചു. വിവിധ സംഘടനകൾക്കുവേണ്ടി ഭാരവാഹികൾ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിക്കു പോയി.
കോണ്ഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിക്കു പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാർ എന്നിവരെ സന്ദർശിച്ചശേഷം ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തും.
മുഖ്യമന്ത്രിയായ ശേഷം ഹൈക്കമാൻഡ് നേതൃത്വവുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. 29നു ശേഷം പ്രധാനമന്ത്രി ഡൽഹിയിലുണ്ടാകുമെന്ന മറുപടിയാണു ലഭിച്ചത്.
ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തുന്ന വി.ഡി. സതീശൻ നാളെ കൊച്ചിയിലെ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പദം ലഭിക്കാത്തതിന്റെ പേരില് അസന്തുഷ്ടനായി കഴിയുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന് ഹൈക്കമാന്ഡ് ശ്രമം തുടങ്ങി. തന്റെ ഉപാധികള് അംഗീകരിച്ചാല് മാത്രമെ വി.ഡി. സതീശന്റെ മന്ത്രിസഭയില് ചേരുകയുള്ളുവെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്ഡ് പ്രതിനിധികളെ അറിയിച്ചു.
ഒരു ടേം മുഖ്യമന്ത്രിയായി തനിക്ക് അവസരം നല്കണമെന്നാണ് അദ്ദേഹം ഹൈക്കമാന്ഡ് പ്രതിനിധികളെ അറിയിച്ചത്. ഈ ടേമില് രണ്ടര വര്ഷമോ അടുത്ത തവണയോ തനിക്ക് അവസരം നല്കണമെന്ന ഉപാധിയാണ് അദ്ദേഹം ഹൈക്കമാന്ഡ് പ്രതിനിധികളെ അറിയിച്ചത്. തന്റെ ഉപാധികള് അംഗീകരിച്ചില്ലെങ്കില് എംഎല്എയായി അച്ചടക്കമുള്ള പാര്ട്ടിപ്രവര്ത്തകനായി തുടരാനാണ് തന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹവുമായി ചര്ച്ച നടത്തും. മന്ത്രിസഭയില് ചേരണമെന്നുള്ള തന്റെ ആഗ്രഹം അദ്ദേഹം ചെന്നിത്തലയെ അറിയിക്കും. ധനകാര്യവകുപ്പ് നല്കി രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇക്കാര്യത്തില് കൂടുതല് ചര്ച്ചകള് ഉണ്ടായാല് മാത്രമെ വകുപ്പില് മാറ്റം വരികയുള്ളു. തന്റെ പ്രിയപ്പെട്ട നേതാവായ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകണമെന്നാണ് വി.ഡി.സതീശന്റെ ആഗ്രഹം. നല്ലൊരു ടീമായി മന്ത്രിസഭയെ നയിക്കാന് ചെന്നിത്തല മന്ത്രിസഭയില് ഉണ്ടാകണമെന്ന ആഗ്രഹമാണ് വി.ഡി.സതീശന് പങ്ക് വയ്ക്കുന്നത്.
അതേസമയം, രമേശ് ചെന്നിത്തലയെ അനുകുലിക്കുന്ന പാര്ട്ടി പ്രവര്ത്തകര് കടുത്ത നിരാശയിലാണ്. 2021 ല് എംഎല്എമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും തന്നെ മാറ്റിയപ്പോള് ഒരു പ്രതിഷേധവും പറയാതെ പാര്ട്ടി തീരുമാനം അംഗീകരിച്ചുവെന്നാണ് ഹൈക്കമാന്ഡിനോട് ചെന്നിത്തല വ്യക്തമാക്കിയത്.
അന്നും ഇപ്പോഴും അച്ചടക്കമുള്ള പ്രവര്ത്തകനായാണ് താന് നിലകൊള്ളുന്നത്. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ അവഗണിച്ചതിലുള്ള വിഷമം അദ്ദേഹം സോണിയാഗാന്ധി ഉള്പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുണ്ട്. കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് ഹൈക്കമാന്ഡ് നേതൃത്വം രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന് എഐസിസി ജനറല് സെക്രട്ടറി ദീപാദാസ് മുന്ഷി, നിരീക്ഷകരായ മുകുള് വാസ്നിക്, അജയ് മാക്കന്, എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് ഉള്പ്പെടെയുള്ളവര് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഹരിപ്പാടുള്ള പാര്ട്ടിപ്രവര്ത്തകര് രമേശ് ചെന്നിത്തലക്ക് പൂര്ണ പിന്തുണയാണ് നല്കിയിരിക്കുന്നത്. ഹൈക്കമാന്ഡിന്റെ അപമാനം സഹിച്ച് പാര്ട്ടിയില് തുടരാതെ എംഎല്എ സ്ഥാനം രാജിവയ്ക്കണമെന്നാണ് അനുയായികള് ചെന്നിത്തലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയോജകമണ്ഡലത്തില് നിന്നും വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും രാജിവയ്ക്കാനുള്ള സന്നദ്ധത പരസ്യമായി അറിയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: വിസ്മയമായ ജനനായകൻ വി.ഡി. സതീശൻ ഇനി കേരള നായകൻ. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ കോണ്ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. യുഡിഎഫിന്റെ 102 സീറ്റ് ജയം ഉൾപ്പെടെയുള്ള സതീശന്റെ ആത്മവിശ്വാസത്തിന്റെ തെളിവായി ഇനി “വനവാസമല്ല, പട്ടാഭിഷേകം’’ തന്നെ.
മുഖ്യമന്ത്രിപദവിയിലേക്കു സതീശനോടൊപ്പം പരിഗണിച്ചിരുന്ന കോണ്ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.
സോണിയാ ഗാന്ധിയുമായി കൂടിയാലോചിച്ചായിരുന്നു തീരുമാനം. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ടെലിഫോണിൽ സംസാരിച്ചശേഷമായിരുന്നു വേണുഗോപാലിനു പകരം അവസാനനിമിഷം സതീശനെ നായകനാക്കാൻ ഹൈക്കമാൻഡിൽ ധാരണയായത്.
ഡൽഹി അക്ബർ റോഡിലെ പഴയ കോണ്ഗ്രസ് ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്കു 12ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാൻഡ് തീരുമാനം അറിയിച്ചത്. കേന്ദ്ര നിരീക്ഷകരായി കേരളത്തിലെത്തിയ എഐസിസി ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മാധ്യമവിഭാഗം തലവൻ ജയ്റാം രമേശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
“മേയ് ഏഴിന് തിരുവനന്തപുരത്ത് കോണ്ഗ്രസ് നിയമസഭാകക്ഷി യോഗം ചേർന്നു. കേരളം സംസ്ഥാനത്തിലെ കോണ്ഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിഎൽപി) പുതിയ നേതാവിനെ നിയമിക്കാൻ കോണ്ഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്താൻ ഏകകണ്ഠമായി തീരുമാനിച്ചു. വി.ഡി. സതീശനെ സിഎൽപിയുടെ നേതാവായി നിയമിക്കാൻ തീരുമാനിച്ചു’’ -ദീപാ ദാസ് മുൻഷി പ്രഖ്യാപിച്ചു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി സതീശനു പൂർണ പിന്തുണയും ആശംസയും നേരുന്നുവെന്നും ഡൽഹിയിലെ തന്റെ വസതിയിലെത്തിയ പത്രലേഖരോടു വേണുഗോപാൽ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ കോണ്ഗ്രസ് ഹൈക്കമാന്ഡ് ഇന്ന് പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില് കൈമാറി നിയമസഭ കക്ഷിയോഗത്തില് പ്രഖ്യാപിക്കാനാണ് നീക്കം.
മുഖ്യമന്ത്രിയാരെന്നതില് സസ്പെന്സ് തുടരുകയാണ്. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേസമയം കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്.
ഇന്നുതന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും.
Kerala
ന്യൂഡല്ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. വിഷയത്തിൽ കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അഞ്ചരയ്ക്ക് നടക്കും.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്ഗ്രസിന്റെ മുഖ്യമന്ത്രി ചര്ച്ചയുടെ ഭാഗമായി മുന് കെപിസിസി അധ്യക്ഷന്മാരെ ഡല്ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്ഹിയില് നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള് ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
കൽപ്പറ്റ: ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
വയനാടിനെ രാഹുൽ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെനിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം വൈകില്ലെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. തന്റെ നിലപാട് ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ എത്താൻ പറഞ്ഞിട്ടുണ്ടായിരുന്നു. എത്താൻ കഴിയില്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാനായിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത്. ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായി നിലപാട് അറിയിക്കും. രാഹുൽ ഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. തന്റെ അഭിപ്രായം രേഖപ്പെടുത്തും. അഭിപ്രായം രേഖപ്പെടുത്താൻ ഡൽഹിയിൽ തന്നെ പോകണമെന്ന് നിർബന്ധമില്ലല്ലോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ത്രിമൂർത്തി തർക്കം ഒടുവിൽ ഒന്നിലേക്ക് എപ്പോൾ എത്തും എന്ന് പറയാനാകില്ലെങ്കിലും ഹൈക്കമാൻഡിന്റെ തീരുമാനം ഉടൻ വന്നേ മതിയാകൂ . ഇല്ലെങ്കിൽ അത് ഉണ്ടാക്കുന്ന പ്രതിച്ഛായ നഷ്ടവും രാഷ്ട്രീയപരമായ ദുഷിപ്പും വലുതായിരിക്കും . ഇപ്പോൾ തന്നെ കുറേശെ ബാധിച്ചു കഴിഞ്ഞു.
എന്നാൽ തീരുമാനം പടിപടിയായി വൈകിപ്പിച്ച് ജനവികാരത്തെ ആറി തണുപ്പിച്ച് തങ്ങളുടെ മുൻ മുൻധാരണ അനുസരിച്ചുള്ള തീരുമാനത്തിലേക്ക് എത്തിക്കാൻ ഒരുതരം കോർപറേറ്റ് സ്ഥാപന ശൈലിയിലുള്ള നടപടി വൈകിപ്പിക്കലും ആകാമിത്. രാഷ്ടീയ വിദഗ്ധർ അങ്ങനെയും ഹൈക്കമാൻഡിന്റെ ഈ തണുപ്പൻ സമീപനത്തെ വിലയിരുത്തുന്നുണ്ട്. പൊട്ടിത്തെറി ഒഴിവാക്കാനുള്ള ഘട്ടംഘട്ടമായ നടപ്പാക്കൽ.
സമവായം എങ്ങനെ ?
ഹൈക്കമാൻഡുമായി നടന്ന ചർച്ച കഴിഞ്ഞ് പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ച കഴിഞ്ഞ് മൂന്ന് നേതാക്കളും പരസ്യ ചർച്ചകൾക്കോ കിംവദന്തികൾക്കോ ഫ്ലക്സ് യുദ്ധങ്ങൾക്കോ യാതൊരു താത്പര്യവും പ്രകടിപ്പിക്കുന്നില്ല. ഒരു വാർത്തയും അവരിൽനിന്ന് മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുന്നുമില്ല.
എന്നാൽ ശരീരഭാഷ വിശകലനം ചെയ്താൽ മൂന്നുപേരും ഏറെക്കുറെ ഒരു തണുപ്പൻ മട്ടാണ് പ്രകടിപ്പിച്ചു കാണുന്നത്. രമേശ് ചെന്നിത്തല ഇതിൽ നിന്നെല്ലാം തലയൂരി എനിക്കതിൽ വലിയ റോളില്ല എന്ന മട്ടിലേക്ക് ആണോ അദ്ദേഹത്തിന്റെ ശരീരഭാഷ എന്ന് സംശയം നമുക്ക് തോന്നാം.
വി.ഡി. സതീശൻ ആകട്ടെ സ്ഥിരമായി ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണ മനസോടെയാണ് എന്ന് വിലയിരുത്താൻ വയ്യ. കെ.സി. ആകട്ടെ വലിഞ്ഞുമുറുകിയ മുഖവുമായാണ് മാധ്യമങ്ങളെ പോലും കാണുന്നത്.
മൂന്നു നേതാക്കളെയും ഉൾക്കൊള്ളുന്ന ഒരു സമവായമാണ് ഹൈക്കമാൻഡിന്റെ പരിഗണനയിൽ ഉള്ളതെന്നാണ് അവസാനമായി അറിയാൻ കഴിയുന്നത്. അങ്ങനെ വന്നാൽ മുഖ്യമന്ത്രിപദവും മന്ത്രിമാരുടെ എണ്ണവും അവർക്ക് നൽകുന്ന വകുപ്പുകളും എല്ലാം കൃത്യമായി വീതംവച്ച് നൽകുന്ന സ്ഥിതി വരും. അത് സഖ്യകക്ഷികളുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ വകുപ്പ് ചർച്ചകൾക്കു കൂടി കാരണമാകും.
ഉദാഹരണത്തിന് ആദ്യത്തെ രണ്ട് വർഷം രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പദവും ആഭ്യന്തര മന്ത്രി പദവിയോടെ വി.ഡി. സതീശന് ഉപമുഖ്യമന്ത്രിപദവും നൽകാം എന്നാൽ പത്ത് മന്ത്രിമാർ ഉണ്ടെങ്കിൽ ആറുപേർ കെ.സി. വേണുഗോപാൽ നിർദേശിക്കുന്നവരോ അദ്ദേഹം നിർദേശിക്കുന്ന വകുപ്പ് ലഭ്യമാകുന്നവരോ ആകാം.
രണ്ടാം ടേമിൽ വി.ഡി. സതീശൻ മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് സ്വീകരിച്ചു മന്ത്രിയായി തുടരുമോ എന്ന് ഉറപ്പു പറയാൻ ആകില്ല. കെ.സി മാറി നിൽക്കുമോ എന്നും പറയാനാകില്ല. ഈ രീതിയിൽ വീതം വച്ച് പദവികൾ നൽകിയാൽ അതൊരു സമവായത്തിൽ എത്താൻ വഴിയുണ്ട്.
സതീശൻ ആയാൽ
കേരളത്തിലെ പൊതുവേയുള്ള വികാരവും പ്രത്യേകിച്ചും സഖ്യകക്ഷികളുടെ, മുസ്ലിം ജനവിഭാഗത്തെ പ്രതികരിക്കുന്ന മുസ്ലിം ലീഗിന്റെയും ക്രിസ്ത്യൻ ശാക്തീകരണത്തെ പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിന്റെയും താത്പര്യങ്ങൾ കൂടി പരിഗണിച്ച് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താൽ മറ്റു രണ്ടുപേർ എന്തുചെയ്യും?
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി പദം കൊണ്ട് തൃപ്തനാകുമോ അതോ വി.എസ് അച്യുതാനന്ദന്റെ കാര്യത്തിൽ സംഭവിച്ചത് പോലെ മുന്നോക്ക വികസന കോർപ്പറേഷനോ, ഭരണ നവീകരണ കമ്മീഷൻ ചെയർമാൻ മറ്റോ ആയി മാറി നിൽക്കുമോ ? കെ.സി വേണുഗോപാൽ കൂടുതൽ മന്ത്രി പദവി എന്ന ഒരുതീർപ്പിലൊതുക്കുമോ എന്ന് പറയാനാകില്ല .
ചെന്നിത്തലയ്ക്ക് ലഭിച്ചാൽ
ഇനി രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ സീനിയോറിറ്റി കൊണ്ട് അദ്ദേഹത്തിന്റെ പദവിയെ വി.ഡി. സതീശനും കെ.സി. വേണുഗോപാലും സമ്മതിക്കാൻ വഴിയുണ്ട്. അപ്പോൾ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയോ ധനകാര്യ മന്ത്രിയോ ഉപമന്ത്രിയോ ആയി സതീശൻ തുടരുമോ? അങ്ങനെ വന്നാൽ കെ.സി. വേണുഗോപാലിന്റെ റോൾ എന്താണ്? ഭൂരിഭാഗം മന്ത്രി പദവികളിൽ അദ്ദേഹം തൃപ്തനാകുമോ? ഇപ്പോൾ ആർക്കും ഒരു ഉത്തരവും പറയാൻ പറ്റില്ല .
കെ.സി വേണുഗോപാൽ വന്നാൽ
ഹൈക്കമാൻഡിന് ആഭിമുഖമുള്ള കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ മൊത്തം സമവാക്യങ്ങളെ അത് മാറ്റിമറിക്കാൻ ഇടയുണ്ട്. ആദ്യത്തേത് ഒരു എംഎൽഎ രാജിവയ്ക്കേണ്ടി വരും.; ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതിൽ ജയിച്ചു കയറേണ്ടി വരും. രണ്ടാമതായി സഖ്യകക്ഷികളുടെ നിലപാടുകൾ വലിയ ചർച്ചാവിഷയം ആകും.
ഏറ്റവും പ്രധാനം രമേശ് ചെന്നിത്തലയും സതീശനും എന്തു നിലപാട് എടുക്കും എന്നുള്ളതാണ്. കെ.സി. മുഖ്യമന്ത്രി ആയാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോ എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. എന്നാൽ ഇപ്പോഴത്തെ നിലയിൽ സതീശൻ കെ.സിയുടെ മന്ത്രിസഭയിൽ ചേരാനുള്ള സാധ്യത കുറവാണ്. സമവായം എന്ന നിലയിൽ ആണെങ്കിൽ പോലും ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കാൻ പോലും സാധ്യത വളരെ കുറവാണ്.
ഇനി രസകരമായ മറ്റു ചില ബദൽ സാധ്യതകളിലേക്ക് പോകാം. മുമ്പൊക്കെ ഹൈക്കമാൻഡിന്റെ പ്രിയങ്കരനായ ബദൽ എ.കെ. ആന്റണി ആയിരുന്നു. ആരോഗ്യം മോശമായതിനാൽ ഇനി ഒരങ്കത്തിന് ആന്റണിക്ക് സാധ്യതയില്ല. രണ്ടുദിവസം മുമ്പ് കൊടിക്കുന്നിൽ സുരേഷ് എംപി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വസതിയിൽ പോയി കണ്ട് ചർച്ച നടത്തിയത് ഇവിടെ ഓർക്കണം.
ഇനി കൊടിക്കുന്നിൽ എന്ന ബദലിലേക്ക് ഹൈക്കമാൻഡ് പോയാൽ അതിൽ അത്ഭുതപ്പെടുക തന്നെ വേണം. കൊടിക്കുന്നിലിന്റെ പിന്നിൽ സാമുദായിക സമവാക്യങ്ങളുടെ ശക്തി കുറവാണെങ്കിലും കോൺഗ്രസിന് ഒരു പട്ടികജാതി മുഖ്യമന്ത്രി എന്ന പ്രതിച്ഛായ നേടാനാകും. (ഈ സാധ്യത അഞ്ചു ശതമാനത്തിനടുത്തേയുള്ളൂ).
ഇനി അതുമല്ല, ശശി തരൂരിനെ രംഗത്തിറക്കിയാൽ അല്ലെങ്കിൽ രംഗത്തിറക്കുമെന്ന് ഹൈക്കമാൻഡ് സൂചിപ്പിച്ചാൽ അത് കേരളത്തിലെ ഇന്നത്തെ ത്രിമൂർത്തികളുടെ ഇടയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കാരണം ശശി തരൂർ മുഖ്യമന്ത്രി പദത്തിലേക്ക് വന്നാൽ എല്ലാവിധ സമവാക്യങ്ങളും മാറ്റപ്പെടാം.
ഇനി ഇതൊന്നുമല്ല തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞ കേരളത്തിന് ആവശ്യം ഒരു വനിതാ മുഖ്യമന്ത്രി എന്ന ചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ആരാകും ? അങ്ങനെ ഒരു മുഖ്യമന്ത്രി സാധ്യതയുള്ള വനിതാ നേതാവ് കേരളത്തിൽ ഉണ്ടോ എന്ന് ചോദ്യത്തിന് ഉത്തരം ഇല്ല എന്നേ പറയാനാകൂ.
മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ മുഖ്യമന്ത്രിപദ പ്രഖ്യാപനത്തോടെ എന്തെങ്കിലും രാഷ്ട്രീയ അട്ടിമറിയോ പൊട്ടിത്തെറിയോ പാർട്ടി മാറലോ കേരളത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ് പ്രത്യേകിച്ച് കോൺഗ്രസ് ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ . ഈ മൂന്നു നേതാക്കൾ നിന്നും അത്തരമൊരു നീക്കങ്ങൾ ആരും പ്രതീക്ഷിക്കുന്നുമില്ല .
ചുരുക്കത്തിൽ പലവിധക്കാരായ, പ്രഗത്ഭരായ രാഷ്ട്രീയ ചൂത് കളിക്കാർ ചുറ്റും കൂടി നിൽക്കുന്ന ഒരു ചതുരംഗപലകയാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം. ആ മൂന്നു കളിക്കാരിൽ ഒരാൾ പോലും ഒരടി പോലും പിന്നോട്ട് വച്ചിട്ടില്ല. കളത്തിലേക്ക് രാജാവിനെ എങ്ങനെ, എപ്പോൾ ഇറക്കി കളിക്കണം എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കാത്തിരിക്കാം.
Leader Page
നേരിട്ടുള്ള ജനാധിപത്യത്തിൽനിന്ന്, പ്രാതിനിധ്യ ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിലാണ് രാഷ്ട്രീയ പാർട്ടികൾ ഉദയം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാർട്ടികളും അവയുടെ ജനാധിപത്യ സ്വഭാവം നിലനിർത്തണം. അപ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തിൽ പ്രസക്തമാകുന്നത്, ജനങ്ങളുടെ തീരുമാനം നടപ്പിലാക്കാൻ സാധിക്കുന്നത്. രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കേണ്ടതും ജനങ്ങളുടെ തീരുമാനത്തെയാണ്. അതിനാണ് പാർട്ടികൾക്കുപോലും ഭരണഘടന ഏർപ്പെടുത്തിയിരിക്കുന്നത്.
പലപ്പോഴും തെരഞ്ഞെടുപ്പിൽ മാത്രമാണ് ഇപ്പോൾ ജനങ്ങളുടെ പങ്കാളിത്തം. അത് കഴിഞ്ഞാൽ പാർട്ടികളുടെയും അതിലെ ഗ്രൂപ്പുകളുടെയും നേതാക്കന്മാരുടെയും താത്പര്യങ്ങൾക്കാണ് പ്രസക്തി. ഇത് ജനാധിപത്യവിരുദ്ധമാണ്. ഇപ്പോൾ കേരളത്തിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലും ഇതാണു ദര്ശിക്കാനാവുന്നത്.
കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയോ പ്രസിഡന്റോ ഒക്കെയാണ് ഇത്തരം തീരുമാനം എടുക്കേണ്ടത്. അതുപോലെ പ്രധാനമാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായവും. പക്ഷേ, നിർഭാഗ്യവാശാൽ തീർത്തും ജനാധിപത്യ സ്വഭാവമുള്ള തീരുമാനത്തിൽ ഉയർന്നു കേൾക്കുന്ന പ്രയോഗമാണ് ഹൈക്കമാൻഡ് എന്നത്.
ഏതാണ്ട് എല്ലാവരും ഉറപ്പിച്ച പ്രയോഗം. എന്നാൽ, ഇത് കോൺഗ്രസിന്റെ ഭരണഘടനയിൽ ഇല്ലെന്നുള്ളതാണ് യാഥാർഥ്യം. ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൽ ഉരുത്തിരിഞ്ഞ ഒരു സംവിധാനമാണിത്. ഈ പ്രയോഗം ഒരു തമാശയായിപോലും അധഃപതിച്ചു എന്നുകൂടി ഓർക്കണം
പക്ഷേ, അതിൽനിന്നെല്ലാം കോൺഗ്രസ് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഇനി ഈ പ്രയോഗവും തീരുമാനമെടുക്കുന്ന രീതിയും കോൺഗ്രസ് തുടരണമോ എന്ന് തീരുമാനിക്കാനുള്ള അവസരംകൂടിയാണിത്. ഒരുപക്ഷേ, പ്രത്യേക വർക്കിംഗ് കമ്മിറ്റി എന്നോ ലഭ്യമായ വർക്കിംഗ് കമ്മിറ്റിയെന്നോ ഒരു സംവിധാനം ആലോചിക്കാവുന്നതാണ്. അതിലും പ്രധാനം, സംസ്ഥാന നേതൃകാര്യങ്ങൾ ഭരണഘടനാ പ്രകാരമുള്ള പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിൽ തന്നെ, കേന്ദ്ര വർക്കിംഗ് കമ്മിറ്റിയുടെ സഹായത്തോടെ അതത് പ്രദേശത്ത് (സംസ്ഥാനത്ത്) ഇത്തരം നേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സമയബന്ധിതമായി, കൂടുതൽ ജനാധിപത്യപരമായി എടുക്കാവുന്നതേയുള്ളൂ.
ഇപ്പോഴാകട്ടെ ഇതിനായി ചെലവാക്കുന്ന അധികപണവും സമയവും ശ്രമങ്ങളും എല്ലാം തീരുമാനത്തിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും പ്രതികൂലമായി ആയി ബാധിക്കുന്നു. കൂടാതെ, പലപ്പോഴും രാഷ്ട്രീയമായി വലിയ പരാജയമാകുന്ന തീരുമാനങ്ങളും എടുക്കപ്പെടുന്നു. ഏറ്റവും ഗൗരവമായ കാര്യം, ഇത്തരം പരാജയപ്പെട്ട തീരുമാനങ്ങൾക്ക് ആരും അവസാനം ഉത്തരവാദികളാകുന്നില്ല എന്നുള്ളതാണ്. പാർട്ടിയുടെ ആഭ്യന്തരകാര്യം എന്ന പ്രയോഗംതന്നെ ജനധിപത്യത്തിൽ വൈരുധ്യമാണ്.
ഭരണഘടനാപരവും ജനാധിപത്യപരവും ആകണം ആഭ്യന്തരകാര്യങ്ങൾ. കാരണം പാർട്ടികൾ കൈകാര്യം ചെയ്യുന്നത് ജനങ്ങളുടെ സദ്ഭരണ പ്രതീക്ഷകളാണ്. ഇപ്പോൾ നടക്കുന്നതുപോലെ വ്യക്തികളും ഗ്രൂപ്പുകളുമായി കോൺഗ്രസ് പാർട്ടി മാറുന്നതിന്റെ കാരണവും പാർട്ടി ഭരണഘടനാതീത സംവിധാനങ്ങളാണ്. ജനങ്ങളുടെ ശബ്ദമാണ് ജനാധിപത്യത്തിൽ എന്നും പ്രധാനം. അതിനനുസരിച്ചായിരിക്കണം ഏത് പാർട്ടിയും തീരുമാനങ്ങൾ എടുക്കേണ്ടത്. അത് തിരിച്ചറിയാൻ ഭരണഘടനാപരമായ തുറന്ന സംഭാഷണമാണ് ആവശ്യം.
അല്ലാതെ ഇപ്പോൾ കാണുന്നതുപോലെ, തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് എന്തു കാര്യം എന്ന് ചോദിക്കുന്നതും അടച്ച രഹസ്യമുറികളിലെ ചർച്ചകളും ‘പാലം കടന്ന ശേഷം കൂരായണ’ എന്നു പറയുന്നതുപോലെയാണ്. ഇത് പാർട്ടിക്കും നേതാക്കൾക്കും നാടിനും, അതിലുപരി ജനാധിപത്യം എന്ന മഹത്തായ ഭരണരീതിക്കും നാശമേ വരുത്തൂ.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു. വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പഴയകാലത്ത് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചിരുന്നു. ഇപ്പോൾ നേതാക്കൾ മാറിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണ്. ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും എന്റെ അഭിപ്രായം ഒന്നേയുള്ളൂ. തീരുമാനം വരട്ടെ, വരുന്നതുവരെ കാത്തിരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം, നേതാക്കളുടെ മുന്നറിയിപ്പ് മറികടന്നുകൊണ്ട് തെരുവിൽ സ്ഥാപിച്ച ഫ്ലക്സുകൾ എടുത്ത് മാറ്റാൻ പ്രവർത്തകർ തയ്യാറായില്ല. മലപ്പുറം നഗരത്തിലെ ഫ്ലക്സുകളാണ് എടുത്തു മറ്റാത്തതെ വച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി സ്ഥാപിച്ച ഫ്ലക്സുകളാണ് നഗരത്തിൽ തുടരുന്നത്.
Kerala
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.
തീരുമാനം ഹൈക്കമാൻഡ് അറിയിക്കും. തീയതി പറയാനില്ല. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷൻ കൃത്യമായ മറുപടി നൽകിയില്ല.
"ജനമനസിലെ അപ്രിയം പരിഹരിക്കാൻ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നടപടി ഒഴിവാക്കാൻ എല്ലാവരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നിൽ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്.'-സണ്ണി ജോസഫ് പറഞ്ഞു.
കോണ്ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്ത്ത് ആറാം നാളും കാത്തിരിക്കുകയാണ് കേരളം. തീരുമാനം ഹൈക്കമാന്ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല് ഗാന്ധിയും കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായിയും, ഘടക കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക.
National
ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നീട്ടി. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കൂടിയാലോചിച്ച് തീരുമാനം പ്രഖ്യാപിക്കും. ഹൈക്കമാൻഡ് തീരുമാനം ഇന്നു ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണനയിലുള്ള കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ വിശ്വാസത്തിലെടുത്താകും പ്രഖ്യാപനമെന്ന് എഐസിസി നേതാക്കൾ ഇന്നലെ രാത്രി പറഞ്ഞു.
ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് നേതാക്കൾ ഇന്നലെ ഡൽഹി ചർച്ചയിൽ വ്യക്തമാക്കി. ഇന്നലത്തെ ചർച്ചകളിൽ ഹൈക്കമാൻഡിന്റെ തീരുമാനം സംബന്ധിച്ച് രാഹുലും ഖാർഗെയും നിലപാട് വ്യക്തമാക്കിയില്ലെന്നാണു കേരള നേതാക്കൾ നൽകിയ സൂചന. എല്ലാവരെയും കേട്ടുവെന്നും മന്ത്രിസഭയെ ആരു നയിക്കണമെന്ന തീരുമാനം ഞങ്ങൾ പ്രഖ്യാപിച്ചോളാമെന്നുമാണ് രാഹുൽ പറഞ്ഞത്.
ഡൽഹി രാജാജി മാർഗിലെ ഖാർഗെയുടെ പത്താം നന്പർ വസതിയിൽ ഇന്നലെ വൈകുന്നേരം നാലിനു തുടങ്ങിയ ചർച്ച മൂന്നര മണിക്കൂറോളം നീണ്ടു. ഖാർഗെയും രാഹുലും കേരള നേതാക്കളുമായി ഒറ്റയ്ക്കൊറ്റയ്ക്കു വിശദമായും കൂട്ടായും ചർച്ച നടത്തി.
ഡൽഹി ചർച്ചകൾ ഇന്നലെ അവസാനിച്ചെന്നും ഇനി നേതാക്കളെ ഡൽഹിക്കു വിളിക്കേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തലയും സതീശനും സണ്ണി ജോസഫും ചർച്ചകൾക്കുശേഷം ദീപികയോട് പറഞ്ഞു. അന്തിമ തീരുമാനം എന്തെന്ന് അറിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാമെന്നുകൂടി നേതാക്കൾ കൂട്ടിച്ചേർത്തു.
ചെന്നിത്തല, സതീശൻ, വേണുഗോപാൽ എന്നിവരുമായി ഖാർഗെയും രാഹുലും നേരിട്ടു നടത്തിയ ചർച്ചകളിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്നുപേരും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായും ഒറ്റയ്ക്കു ചർച്ച നടത്തി.
നേതാക്കളെ ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിൽ എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരുമുണ്ടായിരുന്നു. സതീശൻ ഇന്നലെ രാത്രിതന്നെ കൊച്ചിയിലേക്കും സണ്ണി ജോസഫ് ബംഗളൂരു വഴി കണ്ണൂരിലേക്കും മടങ്ങി. രണ്ടു മക്കളും ഡൽഹിയിലുള്ളതിനാൽ ചെന്നിത്തല ഇന്നു രാവിലെയാകും കേരളത്തിലേക്ക് മടങ്ങുക.
ഏതെങ്കിലും നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും അടിയന്തരമായി നിർത്തിവയ്ക്കാൻ സംസ്ഥാനത്തെ കോണ്ഗ്രസ് പ്രവർത്തകരോട് സതീശനും ചെന്നിത്തലയും വേണുഗോപാലും സണ്ണിയും ദീപാദാസ് മുൻഷിയും സംയുക്തമായി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പുലർച്ചെ മുതൽ രാത്രി വരെ നീണ്ട നാടകീയതയ്ക്കൊടുവിലും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്ഗ്രസ് ഹൈക്കമാൻഡ്.
രാവിലെ കേരള ഹൗസിലും വൈകുന്നേരം നാലുമുതൽ രാജാജി മാർഗിലെ കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും വസതിയിലും നടന്ന പലതലത്തിലുള്ള ചർച്ചകളിലും തീരുമാനമായില്ല.
അനുനയ നീക്കങ്ങൾക്കു കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വഴങ്ങാതെ ഉറച്ചു നിന്നു. ഖാർഗെയുടെ വസതിയിൽ ഖാർഗെയും രാഹുൽ ഗാന്ധിയും മൂന്നു മണിക്കൂറിലേറെ ചർച്ച നടത്തിയിട്ടും തീരുമാനമില്ലെന്നതായിരുന്നു അന്തിമ തീരുമാനം.
ഹൈക്കമാൻഡ് ഇനി തീരുമാനിക്കും. ഡൽഹി ചർച്ചകൾ പൂർത്തിയായെങ്കിലും പുതിയ മുഖ്യമന്ത്രിയെ ഇനി എന്നു പ്രഖ്യാപിക്കുമെന്നുപോലും പറയാൻ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കു കഴിഞ്ഞില്ല.
തീരുമാനത്തിനു കാത്തിരിക്കുമെന്ന് വേണുഗോപാലും ചെന്നിത്തലയും സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നീട് പറഞ്ഞു.
ഡൽഹിയിൽനിന്ന് ഇന്നലെ കേരളം കാത്തിരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പോസ്റ്റർ-ഫ്ലക്സ് പ്രചാരണവും അവസാനിപ്പിക്കണമെന്ന സന്ദേശം മാത്രമാണു യോഗത്തിനുശേഷം നേതാക്കളിൽനിന്നുണ്ടായത്. വിശദവും സൗഹാർദപരവുമായ ചർച്ചകൾക്കുശേഷവും സസ്പെൻസിന് അവസാനമുണ്ടായില്ല. പ്രതീക്ഷ വിട്ടിട്ടില്ലെന്ന സൂചനയാണു ചെന്നിത്തലയും സതീശനും വേണുഗോപാലും നൽകിയത്.
നിശ്ചയിച്ചതുപോലെ കൃത്യം നാലിനു മുന്പായി തന്നെ കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണിയും എഐസിസിയുടെ ദീപാ ദാസ് മുൻഷിയും നിരീക്ഷകരായിരുന്ന മുകുൾ വാസ്നിക്കും അജയ് മാക്കനും ഖാർഗെയുടെ വസതിയിലെത്തിയിരുന്നു.
രാഹുൽ ഗാന്ധിയും സമയത്തുതന്നെ എത്തിയതോടെ നിശ്ചിത സമയത്ത് യോഗം തുടങ്ങി. മൂന്നു മണിക്കൂറിലേറെ വസതിക്കുള്ളിൽ ചർച്ച നടത്തിയശേഷം രാത്രി 7.10ന് ദീപാദാസ് മുൻഷി നാല് കേരള നേതാക്കളെയും കൂട്ടി മാധ്യമങ്ങളെ കണ്ടു.
നിയുക്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് വൈകാതെ പ്രഖ്യാപിക്കുമെന്ന് വേണുഗോപാൽ, ചെന്നിത്തല, സതീശൻ, സണ്ണി എന്നിവരെ കൂടെ നിർത്തി ദീപ അറിയിച്ചു. എന്നാൽ പ്രഖ്യാപനം എന്നുണ്ടാകുമെന്ന് പറയാൻ അവർ തയാറായില്ല.
Kerala
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെയെന്നും . സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം നാലിന് മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിന്റെയും മനസറിയും. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും.
ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
National
ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദേശീയ തലസ്ഥാനത്ത് ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിലെത്തിയത്.
എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കേരളത്തിലെ എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് സമർപ്പിച്ചു. ഭൂരിപക്ഷം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് നിരീക്ഷകർ നൽകിയ സൂചന. ഇത് സംബന്ധിച്ച ഒരു പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ജനവികാരവും ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണമെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നവരുടെ വാദം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് പദവി നൽകണമെന്ന ആവശ്യവും ശക്തമാണ്. മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയുടെ പേരും ചർച്ചകളിലുണ്ട്.
മുതിർന്ന നേതാക്കൾക്കിടയിൽ സമവായമുണ്ടാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് ഖർഗെ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഘടകകക്ഷികളായ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ അഭിപ്രായവും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പ്രധാനമാകും.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ദില്ലിയിൽ നടക്കുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡ് പേര് ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി മുറുകുന്നത് പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ജനാധിപത്യപരമായ രീതിയിൽ തീരുമാനം വരുമെന്നാണ് നേതൃത്വത്തിന്റെ ഉറപ്പ്.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്നു നടത്തുന്ന ചർച്ചകളിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മൂന്നു നേതാക്കൾക്കും സ്വീകാര്യമായ ഫോർമുലയുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. മുഖ്യമന്ത്രിപദവിയിലേക്കു പരിഗണിക്കുന്ന മൂന്നു നേതാക്കളുമായും ഇന്നു രാവിലെ പത്തരയോടെ സുപ്രധാന ചർച്ച നടത്താനാണു ഹൈക്കമാൻഡ് തീരുമാനം. ചർച്ചയ്ക്കുശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകില്ല.
കോണ്ഗ്രസ് എംഎൽഎമാരുടെ അഭിപ്രായവും ജനാഭിപ്രായവും മാനിച്ച് ജനാധിപത്യ രീതിയിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്ന് ഉന്നത എഐസിസി നേതാവ് ദീപികയോട് പറഞ്ഞു. കേന്ദ്രനിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും ട്രഷറർ അജയ് മാക്കനും കേരളത്തിലെത്തി നടത്തിയ ചർച്ചകളുടെ വിശദമായ റിപ്പോർട്ട് കോണ്ഗ്രസ് അധ്യക്ഷനു കൈമാറി. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക അടക്കമുള്ളവരുമായി ഖാർഗെയും നിരീക്ഷകരും ചർച്ച ചെയ്തു.
കേരളത്തിലെ കോണ്ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട 63 ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകളിലെ ഓരോരുത്തരുടെയും അഭിപ്രായം റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഇതോടൊപ്പം എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, എംപിമാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്. നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന ജനാഭിലാഷവും ഹൈക്കമാൻഡിനെ നിരീക്ഷകർ അറിയിച്ചു.
എല്ലാ വശങ്ങളും പരിഗണിച്ച് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്പോൾ ഒരുപോലെ അർഹതയും കഴിവുമുള്ള മറ്റു രണ്ടു പേർക്കും പകരം പദവികളും പരിഗണനയും നൽകാൻ ഹൈക്കമാൻഡ് പദ്ധതി തയാറാക്കിയിട്ടുണ്ട്. മൂന്നു പ്രബല നേതാക്കളും ഒരു സമുദായത്തിൽനിന്നാണെന്നതും തലവേദനയാണ്. എങ്കിലും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി അടക്കമുള്ള സുപ്രധാന പദവികൾ മൂന്നുപേർക്കും നൽകുന്നതും പരിഗണനയിലുണ്ട്.
എഐസിസിയിലെ സുപ്രധാന പദവിയടക്കം മറ്റുചില നിർദേശങ്ങളും ഇന്നത്തെ ചർച്ചയിൽ ഉയർന്നേക്കാം. അടുത്ത വർഷത്തെ യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി എഐസിസി നേതൃത്വത്തിലെ രണ്ടാമനായി ഹിന്ദി ബെൽറ്റിൽനിന്നുള്ള നേതാവിനെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കുറച്ചുനാളുകളായി ഹൈക്കമാൻഡിന്റെ ആലോചനയിലുണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഫ്ലക്സ് ബോർഡുകൾ, പോസ്റ്ററുകൾ, കരിഓയിൽ അഭിഷേകം, പാൽ അഭിഷേകം, പോസ്റ്റർ കത്തിക്കൽ, ബോർഡുകൾ നശിപ്പിക്കൽ, തെരുവിലെ പ്രതിഷേധ പ്രകടനങ്ങൾ, ചിലരുടെ പരസ്യമായ അഭിപ്രായപ്രകടനങ്ങൾ എന്നിവയെല്ലാം പാർട്ടി അച്ചടക്കത്തിനും മര്യാദകൾക്കും ചേരുന്നതല്ലെന്ന് എഐസിസി ചൂണ്ടിക്കാട്ടി.
പിണറായി ഭരണം അവസാനിപ്പിച്ച് യുഡിഎഫിനു വൻ വിജയം സമ്മാനിച്ച ജനങ്ങളെ അപമാനിക്കുന്നതാണ് ഏതാനും ദിവസങ്ങളായി നടക്കുന്ന പരസ്യ വിഴുപ്പലക്കൽ. വിവാദങ്ങൾ ഉടനടി അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും നിരീക്ഷകർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ വന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈയിലെ റിപ്പോർട്ട് ചോർന്നത് വിവാദമാകുന്നു. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് ഇറങ്ങിവന്ന മുകുൾ വാസ്നിക്കിന്റെ കൈവശം ഇരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ഫോട്ടോഗ്രാഫർമാർ പകർത്തിയത്.
കൈയിൽ പിടിച്ചിരുന്ന പേപ്പറിൽ ഓരോ എംഎൽഎമാരുടെയും പേരും അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പേപ്പറിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതു ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
പുറത്തുവന്ന ദൃശ്യങ്ങളിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി.സിദ്ധിക്ക് തുടങ്ങിയവരുടെ പേരുകൾ ദൃശ്യമാണ്. ഇവർ കെ.സി. വേണുഗോപാലിന് അനുകൂലമാണ് എന്ന രീതിയിലാണ് ഈ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഐസി ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ചതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ. നീലകണ്ഠന്റെ പേരിനു നേരെ ഒന്നും എഴുതിയതായും കാണുന്നില്ല. ഇദ്ദേഹം നിഷ്പക്ഷത പാലിച്ചതാവും കാരണമെന്നു കരുതുന്നു. എന്തായാലും രഹസ്യമായി സൂക്ഷിക്കേണ്ട രേഖ പുറത്തുവന്നത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ഇത്രയും രഹസ്യാത്മകതയുള്ള കാര്യം അലക്ഷ്യമായും അശ്രദ്ധമായും കൈകാര്യം ചെയ്തതാണ് ചോരാൻ ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങൾ കേന്ദ്രനേതൃത്വത്തെ അറിയിച്ച കാര്യംചോരാൻ ഇടയായതിൽ കടുത്ത അതൃപ്തിയിലാണ് എംഎൽഎമാർ.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ എഐസിസി നിരീക്ഷകര് ഇന്ന് ഹൈക്കമാന്ഡിന് റിപ്പോര്ട്ട് നല്കും. രാഹുല്ഗാന്ധിയും മല്ലികാർജുൻ ഖർഗെയുമായി നിരീക്ഷകര് കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് ഇനി ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാകും.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളിൽ എംഎൽഎമാരുടെ എണ്ണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കെ.സി. വേണുഗോപാൽ. എന്നാൽ ഘടകക്ഷികളുടെ നിലപാടിലാണ് സതീശൻ പക്ഷത്തിന്റെ പ്രതീക്ഷ. രമേശ് ചെന്നിത്തലയും ആത്മവിശ്വാസം കൈവിടുന്നില്ല.
അന്തിമ തീരുമാനത്തിനായി സംസ്ഥാനത്തെ സീനീയർ നേതാക്കളെ ഇന്നോ നാളെയോ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കും. അതേസമയം മുഖ്യമന്ത്രി പദവിയിലേക്ക് തനിക്ക് അനുകൂലമായ ജനവികാരം ഹൈക്കമാന്റിന് ബോധ്യപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വി.ഡി. സതീശൻ ക്യാമ്പ്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ പോര് തുടരുന്നതിനിടെ നിയമസഭാ കക്ഷിയോഗം ചേർന്നു. മുഖ്യമന്ത്രിയെ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി.
കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് അവതരിപ്പിച്ച പ്രമേയം എല്ലാവരും അംഗീകരിച്ചു. യോഗം ചേരുന്നതിനു മുമ്പ് കേന്ദ്ര നിരീക്ഷകർ എംപിമാരുമായി ചർച്ച നടത്തി. ബൈന്നി ബഹനാൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചു.
അതേസമയം ഹൈബി ഈഡൻ വി.ഡി. സതീശനെ പിന്തുണച്ചു. അതിനിടെ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി. മുഖ്യമന്ത്രി ചര്ച്ചയില് 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെ.സി വിഭാഗം പറയുന്നത്.
16 എംഎൽഎമാർ തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. ഒമ്പത് എംഎൽഎമാർ ഒപ്പമെന്ന് വി.ഡി. സതീശൻ ക്യാമ്പ് പറയുന്നു. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും.
തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയ നിരീക്ഷകർ പുലർച്ചെ മുതൽ നിരവധി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും.
നിരീക്ഷകർ തിരികെ ഡൽഹിയിൽ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. അതേസമയം കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനവും വൈകിയേക്കും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
ഹൈക്കമാൻഡിന്റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി.
Kerala
തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎയുടെയും എംപിമാരുടേയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കുമെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവിൽ ആരുടെയും പേര് പാർട്ടി തള്ളിക്കളയുന്നില്ല. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി.
അതേസയമം മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കിടയിൽ നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വി.ഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്.
ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. പദവി ലഭിച്ചില്ലെങ്കിൽ അദ്ദേഹം കടുത്ത നിലപാടുകളിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയുണ്ട്. ഇതിനെല്ലാം പുറമെ സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.
കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദം പാർട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്ന ആഗ്രഹം നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം നിലവിൽ ചർച്ചകളിൽ ഇല്ലെന്നുമാണ് പാര്ട്ടി വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധികാരത്തിൽ എത്തുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള പരസ്യ ചർച്ച വേണ്ടെന്നു നിർദേശം.
പൊതു ഇടങ്ങളിൽ നടക്കുന്ന ചർച്ച ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് നിർത്തിവയ്ക്കാൻ നിർദേശം.
കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് മുഖ്യമന്ത്രി എറണാകുളം ജില്ലയിൽനിന്നു വേണമെന്ന ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉറ്റ അനുയായി കൂടിയാണ് ഷിയാസ്.
കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു, മുഹമ്മദ് ഷിയാസിന്റെ ആവശ്യത്തിനു മറുപടി പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്നതു സജീവ ചർച്ചാ വിഷയമായി.
മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്ന ആവശ്യവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ അടക്കമുള്ളവർ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടി നേതൃത്വവും ഇടപെട്ടു.
ഇതേത്തുടർന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇടപെട്ട് മുഖ്യമന്ത്രി ആരാകുമെന്നതിനെച്ചൊല്ലി പൊതുചർച്ച വേണ്ടെന്ന നിർദേശം നൽകിയത്.
നിർദേശം കോണ്ഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കം അംഗീകരിച്ചതോടെ ഇതുസംബന്ധിച്ച പരസ്യ ചർച്ച ഒഴിവാക്കാൻ ധാരണയാകുകയായിരുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന് ഹൈക്കമാൻഡ് അറിയിച്ചതിന് പിന്നാലെ കോന്നി സീറ്റിനായി അവകാശവാദം ഉന്നയിച്ച് അടൂർ പ്രകാശ്.
മത്സരിക്കാൻ സുധാകരനുള്ള അതേ അർഹത തനിക്കുമുണ്ടെന്നും കോന്നിയിൽ എന്ത് പ്രത്യാഘാതം ഉണ്ടായാലും താൻ ഉത്തരവാദി ആയിരിക്കില്ലെന്നും അടൂർ പ്രകാശ് ഹൈക്കമാൻഡിനെ അറിയിച്ചു. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അടൂർ പ്രകാശ് മുന്നറിയിപ്പ് നൽകി.
നേരത്തെ, കോന്നിയിൽ മത്സരിക്കാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അടൂർ പ്രകാശ് അറിയിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകുമെന്ന വാർത്തയ്ക്ക് പിന്നാലെ അദ്ദേഹം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത് എ.കെ. ആന്റണിയുടെ ഇടപെടലിലെന്ന് സൂചന. സീറ്റില്ലെന്ന ഹൈക്കമാൻഡ് നിലപാടിന് പിന്നാലെ പാർട്ടി വിടുമെന്ന് സൂചന നൽകിയ കെ. സുധാകരൻ സംസ്ഥാന നേതൃത്വത്തെ ആശങ്കപ്പെടുത്തിയിരുന്നു.
കെ. സുധാകരനെ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് മുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ ഇടപെടൽ. എ.കെ. ആന്റണിയുടെ സമ്മർദത്തിന് വഴങ്ങിയാണ് കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകാമെന്ന തീരുമാനം ഹൈക്കമാൻഡ് സ്വീകരിച്ചത്.
സിപിഎമ്മുമായി പോരടിച്ചു വളര്ന്ന നേതാവ് സിപിഎമ്മിനു മൂന്നാം ഭരണം ഉണ്ടാക്കാന് വഴിയൊരുക്കരുത് എന്ന് സുധാകരനോട് അഭ്യര്ഥിച്ചതായും എ.കെ. ആന്റണി പറഞ്ഞു.
നിലവിൽ കെ. സുധാകരന് മാത്രം ഇളവ് നൽകിയാൽ മതിയെന്നാണ് ഹൈക്കമാൻഡ് തീരുമാനം. എന്നാൽ ഒരാൾക്ക് മാത്രം പ്രത്യേക ആനുകൂല്യം നൽകുന്നത് മത്സരിക്കാൻ താത്പര്യപ്പെട്ട മറ്റ് എംപിമാർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ പാർട്ടി നേതൃനിരയിൽ ആശങ്കയുളവാക്കുന്നുണ്ട്.
കോന്നിയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ച അടൂർ പ്രകാശ് വിമത ശബ്ദമുയർത്തിയാൽ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റുൾപ്പടെ ആറ് സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. കൊച്ചിയിൽ മുഹമ്മദ് ഷിയാസായിരിക്കും മത്സരിക്കുക. ബാക്കി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ധാരണയായ സീറ്റുകളിലെ സ്ഥാനാർഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും നല്ല സ്ഥാനാർഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.
എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്റെ സമ്മർദ തന്ത്രം പാളി. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റിൽ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും ചര്ച്ചകള് അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെ. സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് സതീശൻ ഒഴിഞ്ഞുമാറി. കെ. സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
മൈസൂർ: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷം തികയ്ക്കുമെന്ന് മകൻ യതീന്ദ്ര സിദ്ധരാമയ്യ. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകില്ല. മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ അഞ്ചു വർഷം പൂർത്തിയാക്കും.
ഹൈക്കമാൻഡ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയെന്നും കോൺഗ്രസ് എംഎൽസികൂടിയായ യതീന്ദ്ര പറഞ്ഞു. എന്നാൽ യതീന്ദ്രയുടെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്.
“യതീന്ദ്രയാണ് ഹൈക്കമാൻഡ്. അദ്ദേഹം പറയുന്നത് വളരെ ബഹുമാനത്തോടെ സ്വീകരിക്കാം’’- ശിവകുമാർ പരിഹസിച്ചു.
യതീന്ദ്ര പറഞ്ഞാലത് ഹൈക്കമാൻഡ് പറയുന്നതുപോലെയാണ്. യതീന്ദ്രയെ ഹൈക്കമാൻഡായി അംഗീകരിക്കാം. യതീന്ദ്രയ്ക്കോ ബസവരാജിനോ മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
National
ബംഗളൂരു: കർണാടക കൊഗിലുവിലെ അനധികൃത വീടുകൾ ഒഴിപ്പിക്കൽ നടപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈക്കമാൻഡിന് വഴങ്ങി മലക്കം മറിഞ്ഞതായി ബിജെപി.
സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിലപാട് മാറ്റിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
കർണാടകയുടെ നയപരമായ തീരുമാനങ്ങൾ ഡൽഹിയിലിരിക്കുന്ന മലയാളിയായ കെ.സി. വേണുഗോപാലാണോ എടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
അനധികൃത കുടിയേറ്റവും മയക്കുമരുന്ന് ശൃഖംലകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദലാജെ ആവശ്യപ്പെട്ടു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഒന്നും ഇല്ലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഉപമുഖ്യമന്ത്രിയായി തുടരുന്നതിൽ സന്തോഷം മാത്രം ഉള്ളുവെന്നും ശിവകുമാർ പറഞ്ഞു. ഡൽഹിയിലെ കർണാടക ഭവനിൽ മധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഞാൻ ഹൈക്കമാൻഡിലെ ആരെയും കാണാൻ പോകുന്നില്ല. പാർട്ടി പറയുന്നത് വരെ ഉപമുഖ്യമന്ത്രിയായി തുടരും. പാർട്ടി പ്രവർത്തകൻ ആയി തുടരാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.'- ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയിൽ തർക്കങ്ങളൊന്നും ഇല്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുകയാണെന്നും ശിവകുമാർ കുറ്റപ്പെടുത്തി. വിഷയത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
National
കൽബുർഗി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന പ്രശ്നങ്ങൾ പ്രാദേശിക തലത്തിലുള്ളവയാണെന്നും ഇതിന്റെ പേരിൽ പാർട്ടി ഹൈക്കമാൻഡിനുമേൽ പഴിചാരരുതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ വിഷയത്തിൽ ഹൈക്കമാൻഡ് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പ്രാദേശിക നേതാക്കളുടെ ഉത്തരവാദിത്വമാണ്. എല്ലാവരും ചേർന്നാണു പാർട്ടിയെ പടുത്തുയർത്തിയത്. ഒരാളുടെ മാത്രം ശ്രമഫലമല്ല. തെരഞ്ഞെടുപ്പ് വിജയം സ്വന്തം കഴിവാണെന്ന് അവകാശപ്പെടാൻ ആരും ശ്രമിക്കരുതെന്നും ഖാർഗെ ആവശ്യപ്പെട്ടു.
ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിക്കു പോയതിനെ സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്.
വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു.
National
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്ണാടക കോണ്ഗ്രസിലുണ്ടായ തര്ക്കം പരിഹരിക്കാന് ശനിയാഴ്ച ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടികാഴ്ച നടത്തും. രാവിലെ ഒന്പതിന് മുഖ്യമന്ത്രിയുടെ വസതിയിലാണ് ചര്ച്ച.
ദിവസങ്ങളായി നീണ്ടു നില്ക്കുന്ന തര്ക്കത്തിന് പരിഹാരം കാണാന് ഹൈക്കമാന്ഡിന്റെ നിര്ദേശ പ്രകാരമാണ് ചര്ച്ച. തനിയ്ക്കും ശിവകുമാറിനും അഭിപ്രായങ്ങള് ഉണ്ടെന്നും എന്നാല് അന്തിമ തീരുമാനം ഹൈക്കമാന്ഡ് എടുക്കുമെന്നും സിദ്ധരാമയ്യ.
തര്ക്കം പരിഹരിയ്ക്കാന് ഇരുനേതാക്കളെയും ഹൈക്കമാന്ഡ് ഡല്ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇതില് ഇരുവരും ധാരണയിലെത്തുമെന്നാണ് സൂചന. പാര്ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിയ്ക്കുന്നതിന് മുന്പ് കര്ണാടകയിലെ തര്ക്കം പരിഹരിയ്ക്കാനാണ് ഹൈക്കമാന്ഡ് നീക്കം.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ വിചിത്ര പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. സംസ്ഥാനത്ത് ഒരു "കറുത്ത കുതിര' അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ബൊമ്മെ പറഞ്ഞത്.
"കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമാണ്. നിലവിലെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ കടുത്ത ഭിന്നതയാണുള്ളത്. ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല.'-ബൊമ്മെ പറഞ്ഞു.
"ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഹൈക്കമാൻഡ് സമ്മർദത്തിലാണ്. അവർക്ക് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല. മിക്കവാറും ആരും പ്രതീക്ഷിക്കാത്ത ആൾ മുഖ്യമന്ത്രി ആകും'-ബൊമ്മെ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാനത്തെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ബൊമ്മെ പറഞ്ഞു. ഭരണം സ്തംഭിക്കാതെ ഇരിക്കാൻ ബിജെപി എല്ലാ സാധ്യതകളും നൊക്കുമെന്നും ബൊമ്മെ അറിയിച്ചു. കാരണം കർഷകർ അടക്കമുള്ളവർ പ്രതിസന്ധിയിലാണെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിക്കില്ല എന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. ഹൈക്കമാൻഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും ശിവകുമാർ പറഞ്ഞിരുന്നു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ നിർണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ വാശി പിടിക്കില്ലെന്നും പാർട്ടി പറയുന്ന എന്ത് ജോലിയും ചെയ്യുമെന്നും ശിവകുമാർ വ്യക്തമാക്കി.
"മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളുണ്ടാകില്ല. എനിക്ക് ഉടനെ മുഖ്യമന്ത്രി ആകണം എന്ന ആഗ്രഹം ഒന്നുമില്ല. പാർട്ടി ഹൈക്കമാൻഡാണ് ഈ കാര്യങ്ങളിലൊക്കെ തീരുമാനം എടുക്കേണ്ടത്. എന്ത് തീരുമാനം ഹൈക്കമാൻഡ് എടുത്താലും അംഗീകരിക്കും.'-ശിവകുമാർ പറഞ്ഞു.
സമുദായ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കണമെന്ന തരത്തിൽ വന്ന ഒരു നിർദേശത്തോടും താൻ യോജിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. തനിക്ക് ഒരു സമുദായം മാത്രമെ ഉള്ളു അത് കോൺഗ്രസാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അടുത്ത വർഷം കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഹൈക്കാൻഡ്. ഇക്കാര്യം കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് വ്യക്തമാക്കി.
ഇതിനായുള്ള വടംവലി പാടില്ലെന്നും നിര്ദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും.
പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും.
കൂട്ടായ നേതൃത്വം എന്ന നിർദേശം കേരളത്തിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമര്ശനമുണ്ട്.