Kerala
മലപ്പുറം: കോണ്‍ഗ്രസിന്റെ പിടിവാശിയും കടുംപിടിത്തവും ഇന്ത്യാ സഖ്യത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
അരീക്കോട് /”ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചു നിർത്താനാണ് ഇന്ത്യാ വേദി രൂപീകരിച്ചത്. എന്നാൽ അധികാരത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങൾ ചില കക്ഷികളെ സഖ്യത്തിൽ നിന്നകറ്റി.
ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത് കൃത്യമായ കാഴ്ചപ്പാടോടെയാണ്. കോണ്‍ഗ്രസിനെക്കുറിച്ച് എന്തെങ്കിലും വ്യാമോഹമുണ്ടായിട്ടല്ല, ബിജെപി അധികാരത്തിൽ വന്നാലുള്ള അപകടം ഒഴിവാക്കാനായിരുന്നു അത്. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടും ഇതേ കാഴ്ചപ്പാടിൽ തന്നെയാണ്.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രയാസവും സങ്കുചിത താൽപ്പര്യങ്ങളുമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന് ഉണ്ടായില്ല.
അതേസമയം പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് ആക്രമിക്കുന്നതിനും കോണ്‍ഗ്രസ് ബിജെപി സർക്കാരിന് കൂട്ടുനിന്നുവെന്നും പിണറായി ആരോപിച്ചു.
Kerala
കണ്ണൂർ: കനത്ത മഴയിൽ തളാപ് എൽഐസി റോഡിന് സമീപം പഴയ കെട്ടിടത്തിന്റെ ഒരു വശവും മതിലും പൂർണമായും തകർന്നു വീണു. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന റോഡിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. അപകടസമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മുമ്പ് എംകെബിടി പമ്പ് പ്രവർത്തിച്ചിരുന്ന, നിലവിൽ ആരും താമസമില്ലാത്ത പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്.
റോഡിന് കുറുകെ കടന്നുപോകുന്ന നിരവധി കെട്ടിട കേബിളുകൾക്കും കെഎസ്ഇബി ലൈനുകൾക്കും മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ അപകടത്തിന് മുമ്പ് തന്നെ കെഎസ്ഇബി ഈ ലൈനിലെ പവർ ഓഫ് ചെയ്തിരുന്നതിനാൽ ഷോക്കേൽക്കാനുള്ള സാധ്യത ഒഴിവായി. കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി ലൈനുകൾ അറുത്തുമാറ്റി.
തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജെസിബി ഉപയോഗിച്ച് കല്ലും മണ്ണും റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു. സിപിഎമ്മിന്റെയുംയും കോൺഗ്രസിന്റെയും ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് നടുവിലുള്ള പ്രദേശത്താണ് ഈ പോക്കറ്റ് റോഡ് സ്ഥിതി ചെയ്യുന്നത്.
District News
തിരുവനന്തപുരം: കനത്ത മഴയിൽ പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിടിഞ്ഞു വീണു. ഇന്നലെ പുലർച്ചയോടാണ് സ്കൂളിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം സമീപത്തെ റോഡിലേക്ക് ഇടിഞ്ഞു വീണത്.
സ്കൂളിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ സ്കൂളിലേക്ക് സ്ഥിരമായി നടന്നു പോകുന്ന വഴിയിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. അതേസമയം അപകടം നടന്നത് പുലർച്ചെ ആയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മഴ കനത്തതിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് മന്ത്രി എ.എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
National
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ, 14 വയസുകാരി കുഴഞ്ഞുവീണു മരിച്ചു. ജാംനഗർ സ്വദേശിനിയായ ആനന്ദി മോദിയാണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെന്ന് സംശയിക്കുന്നു.
രാജ്കോട്ടിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു ആനന്ദി. ഞായറാഴ്ച വൈകുന്നേരം കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ പരിസരത്ത് മറ്റ് കുട്ടികളോടൊപ്പം കുട്ടി കളിക്കാൻ പോയി. കൂട്ടുകാർക്കൊപ്പം ഓടികളിക്കുന്നതിനിടെ പെട്ടെന്ന് ആനന്ദി കുഴഞ്ഞുവിഴുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
ഇടുക്കി: പീരുമേട് പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒന്നു വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം കെട്ടിടം തകര്‍ന്നു വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത -183 നോട് ചേര്‍ന്നുള്ള പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്ന ആളുടെ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടന്നിരുന്നത്. കെട്ടിടത്തിന്റെ അഞ്ചു നിലകളും പില്ലറില്‍ ആണ് നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് നിഗമനം.
കൊട്ടാരക്കര - ഡിണ്ടുഗല്‍ ദേശീയപാതയില്‍ പാമ്പനാർ ടൗണില്‍ തിരുഹൃദയ ദേവാലയത്തിന് എതിര്‍വശത്താണ് നിര്‍മാണം നടന്നിരുന്നത്. റോഡിന്റെ ഒരു വശത്ത് താഴ്ചയില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചു വന്നിരുന്നത്. റോഡില്‍ നിന്നു വിട്ടു നിര്മിച്ചതിനാല് ഇതിന്റെ മുന്‍വശത്ത് മണ്ണിട്ട് നികത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം കെട്ടിടം ഇടിയാന്‍ കാരണമെന്നും നിഗമനം ഉണ്ട്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപം ആളുകള്‍ താമസിക്കുന്ന മറ്റ് വീടുകളുമുണ്ട്. ഈ ഭാഗത്തേക്ക് കെട്ടിടം പതിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് മുന്‍പു തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്ത കരാറുകാരന് കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
National
ന്യഡൽഹി: ഡൽഹി സാകേതില്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഉടമ അറസ്റ്റിൽ. കരംവീർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറുപേരാണ് അപകടത്തിൽ മരിച്ചത്.
സാകേത് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കാലപ്പഴക്കവും നിർമാണത്തിലെ അപാകതകളുമാണ് അപകടകാരണമായി കരുതുന്നത്.
അനധികൃത നിര്‍മാണത്തിന് കെട്ടിട ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അപകടത്തിൽ ഡൽഹി സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് പൊട്ടി വീണ് അപകടം. കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന "ഹാപ്പി ലാന്‍ഡി'ലാണ് അപകടമുണ്ടായത്.
റൈഡിന്റെ വെൽഡിംഗ് പൊട്ടിവീഴുകയായിരുന്നു. മുപ്പതോളം പേര് അപകട സമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരിക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
International
മനില: ഫിലിപ്പീൻസിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. 17 പേരെ കാണാതായി.
തലസ്ഥാനമായ മനിലയ്ക്കു വടക്ക് ആഞ്ചലസ് നഗരത്തിലായിരുന്നു അപകടം. കാണാതായവരിൽ കൂടുതൽ പേരും നിർമാണത്തൊഴിലാളികളാണ്. സമീപത്തെ ഹോട്ടലിനു മുകളിലേക്കാണ് കെട്ടിടം തകർന്നുവീണത്. ഹോട്ടലിലുണ്ടായിരുന്നവരെയും കാണാതായിട്ടുണ്ട്.
ഒന്‍പതുനില കെട്ടിടത്തിനാണ് അനുമതി നല്‍കിയതെന്നും പത്താം നിലയിൽ നീന്തൽക്കുളം നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Business
ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ഡോളറിനെതിരേ 58.39 രൂപയായിരുന്നു വിനിമയനിരക്ക്.
രൂപയുടെ മൂല്യം കൂട്ടുമെന്ന അവകാശവാദങ്ങൾ ഫലിക്കാതെ പലപ്പോഴായി മൂല്യം ഇടിഞ്ഞുകൊണ്ടേയിരുന്നു. ഏറ്റവുമൊടുവിൽ 2020 മാർച്ചിലാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 75 രൂപയിലേക്കു വീണത്.
2022 ജൂലൈയിൽ രൂപ 80 എന്ന പരിധിയിലേക്ക് തകർന്നു. 2024 ഡിസംബറിൽ ഡോളറിന് 85 രൂപയായി. കഴിഞ്ഞ ഡിസംബറിൽ ചരിത്രത്തിലെ വൻതകർച്ചയായ 90 രൂപയിലേക്ക് ഇടിഞ്ഞു.
ഇപ്പോഴാകട്ടെ 95 എന്ന പരിധിയും കടന്ന് അതിവേഗം ആശങ്കാജനകമായ 100 രൂപയിലേക്കുള്ള വീഴ്ച തുടരുന്നു. വെറും 17 മാസംകൊണ്ടാണ് രൂപയുടെ മൂല്യത്തിൽ 12 രൂപയോളം തകർച്ചയുണ്ടായത്.
മുന്‍പൊരിക്കലും ഇത്ര വേഗത്തിൽ രൂപയുടെ വിലയിടിഞ്ഞിട്ടില്ലെന്ന് സാന്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടി.
District News
ഏഴംകുളം: മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കേ അറ്റകുറ്റപ്പണികൾ നടത്താത്തതിനേത്തുടർന്ന് ഏഴംകുളം ഇടതുകര കനാൽ തകർച്ചാ ഭീഷണിയിൽ. കനാലിന്റെ തുടക്കഭാഗങ്ങളിലെ പാർശ്വഭിത്തികളിലെ കോൺക്രീറ്റ് പാളികൾ പലയിടത്തും പൂർണമായും പൊളിഞ്ഞുവീണ നിലയിലാണ്.
ഭിത്തികൾ തകർന്നത് കനാൽക്കരകളിൽ കനത്ത മണ്ണിടിച്ചിലിന് കാരണമാകുന്നുണ്ട്.
കാലവർഷം ശക്തമാകുന്നതോടെ കനാലിന്റെ വശങ്ങൾ കൂടുതൽ ഇടിയാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. കനാലിൽ ചോർച്ചയുണ്ടായാൽ മഴക്കാലത്ത് കുത്തിയൊലിച്ചുവരുന്ന ചെളിവെള്ളം സമീപത്തെ കുടിവെള്ള കിണറുകളിലേക്ക് ഇറങ്ങുമെന്നും ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
പൊളിഞ്ഞുവീണ മണ്ണും ഇളകിക്കിടക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും നിലവിൽ പെരുച്ചാഴികളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്.
കനാൽക്കരയിലെ ഈ അവസ്ഥ കാരണം സമീപത്തെ വീടുകളിലും പരിസരങ്ങളിലും എലി ശല്യം അതിരൂക്ഷമായിട്ടുണ്ട്. വേനൽക്കാലത്ത് കനാലിലൂടെ വെള്ളം തുറന്നുവിടുന്നതിന് മുൻപോ, മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായിട്ടോ കനാൽക്കരകളിലെ കാടുകൾ വെട്ടിത്തെളിക്കാൻ അധികൃതർ തയാറായിട്ടില്ല.
ഏഴംകുളത്തെ കനാലുകളുടെ അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടത്തിയിട്ട് വർഷങ്ങളേറെയായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാലവർഷം കനക്കുന്നതിന് മുൻപായി കനാൽ അടിയന്തരമായി വൃത്തിയാക്കാനും തകർന്ന വശങ്ങൾ പുനർനിർമിക്കാനും ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Kerala
കൊച്ചി: എറണാകുളം കളമശേരിയില്‍ അജ്ഞാത വാഹനം ഇടിച്ച് പള്ളിയുടെ മതില് തകര്‍ന്നു. കളമശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ മതിലാണ് തകര്‍ന്നത്.
രാത്രിയോടെയാണ് സംഭവം. എന്നാല്‍ ഇടിച്ചിട്ട വണ്ടി ഏതാണെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു മുമ്പും പള്ളിയുടെ മതില് വാഹനം ഇടിച്ചിട്ട് തകര്‍ന്നിട്ടുണ്ട്.
ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റ് ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ ആറാട്ടുകടവ് ഭാഗത്തു നിന്നും വലത്തോട്ടു തിരിയുന്നതിന് പകരം കാര്‍ബോറാണ്ടം റോഡ് വഴി പോകുന്നതാണ് അപകടത്തിന് കാരണമാകുന്നത്. സിസിടിവി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പള്ളി ഭാരവാഹികള്‍.
Kerala
മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ് ഇടിഞ്ഞുവീണ് ആറ് വയസുകാരന് മരിച്ചു. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന് സിഫ്രാന്‍ ആണ് മരിച്ചത്.
സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. തുണികള്‍ ഉണക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകള്‍ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ ഉടന്‍തന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിന്, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
National
ബംഗളൂരു: ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയുടെ മതില് തകര്‍ന്ന് ഏഴ് പേര് മരിക്കാനിടയായ സംഭവത്തില്‍ കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് ബി.എസ്. പാട്ടീല്‍ മുന്നറിയിപ്പ് നല്കി.
ഇന്നലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച ലോകായുക്ത, അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും ആലിപ്പഴം വീഴ്ചയിലുമാണ് ആശുപത്രിയുടെ മതില് തകര്‍ന്നു വീണത്.
രണ്ടു മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തില്‍ മരിച്ചത്. മഴയില്‍ നിന്നും രക്ഷനേടാനായി മതിലിനോട് ചേര്‍ന്ന് അഭയം പ്രാപിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
District News
കരുമാലൂർ: തടിക്കകടവ്-അടുവാശേരി പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു. സ്ലാബുകൾ തകർന്ന് ഇളകിമാറി ഗർത്തംപോലെ രൂപപ്പെടുന്ന അവസ്ഥ എത്തിയതോടെ വൻ അപകട ഭീഷണി. ഇരുചക്രവാഹനക്കാർ രാത്രി സമയങ്ങളിൽ ഈ ഗർത്തത്തിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്.
30 സെന്റീമീറ്ററോളം ആഴത്തിൽ പാലത്തിന്റെ കോൺക്രീറ്റ് തകർന്നിട്ടുള്ളതായി നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ദിവസം കൂടുന്തോറും കൂടുതൽ ഭാഗത്തെ കോൺക്രീറ്റ് തകരുകയാണ്. മാസങ്ങൾക്കു മുൻപ് ഇപ്പോൾ തകർന്ന ഭാഗത്തിനു സമീപത്തായി കുറച്ചു ഭാഗം ആദ്യം തകർന്നപ്പോൾ അധികൃതരെത്തി സിമന്റ് തേച്ച് തടിതപ്പുകയാണു ചെയ്തതെന്നു നാട്ടുകാർ പറഞ്ഞു.
ഈ അവസ്ഥ തുടർന്നാൽ പാലത്തിനു കൂടുതൽ വിള്ളലുണ്ടാകുമെന്നാണു വിലയിരുത്തൽ. പാലത്തിന്റെ നടുക്കായി തകർച്ച സംഭവിച്ചിരിക്കുന്നത്.കരുമാലൂർ, കുന്നുകര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പെരിയാറിനു കുറുകെയാണ് പാലം നിർമിച്ചത്.
33 കോടിയിലേറെ രൂപ ചെലവഴിച്ചായിരുന്നു നിർമാണം. കേരള കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമാണ ചുമതല.പലയിടത്തു നിന്നും നെടുമ്പാശേരി എയർപോർട്ട്, അങ്കമാലി, മാഞ്ഞാലി, മാള എന്നിവിടങ്ങളിലേക്കു ഈ പാലം വഴി എളുപ്പത്തിൽ പോകാൻ കഴിയുമായിരുന്നു. അതിനാൽ നൂറുകണക്കിനു വാഹനങ്ങളാണു ദിവസേന ഇതുവഴി കടന്നുപോയിരുന്നത്.
എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ പാലത്തിന് തകർച്ച സംഭവിക്കുമെന്നു പരിസരവാസികൾ ആശങ്കപ്പെടുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. വിമാന ഇന്ധനത്തിന്റെ അമിതവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കമ്പനികൾ നൽകുന്നത്.
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് ഇന്ധനവില അടിയന്തരമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു ശതമാനം ഇന്ധനത്തിനായാണ് ചെലവാകുന്നത്. ആഗോളതലത്തിൽ ഇന്ധനവില വർധിച്ചതോടെ കമ്പനികളുടെ ലാഭവിഹിതം ഇല്ലാതാവുകയും ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസപ്പെടുന്ന അവസ്ഥയിലുമാണ്.
വ്യവസായം നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണെന്നും സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ നിർത്തിവെക്കുകയോ ചെയ്യേണ്ടി വരുമെന്നും കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കാതെ തന്നെ ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ നികുതി ഇളവുകളോ മറ്റ് സാമ്പത്തിക പാക്കേജുകളോ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വ്യോമയാന മേഖല.
International
ടെഹ്റാൻ: ഇസ്രേലി സേന ലബനനിൽ നടത്തിയ കൂട്ടക്കൊല അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാനിലെ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സയീദ് കത്തീബ്സാദെ ബിബിസിയോടു പറഞ്ഞു.
രണ്ടാഴ്ച വെടി നിർത്താനുള്ള കരാറിൽ ലബനനും ഉൾപ്പെടുന്നതായി അദ്ദേഹം അവകാശപ്പെട്ടു. വെടിനിർത്തലാണോ യുദ്ധമാണോ വേണ്ടതെന്ന് അമേരിക്ക തീരുമാനിക്കണം.
അമേരിക്ക-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലധികം പേരാണു കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെടുന്നില്ലെന്നും ആക്രമണം തുടരുമെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.
ഹിസ്ബുള്ള വെടിനിർത്തൽ പാലിക്കുന്നതായി ഇറാൻ മന്ത്രി അവകാശപ്പെട്ടു. ഇസ്രേലി ആക്രമണം വെടിനിർത്തൽ ധാരണ തകരാൻ ഇടയാക്കുമെന്ന സന്ദേശം യുഎസിന് ഇറാൻ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി. സുരക്ഷ പരിശോധന നടത്തണമെന്ന് നിർദേശിച്ച കോടതി ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും നിർദേശം നൽകി. പള്ളിമുക്ക് മുതൽ വൈറ്റില വരെയുള്ള റോഡ് ആണ് താഴ്ന്നു നിൽക്കുന്നത്.
മെട്രോ പില്ലറുകൾ സ്ഥാപിക്കാനായി പൈലിംഗ് നടത്തിയ ശേഷമാണ് റോഡ് ഇടിയാൻ ആരംഭിച്ചത്. മെട്രോ പില്ലറിന് ചുറ്റും റോഡ് ഉയർന്നു നിൽക്കുകയും ബാക്കി താഴ്ന്നു നിൽക്കുന്ന അവസ്ഥയിലുമാണ്. ഇതിൽ അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് എത്തിയ ഹർജിയിലാണ് ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയത്.
നിരപ്പല്ലാത്ത ഭാഗങ്ങൾ നിരപ്പാക്കാനും പൊങ്ങി നിൽക്കുന്ന ഭാഗത്ത് റിഫ്ലെക്ടറുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഒരു വിദഗ്ധ സമിതി ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റീസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി.
Kerala
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ പി.ടി. രാജന് (57) ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോടനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.
കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവച്ച് നേതാവ് വാഹനത്തില്‍നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
തുറവൂർ (ആലപ്പുഴ) : അന്ധകാരനഴി അഴിമുഖത്തെ സ്പിൽവേ ഷട്ടറുകളുടെ മുന്നിൽ മണൽ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചതോടെ ഷട്ടറുകൾ തകർച്ചയിൽ.
നിലവിൽ തെക്കുവടക്ക് ഭാഗങ്ങളിലെ സ്പിൽവേ ഷട്ടറുകളിൽ ചിലത് തുറന്നു വച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാത്ത സാഹചര്യമാണുള്ളത്.അന്ധകാരനഴി പൊഴിമുഖത്തും മണലടിഞ്ഞിരിക്കുന്നതിനാൽ പൊഴിച്ചാലിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാൻ സാധിക്കുന്നില്ല.
നിലവിൽ ഷട്ടറുകളുടെ മുൻഭാഗത്തായി വൻതോതിൽ മണ്ണടിഞ്ഞിരിക്കുന്നത് ഷട്ടറുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഷട്ടറുകളുടെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന അവസ്ഥയാണ്. വേനൽ മഴയോ മറ്റോ ഉണ്ടായാൽ പ്രദേശം മുഴുവൻ വെള്ളക്കെട്ടാണ്. അടിയന്തരമായി ഈ ഭാഗത്തെ മണൽ നീക്കം ചെയ്തില്ലെങ്കിൽ അന്ധകാരനഴി വടക്ക് തെക്ക് ഷട്ടറുകളുടെ പ്രവർത്തനം പൂർണമായി തകരുകയും വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും ചെയ്യും. നിലവിൽ ഷട്ടറുകൾ ഉയർത്തുവാനോ, താഴ്ത്തുവാനോ സാധിക്കാത്ത അവസ്ഥയാണ്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചോ മണൽ വാരൽ തൊഴിലാളികളെക്കൊണ്ടോ ഷട്ടറുകളുടെ മുന്നിലെമണൽ നീക്കം ചെയ്യുവാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
Kerala
കോഴിക്കോട്: വീണ്ടും ഇടതുപക്ഷം വന്നാല്‍ കേരളം തകരുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തില്‍ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വര്‍ധിപ്പിച്ചതുമാണ് സര്‍ക്കാരിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫ് കോഴിക്കോട്ടു സംഘടിപ്പിച്ച മഹാറാലിയിൽ പ്രസംഗിക്കുകയായിരുന്നു ഖാർഗെ.
കേരള മോഡല്‍ തകര്‍ത്ത പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റി. മയക്കുമരുന്ന് കേസില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തി. ആരോഗ്യ മേഖല തകര്‍ത്തു. യോഗ്യതയില്ലാത്തവരെ പിന്‍വാതിലിലൂടെ ജോലിയില്‍ തിരുകിക്കയറ്റി. ശബരിമല വിഷയത്തില്‍പോലും ഭക്തരെ സര്‍ക്കാര്‍ വഞ്ചിച്ചു. ശബരിമലയില്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വര്‍ണക്കൊള്ള നടത്തിയ പ്രതികള്‍ക്ക് മുഴുവന്‍ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.
വിദേശത്തുനിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല. ലയണല്‍ മെസി വരുമെന്ന് പറഞ്ഞ് യുവാക്കളെ പറ്റിച്ച സര്‍ക്കാര്‍ കായിക പ്രേമികളെ നിരാശപ്പെടുത്തി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കര്‍ണാടകയിലും തെലുങ്കാനയിലും ഹിമാചല്‍ പ്രദേശിലും നല്കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ നേരിടാന്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 40 ലക്ഷം തൊഴിലവസരം നൽകുമെന്ന പച്ചക്കള്ളമാണ് എൽഡിഎഫ് പറയുന്നത്. ഇത് എല്ലാവർഷവും രണ്ടു കോടി തൊഴിൽ നൽകുമെന്നു നുണ പറഞ്ഞ നരേന്ദ്ര മോദിയുടെ രീതിക്കു സമാനമാണ്. ലയണൽ മെസിയെ കൊണ്ടുവരുമെന്നാണ് എൽഡിഎഫ് സർക്കാർ പറഞ്ഞത്.
എന്നാൽ പതിവുപോലെ അതിലും എല്ലാവരെയും അവർ പറ്റിച്ചു. മെസി, റൊണാൾഡോ പോലുള്ള രാജ്യാന്തര താരങ്ങൾക്ക് എത്താനാകുന്ന രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം കേരളത്തിൽ യുഡിഎഫ് കൊണ്ടുവരുമെന്നും ഖാര്‍ഗെ പ്രഖ്യാപിച്ചു. ഷാഫി പറമ്പില്‍ എംപിയാണ് ഖാര്‍ഗെയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
സോണിയാ ഗാന്ധി അസുഖബാധിതയായി ആശുപത്രിയില്‍ ആയതിനാല്‍ രാഹുല്‍ ഗാന്ധി ഓണ്‍ ലൈനായാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
മസ്കറ്റ്: ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം.
കുട്ടികള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് പഴയ കെട്ടിടമായിരുന്നു. അതേസമയം ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി.
മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികളും മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
National
പാറ്റ്ന: ബിഹാറിലെ ഗംഗാ നദിക്ക് കുറുകെയുള്ള വിക്രംശില സേതു പാലത്തിൽ വിള്ളലുകൾ വീണു തുടങ്ങി. വടക്കൻ ബിഹാറിനെയും തെക്കൻ ബീഹാറിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
അമിത ഗതാഗതക്കുരുക്ക് പാലത്തിന്റെ ഘടനയെ ബാധിക്കുന്നതിനിടെയാണ് തൂണുകൾക്ക് ചുറ്റുമുള്ള സുരക്ഷാ ഭിത്തികൾ തകരുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു തൂണിന്റെ സംരക്ഷണ പാളി പൂർണമായും നശിച്ചു. മറ്റ് രണ്ട് തൂണുകളുടെയും ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പാലത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ഉടൻ തന്നെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ സിസിടിവി കാമറകൾ വഴിയും ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിച്ചും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ വൈകുന്നത് വലിയ അപകടത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Kerala
കോട്ടയം: പാലാ ഉഴവൂരില്‍ ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. അണ്ടൂര്‍ മരങ്ങാട്ടുപിള്ളി ഐരാറ്റില്‍ ഹരിദാസ് പണിക്കര്‍ ആണ് മരിച്ചത്.
കുഴഞ്ഞു വീണ ഉടന്‍തന്നെ ഉഴവൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
National
ചെന്നൈ: സ്റ്റാലിൻ സർക്കാർ തമിഴ്നാട്ടിൽ ക്രമസമാധാനം തകർത്തുവെന്ന് ആരോപിച്ച് എൻഡിഎയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് എൻഡിഎ നേതാക്കൾ വ്യക്തമാക്കി.
ചെന്നൈയിൽ നടക്കുന്ന പ്രതിഷേധ യോഗം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി ഉദ്ഘാടനം ചെയ്യും. സഖ്യത്തിലെ പ്രധാന കക്ഷിയായ ബിജെപിയുടെ മുതിർന്ന നേതാക്കളും വിവിധയിടങ്ങളിൽ സമരത്തിന് നേതൃത്വം നൽകും.
ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ മധുരയിലും, കെ. അണ്ണാമലൈ കോയമ്പത്തൂരിലും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും. തിരുനെൽവേലിയിൽ തമിഴിസൈ സൗന്ദർരാജനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
സഖ്യകക്ഷികളായ എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ തഞ്ചാവൂരിലും തമിഴ് മാനില കോൺഗ്രസ് അധ്യക്ഷൻ ജി.കെ. വാസൻ ഈറോഡിലും പ്രതിഷേധ യോഗങ്ങളിൽ പങ്കെടുക്കും.
Kerala
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിട ഭാഗം തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.
കഴിഞ്ഞ ജനുവരി 28 നാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് വാര്‍ഡില്‍ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കിയുണ്ടായിരുന്ന സണ്‍ഷേഡ് സ്ലാബാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്ന് വീണത്.
പാരപ്പറ്റിന് മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ ഓടി മാറിയെങ്കിലും ഭരതിന് നട്ടെല്ലിനും തലക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഭരത്.
Kerala
കോഴിക്കോട്: വലിയങ്ങാടിയില്‍ വീണ്ടും സ്ലാബ് തകര്‍ന്ന് അപകടം. ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്.
ഇന്ന് രാവിലെ 10.30 ടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. ഉമ്മര്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. പ്രധാന വ്യാപാര കേന്ദ്രത്തിന്റെ സമീപത്തുള്ള വാടിയില്‍ ലൈനിലാണ് സംഭവം,
കെട്ടിടത്തിന്റെ ഇരുമ്പ് സ്ലാബ് താഴെ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിന്റെ ആസ്ബറ്റോസ് ഷീറ്റുകള്‍ക്ക് മുകളിലേക്കാണ് വീണത്. ഇതോടെ മേല്‍ക്കൂരയും തകര്‍ത്ത് സ്ലാബ് താഴെ വീണു. അപകട സമയത്ത് ആളുകള്‍ ഉണ്ടാകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. മൂപ്പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടമാണിത്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് കോർപ്പറേഷനിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ള നേതാക്കൾ പ്രകടനവുമായെത്തി.
കോർപ്പറേഷൻ പരിസരത്തേക്ക് മതിൽ ചാടിക്കടന്ന് പ്രവേശിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചു.
പോലീസുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ നേതാക്കന്മാരും പ്രവർത്തകരും കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്.
കോർപ്പറേഷൻ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വീഴ്ച പരിശോധിക്കുമെന്ന് മേയർ പ്രതികരിച്ചു.
കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് തൊഴിലാളികൾ മരിച്ചു. മരിച്ച തൊഴിലാളികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്. തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് നാല് വയസുകാരി മരിച്ചു. ഫിറോസാബാദിലെ ദൗലത്പുർ ഗ്രാമത്തിൽ ആണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര നിർമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബവും നിർമാണ തൊഴിലാളികളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു.
തുടർന്ന് പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടുടമസ്ഥന്റെ നാലര വയസുള്ള മകൾ മരണപ്പെടുകയായിരുന്നു.
International
കിൻഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) റുബായയിലുള്ള കോൾട്ടൻ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 200 ൽ അധികം പേർ മരിച്ചു.
മരിച്ചവരിൽ അധികം പേരും ഖനി തോഴിലാളികളും സ്ത്രീകളും കുട്ടികളുമാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഖനി തകരാൻ കാരണമായതെന്നും 227 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഗുരുതരമായ പരിക്കേറ്റ 20 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോകത്തിലെ കോൾട്ടൺ ഉൽപാദനത്തിന്റെ 15 ശതമാനത്തോളവും ഈ ഖനിയിൽ നിന്നാണ് ലഭിക്കുന്നത്.
മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, എയ്റോസ്പേസ് ഘടകങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ടാന്റലത്തിന്റെ പ്രവർത്തനം നടക്കുന്നത് ഇവിടെയാണ്.
District News
കല്ലൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആള്‍മറ ഇടിഞ്ഞുവീണ് കല്ലൂര്‍ സ്വദേശി മരിച്ചു. അയ്യങ്കോട് വട്ടപുള്ളി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ശാന്തയുടെയും മകന് ജയനാണ് (47) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപത്തുള്ള പറമ്പിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആള്‍മറ ഇടിയുകയായിരുന്നു. ഇതോടെ ആള്‍മറയില്‍ പിടിച്ചു നിന്നിരുന്ന ജയന് കിണറ്റിലേക്ക് വീഴുകയായിരുന്നു.
പുതുക്കാട് അഗ്നിരക്ഷയേന എത്തിയാണ് ജയനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. പരിക്കേറ്റ ജയനെ ആദ്യം വെണ്ടോരിലെ സ്വകാര്യആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍: ഷാബു, രജീന്ദ്രന്‍, പരേതനായ മോഹനന്.
NRI
ഫ്ലോറിഡ: സിട്രസ് കൗണ്ടിയിൽ വിനോദത്തിനായി കുഴിച്ച മണൽ തുരങ്കം ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർഥികളായ ജോർജ് വാട്ട്സ് (14), ഡെറിക് ഹബ്ബാർഡ് (14) എന്നിവരാണ് മരിച്ചത്.
സ്പോർട്സ്മാൻ പാർക്കിലാണ് സംഭവം. ഏകദേശം അഞ്ച് അടി ആഴമുള്ള കുഴിയെടുത്ത് അതിൽ തുരങ്കം നിർമിക്കുകയായിരുന്നു കുട്ടികൾ. ഈ സമയത്ത് പെട്ടെന്ന് മണൽ ഇടിയുകയും കുട്ടികൾ അതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.
സഹോദരങ്ങളെപ്പോലെ വളർന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു വിനോദം വലിയൊരു ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് പ്രദേശം.
സമാനമായ അപകടങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മണൽത്തിട്ടകളിലും കടൽതീരങ്ങളിലും വലിയ കുഴികൾ നിർമിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
International
മനില: ഫിലിപ്പീന്‍സില്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. 38 പേര് കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.
തുറസായ പ്രദേശത്ത് സംസ്കരണത്തിനായി എത്തിക്കുന്ന മാലിന്യത്തിന്റെ കൂമ്പാരമാണ് പ്രദേശത്തെ ചെറിയ കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് ഇടിഞ്ഞുവീണത്.
Kerala
തൃശൂർ: ചേലക്കരയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വാർഡ് മെമ്പർ കുഴഞ്ഞുവീണു.
24-ാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സരിത പ്രഭാകരനാണ് കുഴഞ്ഞുവീണത്. സത്യപ്രതിജ്ഞാ വാചകം ചൊല്ലിയതിനു ശേഷം ഒപ്പു വയ്ക്കുന്നതിനിടെ സരിത പ്രഭാകരൻ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യനില തൃപ്തികാര്യമാണെന്ന് അധികൃതർ അറിയിച്ചു.ബിപി കുറഞ്ഞതാണ് കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നാല് വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും മറ്റ് രണ്ട് പേർ രക്ഷപെടുകയും ചെയ്തുവെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ പ്രതാപ് പറഞ്ഞു.
അപകടസാധ്യതകൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ബലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Kerala
പാലാ: യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചില്‍ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകള്‍ നീനു (29) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുഴഞ്ഞു വീണത്. വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങള്‍ നിമ്മി, നീതു.
Sports
ധരംശാല: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. നിശ്ചിത 20 ഓവറില്‍ ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കയ്ക്ക് 117 റൺസാണ് നേടാനായത്.
46 ബോളിൽനിന്ന് 61 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മാര്ക്രത്തെക്കൂടാതെ ഡൊണോവൻ ഫെരേര 15 ബോളിൽ 20 റൺസ്, ആന്റിച്ച് നോർജെ 12 ബോളിൽ 12 റൺസ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടവർ.
ഇന്ത്യക്ക് വേണ്ടി ഹര്‍ഷിത് റാണയും വരുൺ ചക്രവർത്തിയും അര്‍ഷ്ദീപ് സിംഗും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും ഹർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും നേടി.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്‍പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
Kerala
കോട്ടയം: എരുമേലിയില്‍ കുളിക്കുന്നതിനിടെ ശബരിമല തീര്ഥാടകന് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി സമ്പുവകുമാര് ശിവസ്വാമി (31) ആണ് മരിച്ചത്.
ഇന്നു രാവിലെ ഒമ്പതിനാണ് സംഭവം. വലിയ തോട്ടില്‍ കുളിച്ച ശേഷം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ്വേ തകർന്ന് ആറ് പേർ മരിച്ചു. പാവഗഡിലെ കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ്വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്.
പാവ്ഗഡിലെ പ്രശസ്തമായ ശക്തിപീഢത്തിലാണ് അപകടമുണ്ടായത്. ആറ് പേർ അപകടത്തിൽ മരിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തി.
കാബിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാളികാ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനായി പ്രദേശത്ത് പാസഞ്ചർ റോപ്പ്വേ ഉണ്ട്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പാസഞ്ചർ ട്രോളി അടച്ചിട്ടിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ അനധികൃതമായി നിര്‍മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു.
അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്.
കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്.
അപകടം നടന്ന് മണിക്കൂറുകളായിട്ടും തകര്‍ന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെടുത്തത്.
അപകടത്തെ തുടര്‍ന്ന് 20 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇന്ദു റാണി ജഖര്‍ സ്ഥിരീകരിച്ചു.
അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ ചന്ദന്‍സര്‍ സമാജ്മന്ദിരിലേക്ക് മാറ്റി. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായും മറ്റുള്ളവര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കിടെ മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.