International
കയ്റോ: സുഡാനിൽ സ്വർണഖനി തകർന്നുവീണ് 67 പേർ മരിച്ചു. നുഹുദ് പട്ടണത്തിനു സമീപമുള്ള അൽ-സാര സ്വർണഖനിയാണു തകർന്നുവീണത്.
വെസ്റ്റ് കോർദോഫാൻ പ്രവിശ്യയിലെ നുഹുദ് പട്ടണം പാരാമിലിട്ടറി സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റെ (ആർഎസ്എഫ്) നിയന്ത്രണത്തിലാണ്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സുഡാൻ ഡോക്ടേഴ്സ് നെറ്റ്വർക്ക് അറിയിച്ചു.
Kerala
പാലക്കാട്: പാലക്കാട് വനിതകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു. ഇന്ന് രാവിലെയാണ് സംഭവം.
ആശുപത്രിയിൽ ഒപി ടിക്കറ്റ് നൽകുന്ന കൗണ്ടറിന് മുന്നിലാണ് സീലിംഗ് അടർന്നുവീണത്. ഒപിയിൽ ആളുകൾ വരിനിൽക്കുന്ന സമയത്താണ് സംഭവം. ആളുകൾ നിൽക്കാത്ത ഭാഗത്തായതിനാൽ അപകടമൊഴിവായി.
നേരത്തെയും സമാന സംഭവമുണ്ടായെന്ന് രോഗികൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച എംഎൽഎ രമേശ് പിഷാരടി ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നും രോഗികൾ ആരോപിച്ചു.
National
മാധാപുർ: ഹൈദരാബാദിലെ മാധാപുർ അഞ്ജയ്യ നഗറിൽ നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതിനാൽ, അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി സൈബരാബാദ് പോലീസ് അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തകർന്നുവീണ ഈ കെട്ടിടത്തിന് നിർമാണ അനുമതി ഉണ്ടായിരുന്നില്ലെന്നും ഇത് മുൻപ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും കോൺഗ്രസ് എംഎൽഎ അരേകപുടി ഗാന്ധി ആരോപിച്ചു.
Kerala
കൊച്ചി: ആലുവയില് തിയറ്ററില് പോലീസുകാരന് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി സിറ്റി എആര് ക്യാമ്പിലെ ഉദ്യോഗസ്ഥനായ സ്വാബസ് ശിവദാസ് (38) ആണ് മരിച്ചത്.
രാവിലെ ഒമ്പതോടെ ആലുവ സീനത്ത് തിയറ്ററില് സിനിമ കാണാനെത്തിയതായിരുന്നു. സിനിമ നടന്നു കണ്ടുക്കൊണ്ടിരിക്കെ അസ്വസ്ഥത തോന്നി ശുചിമുറിയിലേക്ക് പോയ സ്വാബസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന് തന്നെ പോലീസ് എത്തി തൊട്ടടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം തുടര് നടപടികള്ക്കായി ആലുവ ജില്ല ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നല്കും. സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
നൈസാം ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭാലിലെ മദാല ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് വിദ്യാർഥികളുടെ മേൽ തകർന്നു വീണത്.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഘടന തകർന്നു വീഴുകയായിരുന്നു.
വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.
Kerala
കണ്ണൂർ: ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് മരിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രാൻസ്ഫർ ഓർഡർ വന്നതിനു പിന്നാലെയാണ് സംഭവം.
സ്ഥലംമാറ്റത്തിൽ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശിയാണ്.
Kerala
തൊടുപുഴ: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നുവെങ്കിലും, ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ആളുകൾ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി.
തുടർച്ചയായി സീലിംഗ് തകർന്നു വീഴുന്ന ഈ പഴയ കെട്ടിടത്തിൽ ജീവനക്കാരും കടുത്ത ഭയത്തോടെയാണ് കഴിയുന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.
Kerala
പാലക്കാട്: കൊല്ലങ്കോട്ട് പഴയ വാട്ടർ ടാങ്ക് പൊളിച്ച് മാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി തകർന്നു വീണ് വൻ അപകടം. മെഷീനുകൾ ഉപയോഗിച്ച് ടാങ്ക് പൊളിച്ചുനീക്കാൻ ശ്രമിക്കുന്നതിനിടെ, കണക്കുകൂട്ടിയ ഭാഗത്തിന് എതിരായി മറുവശത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഈ അപ്രതീക്ഷിത വീഴ്ചയിൽ സമീപത്തെ ഒരു വീടിന്റെ മേൽക്കൂരയും വില്ലേജ് ഓഫീസിന്റെ മതിൽക്കെട്ടും ഗേറ്റും തകർന്നു തരിപ്പണമായി. തൊഴിലാളികളും നാട്ടുകാരുമടക്കം നിരവധി പേർ ഈ സമയം സ്ഥലത്തുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
അപകടത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും പ്രദേശത്താകെ വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് സംഭവത്തിന് ദൃക്സാക്ഷികൾ പറഞ്ഞു.
Kerala
ഇറ്റാനഗർ: അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിലെ ചിംപുവിന് സമീപമുള്ള പാലത്തിന് സമീപം റോഡരികിലെ സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ന്യൂ ഡംപിംഗ് സോണിന് സമീപം സംഭവം നടന്നതെന്ന് അവർ പറഞ്ഞു. ഒരു കാറിനും സ്കൂട്ടറിനും സമീപം ഇരിക്കുകയായിരുന്ന മൂന്ന് പേർ റോഡരികിലെ സ്ലാബ് പെട്ടെന്ന് തകർന്നുവീണതിനെ തുടർന്ന് ഗർത്തത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വെള്ളം ചോർന്നൊലിച്ചതും മണ്ണൊലിച്ചുപോയതുമാണ് ഭൂമിയുടെ ബലക്ഷയത്തിനും അപകടത്തിനും കാരണമെന്ന് പ്രാഥമിക നിഗമനത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഒരാളെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റൊരാളെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആർകെഎം ആശുപത്രിയിൽ എത്തിച്ചു.
മൂന്നാമത്തെയാളെ വീണുകിടന്ന സ്ലാബിനും അവശിഷ്ടങ്ങൾക്കും അടിയിലാണ് കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. കാംലെ ജില്ലയിലെ ഡോൺ ഗ്രാമവാസിയായ താമ ബജ (27) ആണ് മരിച്ചത്. താമ ഇറ്റാനഗറിലെ ചന്ദ്രാനഗറിലായിരുന്നു താമസം. ജുള്ളോങ്ങിലെ കപ്വാംഗ് അരംഗാം (31), എച്ച്-സെക്ടറിലെ അജയ് ജെറാം (34) എന്നിവർക്കാണ് പരിക്കേറ്റത്.
National
ലക്നോ: ഉത്തര്പ്രദേശില് കനത്ത മഴയെ തുടർന്ന് വീട് തകര്ന്ന് വീണുണ്ടായ അപകടത്തില് ആറ് മരണം. വ്യാഴാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. കൊട്വാലി പോലീസ് സ്റ്റേഷന് പരിധിയിലെ മഹുലിയിലാണ് അപകടമുണ്ടായത്.
രണ്ട് കുട്ടികള് ഉള്പ്പടെ ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. 100 വര്ഷം പഴക്കമുള്ള വീടാണ് കനത്ത മഴയെ തുടർന്ന് തകർന്നുവീണത്.
അപകടസമയം ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇവരെല്ലാം ഉറങ്ങിക്കിടക്കെയാണ് കെട്ടിടം തകര്ന്നതെന്നും പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയതായും രക്ഷാപ്രര്ത്തനം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
District News
പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിൽ നിന്ന് ചെറുപുഴ കോലുവള്ളിയിലേക്കുള്ള കമ്പിപ്പാലം മലവെള്ളപ്പാച്ചിലിൽ തകർന്നതോടെ മുനയംകുന്നിലും സമീപപ്രദേശങ്ങളിലും നിന്നുള്ളവർക്ക് ചെറുപുഴ ടൗണിലെത്താനുള്ള എളുപ്പവഴിയടഞ്ഞു. മലയോരത്തെ ഏറ്റവും നീളം കൂടിയ കമ്പിപ്പാലങ്ങളിൽ ഒന്നായിരുന്നു ഇത്. കാലപ്പഴക്കത്തെ തുടർന്ന് കമ്പിപ്പാലത്തിലെ മരപ്പലകകൾ ദുർബലമായതോടെ ഏറെക്കാലമായി പാലം അപകടാവസ്ഥയിലായിരുന്നു.
പാലം തകർന്നതോടെ ഈ ഭാഗത്തുള്ള വിദ്യാർഥികളുൾപ്പെടെയുള്ളവർക്ക് ഇനി ചെറുപുഴയിലെത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയായി. ഇതുവരെ പാലം കടന്ന് കോലുവള്ളിയിലെത്തിയാണ് ഇവർ ചുരുങ്ങിയ ദൂരത്തിൽ ചെറുപുഴയിലേക്കു പോയിരുന്നത്. ഇനി ഇവർക്ക് വലിയ തുക നൽകി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരും.
ഏതാനും വർഷം മുമ്പ് പാലത്തിന്റെ മരപ്പലക തകർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട യുവതിയും കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ മുൻകൈയെടുത്തും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചും അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും പിന്നീട് വീണ്ടും പാലം അപകടസ്ഥിതിയിലാവുകയായിരുന്നു.
മുനയംകുന്ന്, കോലുവള്ളി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു റഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചുകൊണ്ട് ജലസേചനത്തിനും ഗതാഗത്തിനും സൗകര്യമൊരുക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജലവിഭവ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന് ഇതുസംബന്ധിച്ച് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. കമ്പിപ്പാലത്തിന്റെ അപകടസ്ഥിതിയും റഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണൻ എംഎൽഎയും ആഴ്ചകൾക്കു മുമ്പ് ഇവിടം സന്ദർശിച്ചിരുന്നു.
District News
ഹരിപ്പാട്: കനത്ത കാറ്റിലും മഴയിലും മുട്ടം എഥീന എഡ്യൂക്കേഷൻ സെ ന്ററിനു സമീപം ബിഎസ്എൻഎൽ മൊബൈൽ ടവർ തകർന്നുവീണു. എഥീനയുടെ കിഴക്കുവശത്ത് ടവർ നിന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾക്കും എഥീന എഡ്യൂക്കേഷൻ സെന്ററിന്റെ സൈക്കിൾ ഷെഡിനുമാണ് നാശനഷ്ടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് കൂറ്റൻ ടവർ ഒടിഞ്ഞുവീണത്. മുമ്പ് ബിഎസ്എൻഎൽ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്.
പ്രദേശത്തെ പ്രധാന വൈദ്യുത ലൈനുകൾക്ക് മുകളിലേക്കാണ് ടവർ പതിച്ചത്. അപകടവിവരമറിഞ്ഞ് പുലർച്ചെ രണ്ടിന് തന്നെ കെഎസ്ഇബി ജീവനക്കാരെത്തി അടിയന്തരമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പൊട്ടിവീണ ലൈനുകൾ അഴിച്ചുമാറ്റുകയും ചെയ്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.
National
താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. മൂന്നോ നാലോ പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് ബാലാജി നഗർ പ്രദേശത്തെ കോഹിനൂർ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു.
മൊത്തം 48 മുറികളുള്ളതാണ് ഈ കെട്ടിടം (ഓരോ നിലയിലും 12 വീതം). ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
വ്യാഴാഴ്ച രാത്രി ഒന്പതോടെ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻകരുതലായി നാട്ടുകാർ ഉടൻതന്നെ പല കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ചില താമസക്കാർ പുറത്തേക്ക് ഇറങ്ങിക്കൊണ്ടിരിക്കെ കെട്ടിടത്തിന്റെ 'ബി' വിംഗ് നിലത്തേക്ക് പതിക്കുകയായിരുന്നു.
ദേശീയ ദുരന്തനിവാരണ സേന, താനെ ദുരന്തനിവാരണ സേന, പ്രാദേശിക അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോഗ് സ്ക്വാഡ്, നാല് ഫയർ എൻജിനുകൾ, രണ്ട് ആംബുലൻസുകൾ, മണ്ണുമാന്തൽ യന്ത്രങ്ങൾ എന്നിവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
District News
വടക്കഞ്ചേരി: കണക്കൻതുരുത്തിക്കടുത്ത് വിലങ്ങൂർ ഒടുകിൻകുണ്ടിൽ മഴയിൽ വീട് തകർന്നുവീണു. വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പൂവത്തിങ്കൽ ജോണിന്റെ ഓടിട്ട വീടാണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ മേൽക്കൂര ഒന്നാകെ തകർന്നുവീണത്. ഈസമയം ജോണും ഭാര്യ ഗ്രേസിയും മകളുടെ രണ്ടു ചെറിയ കുട്ടികളും മകൻ ജെപിയുമുണ്ടായിരുന്നു.
ഇവർ കിടന്നിരുന്ന മുറിയുടെ മേൽക്കൂര ഭാഗം വീഴാതെ ഇടക്കുവച്ച് തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി.
ജോൺ സ്ഥിരമായി കിടക്കാറുള്ള ബെഡ് റൂമിലെ കട്ടിലുകളിലാണ് മേൽക്കൂരയുടെ കഴുക്കോലുകളും പട്ടികയും ഓടുകളും കൂടുതലും തകർന്നുവീണത്. ബുധനാഴ്ച രാത്രി ഭാര്യ ഗ്രേസിയാണ് മുറിയുടെ മേൽക്കൂര സുരക്ഷിതമല്ലെന്നുപറഞ്ഞ് ഭർത്താവ് ജോണിനെ നിർബന്ധിച്ച് മുന്നിലെ മുറിയിൽ കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുമൂലം അപായം ഒഴിവായി.
മുന്നിൽ കുറച്ചുഭാഗം ഷീറ്റിട്ടതാണ്. ഇവിടെ തകർന്നിട്ടില്ല. കുട്ടികളും മറ്റുള്ളവരും ഇവിടെയാണ് ഉറങ്ങിയിരുന്നത്. വടക്കഞ്ചേരി വില്ലേജ് ഓഫീസർ ശ്രീകലയും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.
വീടിന്റെ മേൽക്കൂര പൂർണമായും പുനർനിർമിക്കേണ്ട സ്ഥിതിയാണ്. ഇവരുടെ വീടിനോടുചേർന്ന് മരക്കൂട്ടങ്ങൾക്കിടയിലൂടെ പോകുന്ന വൈദ്യുതിലൈനും അപകടഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് മെംബർ അമ്പിളി മോഹൻദാസ് ഇടപെട്ട് വീട്ടുകാർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Kerala
കാസർഗോഡ്: ഫുട്ബോൾ മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുള്ള-ഖദീജ ദമ്പതികളുടെ മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറോടെ കുമ്പളയിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ റഫറിയിംഗ് നടത്തുന്നതിനിടെ ഹസ്സന് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ.
National
ഗാംഗ്ചോക്: സിക്കിൽ നിർമാണത്തിലിരുന്ന തുരങ്കം മണ്ണിടിച്ചിനെത്തുടർന്ന് തകർന്നുവീണ് 20 പേർ മരിച്ചു. അഞ്ചു പേർ കുടുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സിക്കിമിലെ നാംച്ചി ജില്ലയിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാമെന്നും രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എൻഎച്ച്പിസി സീനിയർ മാനേജരായ അനീഷ് കോട്ടയം മണർകാട് സ്വദേശിയാണ്.
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമാണം നടന്നുവന്ന സമാർദുംഗിലെ ജോലംഗിൽ തിങ്കളാഴ്ച മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കം തകർന്നുവീഴുകയായിരുന്നെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു.
മീഥെയ്ൻ വാതകച്ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിലാണ് തുരങ്കം തകർന്നതെന്നാണ് നിഗമനം. അഡിറ്റ് 3 തുരങ്കത്തിനുള്ളിൽ പ്രോജക്ട് ഉദ്യോഗസ്ഥരും ജോലിക്കാരുമടക്കം 25 പേർ കുടുങ്ങുകയായിരുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിന്റെ മുൻഭാഗം മൂടിയതോടെ തൊഴിലാളികൾക്കു രക്ഷപ്പെടാനുള്ള വഴി അടയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സിക്കിം മുഖ്യമന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടം സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സമിതി രൂപവത്കരിക്കുമെന്നു സിക്കിം മുഖ്യമന്ത്രി തമാംഗ് അറിയിച്ചു.
12 മൃതദേഹങ്ങൾ കണ്ടെടുത്തതിൽ എഴെണ്ണം തിരിച്ചറിഞ്ഞു. മരിച്ചവരിൽ നാലു പേർ ബംഗാൾ സ്വദേശികളാണ്. മരിച്ച ആസാം, പഞ്ചാബ്, ഉത്തരാഖണ്ഡ് സ്വദേശികളെയും തിരിച്ചറിഞ്ഞു.
National
മുംബൈ: മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. ക്രെയിനിന്റെ ഭാഗങ്ങൾ പതിച്ചു സമീപത്തുള്ള ഹൗസിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തകർന്നു.
വ്യാഴാഴ്ച രാത്രി എട്ടോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോർത്ത് റെസിഡൻഷ്യൻ കോംപ്ലക്സിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ 13-ാം നിലയുടെ നിർമാണം നടക്കുന്നതിനിടെ ടവർ ക്രെയിൻ തകർന്നുവീഴുകയായിരുന്നു. ക്രെയിനിന്റെ ഒരുഭാഗം നിർമാണം നടക്കുന്ന സ്ഥലത്തും മറ്റ് ഭാഗങ്ങൾ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാർക്കിംഗ് ഏരിയയിലുമാണ് പതിച്ചത്.
ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം പോ ലീസും ഫയർ ഫോഴ്സും മറ്റ് അടിയന്തര വിഭാഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ 21കാരനായ മുജ്ജമ്മിൽ ഖോക്കർ ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിൽ കഴിയുകയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം തകർന്നുവീണു. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ക്ലോക്ക് ടവറാണ് തകർന്നുവീണത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.
ഒരു തീവണ്ടി ഈ പ്ലാറ്റ്ഫോമിൽ നിര്ത്തിയിട്ടിരുന്നു. അതിൽ ആളുകള് ഉണ്ടായിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകള്ക്കിടയിലാണ് ക്ലോക്ക് ടവര് സ്ഥിതി ചെയ്തിരുന്നത്. മുകളിലെ മേൽക്കൂര ഉള്പ്പെടെയാണ് രണ്ടാം നമ്പര് പ്ലാറ്റ്ഫോമിലേക്ക് തകര്ന്നുവീണിരിക്കുന്നത്.
അപകടത്തെത്തുടർന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ഷെഡ്ഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു മുകളിലേക്കും വീണിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് റെയിൽവേ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. രാവിലെയും ശക്തമായ മഴയായിരുന്നു. കെട്ടിടത്തിന് വിള്ളലുണ്ടെന്നും കാലപ്പഴക്കം മൂലം തകര്ച്ചയിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്ന്ന് പ്രശ്ന പരിഹാരത്തിനുള്ള ആലോചനകള് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.
രാവിലെ റെയിൽവേ ജീവനക്കാര് ഇവിടെ പരിശോധിക്കാനെത്തിയിരുന്നു. അപകടം നടക്കുന്ന സമയത്ത് പ്ലാറ്റ്ഫോമുകളിലൊന്നും യാത്രക്കാര് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് മരണം. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിന്റെ മേൽക്കൂര തകർന്നുവീണ് ആണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട അവശിഷ്ടങ്ങൾക്കിടയില് 30ൽ അധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് അധികൃതര് അറിയിക്കുന്നത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
District News
നെയ്യാറ്റിന്കര: ബാലരാമപുരത്ത് റെയില്വേ ഗേറ്റ് തകരാറിലായതിനെത്തുടര്ന്ന് വാഹന യാത്രക്കാര് വല്ലാതെ വലഞ്ഞു. തിരുവനന്തപുരം- കന്യാകുമാരി റെയില്പ്പാതയില് ബാലരാമപുരത്തിനു സമീപം തേന്പാമുട്ടത്തെ ലെവല് ക്രോസില് ഇന്നലെ രാവിലെയാണ് സംഭവം.
ഇതുവഴിയാണ് ബാലരാമപുരം- കാട്ടാക്കട റോഡ് കടന്നുപോകുന്നത്. രാവിലെ ഒന്പതോടെ ട്രെയിൻ പോകുന്നതിനോടനുബന്ധിച്ച് ഗേറ്റ് അടച്ചു. പാളത്തിന്റെ രണ്ടു വശങ്ങളിലും റോഡിലായി നിരവധി വാഹനങ്ങളുണ്ടായിരുന്നു. എന്നാല് ട്രെയിൻ പോയതിനുശേഷം പതിവുപോലെ ഗേറ്റ് തുറക്കാന് ശ്രമിച്ചിട്ടും സാധ്യമായില്ല. പാളത്തിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നിര വര്ധിച്ചു. പിന്നീട് റെയില്വേ ജീവനക്കാര് തിരുവനന്തപുരത്ത് അറിയിച്ചതിനു ശേഷം മെക്കാനിക്ക് എത്തി തകരാര് പരിഹരിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ പര്ഭാനിയില് ക്ഷേത്രത്തിന്റെ മേല്ക്കൂര തകര്ന്നുവീണ് അഞ്ചുപേർ മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പര്ഭാനിയിലെ യഷ്വാദി ഹനുമാന് ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ 18 പേർക്കു പരിക്കേറ്റു.
ക്ഷേത്രത്തിന്റെ സഭാ മണ്ഡപത്തിലെ നിർമ്മാണത്തിലിരുന്ന മേല്ക്കൂരയാണ് തകര്ന്നതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതില് ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്കു മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
District News
പരിപ്പ്: തൊള്ളായിരം വരമ്പിനകം പ്രദേശത്തെ ജനങ്ങൾക്ക് പുറത്തേക്കിറങ്ങാൻ ഏക വഴിയാണ് പരിപ്പിൽനിന്ന് തൊള്ളായിരം വഴി വരമ്പിനകത്തേക്കുള്ള റോഡ്. റോഡ് മണ്ണിട്ടുയർത്തി ടാർ ചെയ്യണമെന്ന ആവശ്യം വർഷങ്ങൾക്കു മുമ്പേയുള്ളതാണ്. ഒരോ തെരഞ്ഞെടുപ്പു കാലത്തും സജീവ പരിഗണയിൽ റോഡ് നവീകരണം ചർച്ചയാകുമെങ്കിലും തെരഞ്ഞെടുപ്പു കഴിയുമ്പോൾ വീണ്ടും അവഗണന മാത്രം.
ഇപ്പോഴും ഈ റോഡ് തകർന്നടിഞ്ഞ് ഉപയോഗശൂന്യമായി നിലകൊള്ളുന്നു.
ഇതല്ലെങ്കിൽ വള്ളം മാത്രമാണ് പുറം ലോകത്ത് എത്തുവാൻ പ്രദേശവാസികളുടെ ഏക ആശ്രയം. എന്നാൽ ജലാശയങ്ങളെല്ലാം പോള കൈവശപ്പെടുത്തിയതോടെ ആ മാർഗവും അടഞ്ഞു. വർഷങ്ങളായി ഈ റോഡിന്റെ വികസനം സ്വപ്നംകണ്ട് കാത്തിരിക്കുന്നവരാണ് ഈ പ്രദേശത്തുള്ളവർ. വിനോദ സഞ്ചാരമേഖലയ്ക്ക് പ്രാധാന്യമുള്ള പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശത്തെ നിർണായകമായ റോഡായിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല.
പണിതീരാത്ത തൊള്ളായിരം പാലത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. റോഡില്ലെങ്കിൽ പിന്നെന്തിനാണ് പാലം എന്ന് നാട്ടുകാർക്ക് ആശ്വസിക്കാം. കഴിഞ്ഞ സെപ്റ്റംബറിൽ മുൻ മന്ത്രി വി.എൻ. വാസവൻ പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമാണോദ്ഘാടനം നിർവഹിച്ചതാണ്.
2.719 കിലോമീറ്റർ റോഡ് പുനർനിർമിക്കാൻ സംസ്ഥാന സർക്കാര് 7.83 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനും ഉണ്ടായി. 700 ഏക്കറുള്ള തൊള്ളായിരം, 210 ഏക്കറുള്ള വട്ടക്കായൽ പാടശേഖരങ്ങൾക്കു നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. തൊള്ളായിരം പാലത്തിന്റെ അപ്രോച്ച് റോഡും ഇതോടൊപ്പം പൂർത്തിയാക്കുമെന്നും വാഗ്ദാനം നൽകി. നിലവിലെ റോഡ് രണ്ടടി മണ്ണിട്ടുയർത്തി ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ പണി ആരംഭിക്കുകയും ചെയ്തു. തൊള്ളായിരം പാലത്തിന്റെ വശങ്ങളിലെ സ്ലാബുകൾ ഇളക്കി മാറ്റി ഉയരം പുനഃക്രമീകരിച്ച് അപ്രോച്ച് റോഡ് നിർമിക്കാനും തീരുമാനിച്ചു.
റോഡിന്റെ ഉയരം കൂട്ടാൻ പൂഴി ഇറക്കിയതോടെ മഴയെത്തി. ഇതോടെ യാത്രാ ദുരിതവും. വള്ളത്തിലും കരയ്ക്കും യാത്ര ചെയ്യാനാകാത്ത പ്രതിസന്ധി നേരിടുകയാണ് ഇപ്പോൾ നാട്ടുകാർ. 1985-ൽ തുടക്കം കുറിച്ച റോഡിൽ സുഖയാത്ര സ്വപ്നം കണ്ട് കാത്തിരിക്കുന്നത് രണ്ടാം തലമുറക്കാരാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.
ജിപ്സം സീലിംഗ് ഇളകി വീണാണ് അപകടമുണ്ടായത്.യാത്രക്കാരുടെ തലയിൽ ചെറിയ മുറിവ് മാത്രമാണുള്ളത്. 2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
District News
കല്ലടിക്കോട്: കാഞ്ഞിരപ്പുഴ കനാലിന്റെ മുതുകുർശി പൊന്നംകോട് ഭാഗത്തെ കനാൽപ്പാലം തകർന്നുവീണു. വളഞ്ഞപാലത്തുള്ള നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാനപാലമാണു തകർന്നത്. ബലശേഷി കുറഞ്ഞതിനാൽ നടുഭാഗമാണ് പൊട്ടിവീണത്.
പാലത്തിന്റെ കാലപ്പഴക്കമാണു തകരാൻ കാരണം. ഇന്നലെ രാവിലെയാണ് സംഭവം. ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. പാലം വീഴുന്നതുകണ്ട് ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തിയതിനാൽ അപകടം ഒഴിവായി.
National
പാറ്റ്ന: ബിഹാറിലെ ബേട്ടിയയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. ധനൗചി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. റൂറൽ വർക്ക്സ് വകുപ്പിലെ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. ബേട്ടിയയിലെ ലാൽ സരയ്യ പഞ്ചായത്തിലാണ് അപകടമുണ്ടായത്.
പാലം ഒരു മാസം മുന്പ് തന്നെ തകർന്ന് തുടങ്ങിയിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് പാലത്തിൽ നിന്നു നദിയിലേക്ക് വീണിരുന്നതായും പ്രദേശവാസി കൂട്ടിച്ചേർത്തു.
Sports
സീലൻഡ്: അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ മുൾമുനയിലാഴ്ത്തി ഡെന്മാർക്കിന്റെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ മത്സരത്തിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണു. ഒഡെൻസെയിൽ യുക്രെയ്നെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് ഡെന്മാർക്ക് - യുക്രെയ്ൻ മത്സരം ഉപേക്ഷിച്ചു.
മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ സംഘം മൈതാനത്തെത്തി താരത്തിന് അടിയന്തര പരിചരണം നൽകി. നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. പേസ്മേക്കർ കൃത്യമായി പ്രവർത്തിച്ചതാണ് തുണയായതെന്ന് ടീം ഡോക്ടർ മോർട്ടൻ ബോസൻ വ്യക്തമാക്കി.
2021 ലെ യൂറോ കപ്പ് മത്സരത്തിൽ ഫിൻലൻഡിനെതിരെ കളിക്കുന്നതിനിടെ എറിക്സണ് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പേസ്മേക്കർ വിഭാഗത്തിൽപ്പെടുന്ന ഐസിഡി അദ്ദേഹത്തിന്റെ ശരീരത്തിൽ ഘടിപ്പിച്ചത്. യൂറോകപ്പിലെ സംഭവത്തിനുശേഷം എട്ടുമാസത്തെ വിശ്രമവും ചികിത്സയും കഴിഞ്ഞാണ് എറിക്സൺകളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബഹുനില കെട്ടിടം തകർന്നു വീണു. വടക്കുകിഴക്കൻ ഡൽഹിയിലെ കരാവൽ നഗറിന് സമീപമുള്ള പ്രകാശ് വിഹാറിൽ നാലുനില കെട്ടിടമാണ് തകർന്നത്.
കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇത് തകരുകയായിരുന്നു. എന്നാൽ അധികൃതരുടെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഇവിടെ ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കെട്ടിടം തകരുന്നത് കണ്ട് പരിഭ്രാന്തരായ ഓടുന്നത് വീഡിയോയിൽ കാണാം. അപകടത്തിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് യൂണിറ്റുകൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി മറ്റ് അടിയന്തിര രക്ഷാപ്രവർത്തന ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആളാപായമില്ല.
കാലപ്പഴക്കമുള്ള സ്കൂളാണിത്. നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന്റെ കലപ്പഴക്കം സംബന്ധിച്ച് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വൈകുന്നേരം അഞ്ചിനുശേഷമാണ് കെട്ടിടം ഇടിഞ്ഞുവീണത്.
ക്ലാസ് മുറിയുടെ ഭാഗമല്ല തകർന്നത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്നതെന്നും വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. രക്ഷാപ്രവർത്തകർ ഇതുവരെ നാല് പേരെ ജീവനോടെ പുറത്തെടുത്തു.
ഇന്ന് രാത്രി ഏഴേമുക്കാലോടെയാണ് കെട്ടിടം തകർന്ന വിവരം ലഭിക്കുന്നതെന്നാണ് ഡൽഹി ഫയർ സർവീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ അഗ്നിശമന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കെട്ടിടം തകർന്നുവീഴുമ്പോൾ എത്ര പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബഹുനില കെട്ടിടം തകരുന്നതിന് മുമ്പ് വലിയ ശബ്ദം കേട്ടതായും ചുറ്റുമുള്ള പ്രദേശമാകെ പൊടിപടലങ്ങൾ പടർന്നതായുമായാണ് ദൃക്സാക്ഷികൾ പറയുന്നത്.
International
ലിയോൺ: ഫ്രാൻസിലെ ലിയോണിൽ നടന്ന ബൈറോക്സ് ഫിറ്റ്നസ് മത്സരത്തിനിടെ കനത്ത ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് ഇരുപത്തെട്ടുകാരിയായ മത്സരാർഥി കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.
ഹൈപ്പർതെർമിയ (ശരീരത്തിന് ആഗിരണം ചെയ്യാന് കഴിയുന്നതിനേക്കാള് കൂടുതല് ചൂട് ഉത്പാദിപ്പിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്ന ഒരു രോഗാവസ്ഥ) മൂലമു ണ്ടായ ഹീറ്റ് സ്ട്രോക്കാണു മരണകാരണം.
തളർച്ച അനുഭവപ്പെട്ട താരത്തിന് ഹീറ്റ്സ്ട്രോക്ക് അനുഭവപ്പെട്ടതാണ് പെട്ടന്നു മരണം സംഭവിക്കാൻ ഇടവരുത്തിയതെന്ന് മെഡിക്കൽ റിപ്പോർട്ടിലുണ്ട്. തളർച്ച അനുഭവപ്പെട്ടപ്പോൾത്തന്നെ താരത്തെ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം ചികിത്സിക്കുകയും അടിയന്തരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫ്രാന്സിലുടനീളം അസാധാര ണമായ വിധം 37 ഡി ഗ്രിവരെ ഉയർന്ന താപനിലയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ലിയോണ് പരിപാടിയില് പങ്കെടുത്ത മറ്റു നിരവധി താരങ്ങൾക്കും കടുത്ത ചൂടു കാരണം ആരോഗ്യപ്രശ്നങ്ങള് അനുഭവപ്പെട്ടിരുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നു പോയത്.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് ചെങ്ങന്നൂരിന്റെ ഭാഗങ്ങളിൽ ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്ന് ശനിയാഴ്ച രാവിലെ വലിയൊരു ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ഇന്റർ ലോക്കിട്ട വീട്ടുമുറ്റത്തെ കിണർ വീട്ടുകാരുടെ കണ്മുന്നിൽ ഇടിഞ്ഞു താഴുകയായിരുന്നു.
അതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
National
സാംഗ്ലി: മഹാരാഷ്ട്രയിൽ കനത്ത മഴയിലും കാറ്റിലും ക്ഷേത്ര മതിൽ തകർന്നും ടിൻ ഷീറ്റുകൾ പതിച്ചും ആറു പേർ മരിച്ചു. 14 പേർക്കു പരിക്കേറ്റു.
സാംഗ്ലി ജില്ലയിലെ മോത്തേവാഡി ഗ്രാമത്തിലെ മർഗുദേവി ക്ഷേത്രത്തിലായിരുന്നു അപകടം. ചൊവ്വാഴ്ചകളിലാണ് ക്ഷേത്രത്തിൽ കൂടുതലായി ഭക്തരെത്തുന്നത്.
ഇന്നലെ അപകടമുണ്ടാകുന്പോൾ ഏകദേശം 350 വിശ്വാസികൾ ക്ഷേത്രത്തിലുണ്ടായിരുന്നു. കനത്ത മഴയും കാറ്റും ഉണ്ടായതോടെ ആളുകൾ ടിൻ ഷീറ്റിന്റെ അടിയിലേക്കു മാറി. മതിലും ടിൻ ഷീറ്റും പെട്ടെന്നു തകർന്നുവീഴുകയായിരുന്നു.
Kerala
പാലാ: ദുബായില് ജോലിസ്ഥലത്ത് മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. മുണ്ടക്കയം ഏന്തയാര് ഈസ്റ്റ് കണ്ണന്കുളങ്ങര ധനീഷ് രാധാകൃഷ്ണന് (കണ്ണന്-39) ആണ് മരിച്ചത്.
സ്വകാര്യ കമ്പനിയില് മെഷിന് ഓപ്പറേറ്ററായ യുവാവ് കഴിഞ്ഞ മൂന്നിന് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
മൃതദേഹം ശനി രാവിലെ വള്ളിച്ചിറ മുറിഞ്ഞാറ ചുണ്ടക്കയ്ക്കാട്ട് വീട്ടില് എത്തിക്കും. സംസ്കാരം 11ന് വീട്ടുവളപ്പില്. ഭാര്യ ലക്ഷ്മിപ്രിയ മുറിഞ്ഞാറ ചുണ്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്: ആദി കൃഷ്ണ, അവനിക.
Kerala
കോഴിക്കോട്: കൊടുവള്ളിയിൽ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഹാഷിദിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുൻപാണ് നാട്ടിൽ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദിൽ നടന്നു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭാ തെരഞ്ഞെടുപ്പില് ഞെട്ടിക്കുന്ന തോല്വി. കൊളത്തൂരിലാണ് സ്റ്റാലിന്റെ തോല്വി. ടിവികെ സ്ഥാനാര്ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിന് പരാജയം ഏറ്റുവാങ്ങിയത്.
ശക്തമായ ത്രികോണ മത്സരത്തിനാണ് കൊളത്തൂര് വേദിയായയത്. എഐഎഡിഎംകെയ്ക്കായി പി. ശാന്തന കൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
അതേസമയം സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്നാട്ടില് തകര്ന്നടിഞ്ഞു. 234 സീറ്റുകള് ഉള്ള തമിഴ്നാട്ടില് 108 സീറ്റുകള് വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള് എഐഎഡിഎംകെ നേടിയപ്പോള് 61 സീറ്റുകള് മാത്രമാണ് സ്റ്റാലിനു നേടാനായത്.
District News
മുക്കൂട്ടുതറ: കാലപ്പഴക്കംമൂലം അപകടസ്ഥിതിയിലായ മുക്കൂട്ടുതറയിലെ എരുമേലി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ.
ഇടകടത്തി റോഡിന്റെ പ്രവേശന ഭാഗത്തുള്ള കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പഞ്ചായത്ത് നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നു.
ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ ഓരോരോ ഭാഗങ്ങൾ പൊളിഞ്ഞുവീഴുന്നത് സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കോൺക്രീറ്റ് പാളികൾ അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിൽ തീരെ ദുർബലമായ നിലയിലാണ് കെട്ടിടം.
കെട്ടിടത്തിന് സുരക്ഷയില്ലെന്നും പൊളിച്ചുനീക്കണമെന്നും 2024ൽ അസിസ്റ്റന്റ് എൻജിനിയർ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ കെട്ടിടം പൊളിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. കടമുറികൾ ഒഴിപ്പിക്കാൻ തടസം നേരിട്ടതു മൂലമാണ് പൊളിക്കൽ നടപടികൾ വൈകിയത്.
കടകൾ ഒഴിയാൻ തയാറാവാതെ ചിലർ കോടതിയെ സമീപിച്ച് പഞ്ചായത്ത് നോട്ടീസിന് സ്റ്റേ വാങ്ങി. പിന്നീട് നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് പഞ്ചായത്ത് കച്ചവടക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചത്. തെരഞ്ഞെടപ്പുകൾ വന്നതോടെ കെട്ടിടം പൊളിക്കുന്നത് വീണ്ടും നീണ്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടനെ മാറുമെന്നതിനാൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
തൃശൂർ: ഇടിമിന്നലേറ്റ് വീടിന്റെ ചുമര് തകർന്ന് മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജ്, ഭാര്യ സ്മൃതി, മകൾ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.
ശക്തമായ ഇടിമിന്നൽ വീടിന്റെ ചുമരിൽ പതിക്കുകയും ചുമർ തകർന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.
പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ സർക്കാർ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് എറണാകുളം രാമമംഗലം സ്വദേശികളായ രണ്ടുപേരുൾപ്പെടെ ഏഴുപേർക്കു ദാരുണാന്ത്യം.
അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ശിവാജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു സംഭവം.
കുടുംബശ്രീ അമൃതം പൊടി നിര്മാണ കമ്പനിയില്നിന്നു വിനോദയാത്ര പോയ രാമമംഗലം കിഴുമുറി തെക്കേ ഇറമ്പില് രഘുവിന്റെ ഭാര്യ സ്മിത (49), രാമമംഗലം ആശുപത്രിപ്പടി മനയ്ക്കക്കുടിയില് ലത (50) എന്നിവരാണു മരിച്ച മലയാളികൾ.
വിനോദയാത്രാസംഘത്തിലെ രാമമംഗലം സ്വദേശിനികളായ മായ മണികണ്ഠന്, പ്രീതി, സിജി എന്നിവര്ക്കാണു പരിക്കേറ്റത്. ആകെ 56 പേരാണ് വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ നെടുമ്പാശേരിയില്നിന്നു വിമാനമാര്ഗമാണു സംഘം ബംഗളൂരുവില് വിനോദയാത്രയ്ക്കു പോയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
ഷോപ്പിംഗിനായി സംഘം വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ചുപേര് ഒരു ഗ്രൂപ്പായാണ് സാധനങ്ങള് വാങ്ങാൻ പോയത്. ഇവർ വൈകുന്നേരം ഷോപ്പിംഗിനിറങ്ങിയ സമയത്തു കനത്ത മഴയും കാറ്റും ആലിപ്പഴ വർഷവുമുണ്ടായി. ഇതോടെ രക്ഷതേടി ആശുപത്രിയുടെ മതിലിനോടുചേർന്ന് ടാർപോളിൻ കെട്ടിയ ഭാഗത്തേക്ക് മാറി. ഇതിനിടെയാണ് 12 അടി ഉയരമുള്ള മതിൽ ഇടിഞ്ഞുവീണത്.
ശിവാജി നഗർ ബസ്സ്റ്റാൻഡിനും മാർക്കറ്റിനും ഇടയിലുള്ള ആശുപത്രിയുടെ മതിലിനോടു ചേർന്ന് തെരുവുകച്ചവടം നടത്തുന്നവരും കാൽനടയാത്രക്കാരുമായ നാല് പുരുഷന്മാരും ഒരു പെൺകുട്ടിയുമാണ് മരിച്ച മറ്റുള്ളവർ. അപകടമുണ്ടായതിനു പിന്നാലെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
വിവരമറിഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലം എംഎൽഎ റിസ്വാൻ അർഷാദും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ അടിയന്തര ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. അപകടകാരണത്തെക്കുറിച്ച് അന്വേഷണത്തിനും അദ്ദേഹം നിർദേശം നൽകി.
നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിക്കെട്ടിടത്തിനു സമീപത്തുനിന്നു നീക്കംചെയ്ത മണ്ണ് മതിലിനുസമീപം കൂട്ടിയിട്ടിരുന്നു. മഴയിൽ മണ്ണ് കുതിർന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. സർജാപുര, കുമ്പളഗോഡു, രാമോഹള്ളി തുടങ്ങിയ മേഖലകളിൽ ഒരു മണിക്കൂറോളം തുടർച്ചയായി ശക്തമായ മഴ പെയ്തു. എംജി റോഡിലും റസിഡൻസി റോഡിലും കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടു.
National
ബംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞു വീണ് മൂന്നു കുട്ടികൾ ഉൾപ്പടെ ഏഴു പേർ മരിച്ചു. ബംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിലാണ് സംഭവം.
പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ ഏഴു പേർ മതിലിന് സമീപത്ത് വന്നുനിന്നു. പെട്ടന്ന് മതിൽ ഇവരുടെമേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഏഴു പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. മരിച്ചവരെല്ലാവരും തെരുവ് കച്ചവടക്കാരാണ്.
National
മംഗളൂരു: ദക്ഷിണ കന്നഡയിൽ തോടിന് കുറുകെ കെട്ടിയ നടപ്പാലം തകർന്ന് എട്ടു പേർക്ക് പരിക്ക്. പുച്ചമൊഗരുവിലെ ഒരു ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽനിന്ന് ദിവ്യ ഭണ്ഡാര ഘോഷയാത്ര മറ്റൊരിടത്തേക്ക് പോകുവെയായിരുന്നു അപകടം.
തോടിന് കുറുകെ കെട്ടിയ പാലം ആളുകൾ സ്ഥിരമായി ഉപയോഗിച്ചിരുന്നതാണ്. ഘോഷയാത്ര പോകുമ്പോൾ കൂടുതൽ ആളുകൾ ഒന്നിച്ച് കയറിയപ്പോൾ തകർന്നു വീണതാകാമെന്നാണ് കരുതുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കോഴിക്കോട്: ക്ഷേത്രോത്സവത്തില് നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലാഴി വാഴയില് എം.എന്. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്.
ചിറക്കല് ശിവഭഗവതി ക്ഷേത്രത്തില് നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്ന്ന് സ്റ്റേജില് കുഴഞ്ഞുവീഴുകയായിരുന്നു.
District News
തിരുവനന്തപുരം: ചെങ്കൽചൂളയ് ക്കു സമീപമുള്ള ഹൗസിംഗ് ബോർഡ് കെട്ടിടത്തിലെ ആറാം നിലയിലുള്ള കോണ്ക്രീറ്റു പാളി പൊളിഞ്ഞുവീണു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ഓഫീസുകളിലെ ജീവനക്കാർ മടങ്ങിയശേഷമാണു സംഭവമുണ്ടായത്.
അതിനാൽ വലിയ അപകടമാണ് ഒഴിവായത്. എന്നാൽ കെട്ടിടത്തിനു താഴെ നിലയിൽ പത്തോളം കടകൾ പ്രവർത്തിച്ചിരുന്നു. സംഭവം നടക്കുന്പോൾ കടകളെല്ലാം തുറന്നു പ്രവർത്തിച്ചിരുന്നു. കടകളിൽ സാധനം വാങ്ങാൻ വന്നവരും അവിടെയുണ്ടായിരുന്നു.
എന്നാൽ അപകടമൊന്നും ഉണ്ടായില്ല. കെട്ടിടത്തിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർ നിരവധി തവണ അധികാരികൾക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. നല്ല പഴക്കമുള്ള കെട്ടിടത്തിന്റെ തൂണുകളും അപകടാവസ്ഥയിലാണ്.
District News
ചെങ്ങന്നൂർ: ഭരണാധികാരികളുടെ അവഗണനയ്ക്കും ഉദാസീനതയ്ക്കും സാക്ഷ്യപത്രമായി ചെറിയനാട് പടനിലം ജംഗ്ഷന് സമീപത്തെ മത്സ്യവിപണന കേന്ദ്രം. നിർമാണം പൂർത്തിയാക്കി ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ജനങ്ങൾക്കായി തുറന്നുകൊടുക്കാതിരുന്ന കേന്ദ്രം ഒടുവിൽ പൂർണമായും തകർന്നടിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതൽ നശിച്ചതിനൊപ്പം, പ്രദേശം ഇപ്പോൾ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
പദ്ധതി പാളിയത് ഇങ്ങനെ
2005-2010 കാലഘട്ടത്തിലെ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളിലാണ് ഫിഷറീസ് വകുപ്പിന്റെ 10 ലക്ഷം രൂപ വിനിയോഗിച്ച് മുടവൻകുളത്ത് വിപണന കേന്ദ്രം സ്ഥാപിച്ചത്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായപ്പോഴേക്കും തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, പിന്നീട് അധികാരത്തിൽ വന്ന ഒരു ഭരണസമിതിയും ഈ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ തയാറായില്ല.
പതിനഞ്ചു വർഷം പരിഗണന ലഭിക്കാതെ കിടന്നതോടെ പദ്ധതി പ്രദേശം കാടുമൂടി. വിപണനത്തിനായി നിർമിച്ച ഷെഡ് തുരുമ്പെടുത്ത് നശിക്കുകയും ഒടുവിൽ തകർന്നു വീഴുകയുമായിരുന്നു.
പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള 30 സെന്റ് സ്ഥലം ഇപ്പോൾ പരിസരവാസികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ദുരിതത്തിനും കാരണമാകുന്നതായും കാടുപിടിച്ചു കിടക്കുന്നതിനാൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണെന്ന് നിരന്തരമായി പരാതി ഉയരുന്നുണ്ട്.
കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ നാട്ടുകാർക്ക് ഉപകാരപ്പെടുമായിരുന്ന 10 ലക്ഷം രൂപയാണ് അധികൃതർ പാഴാക്കിയത്.
ചെറിയനാട് പഞ്ചായത്തിൽ ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കാൻ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഹൃദയഭാഗത്തുള്ള ഈ 30 സെന്റ് സ്ഥലം പാഴാകുന്നത്. പ്രദേശം ശുചീകരിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷോപ്പിംഗ് കോംപ്ലക്സ്, കുട്ടികളുടെ പാർക്ക് ഓപ്പൺ ജിംനേഷ്യം എന്നിവ സ്ഥാപിക്കാൻ സ്ഥലം അനുയോജ്യമാണെന്നും അധികൃതർ ഉണർന്നു പ്രവർത്തിച്ചാൽ നശിച്ചുകൊണ്ടിരിക്കുന്ന പൊതുഭൂമി നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് നിവാസികൾ ഒന്നടങ്കം പറയുന്നു.
National
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ ഖണ്ഡഗിരിയിൽ അനധികൃതമായി സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡ് തകർന്നുണ്ടായ അപകടത്തിൽ മരണം രണ്ടായി.
ചികിത്സയിലായിരുന്ന ദുംദുമ സ്വദേശിയായ കോളേജ് വിദ്യാർഥി സച്ചിദാനന്ദ പ്രധാനാണ് ഇന്നലെ മരിച്ചത്. ഗഞ്ചം സ്വദേശി സുരേന്ദ്ര ഗൗഡ സംഭവസ്ഥലത്തുവച്ച് മരിച്ചിരുന്നു.
ഇവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരണ് മാജി നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഒരു സ്ത്രീയടക്കം പരിക്കേറ്റ മറ്റു രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് അടർന്നുവീണത്.
തൊഴിലാളികൾ വിശ്രമിക്കാനിരിക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റ് വീണത്. പരിക്കേറ്റ നാല് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
ഒട്ടനവധി ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റിനടിയിൽ പെട്ടിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Kerala
കണ്ണൂർ: പെരളശേരി ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞുവീണ് മരിച്ചു. ആറാം വാർഡ് മെമ്പര് സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടില് കുഴഞ്ഞു വീണ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തെ തുടർന്നു ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സിപിഎം സിറ്റിംഗ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില് നിന്നും 12 വോട്ടിന് വിജയിച്ച യുഡിഎഫ് സ്ഥാനാർഥിയായിരുന്നു സുരേഷ് ബാബു തണ്ടാരത്ത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ പാലം തകർന്നുവീണു. ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. പാലം രണ്ടായി തകര്ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തില് ലോറി ഡ്രൈവര് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില് ആളപായമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. അപകടത്തില് ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന് രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്കി വിട്ടയച്ചു.മുപ്പത് വര്ഷത്തോളം പഴക്കമുള്ള പാലത്തില് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള് പ്രതികരിച്ചു.
പാലം തകര്ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല് കോണ്ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല് ചീഫ് അമിത് മാളവ്യ എക്സിലൂടെ വിമർശിച്ചു.
Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി അടർന്നു വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. നിർമാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.
ഒഡീഷാ സ്വദേശിക്കാണ് പരിക്കേറ്റത്. പാരപ്പറ്റിന് മുകളിൽ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. ഇയാൾക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണ്.
നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് തകർന്നുവീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.
Kerala
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.
പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂര് ജില്ലാ കളക്ടറും കമ്മീഷണറും മറ്റ് ഉദ്യഗസ്ഥരും ചേർന്നാണ് മന്ത്രിയെ താങ്ങിയെടുത്തത്.
അല്പസമയം മന്ത്രി അബോധാവസ്ഥില് ആയിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ മന്ത്രി, നടന്നാണ് ആംബുലൻസിൽ കയറിയത്.
District News
ആലപ്പുഴ: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് വീണ്ടും ഇടിഞ്ഞു താണു. യാത്രാ ദുരിതത്തിൽ നാട്ടുകാരും വാഹനയാത്രികരും. ചമ്പക്കുളം പാലത്തിന്റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡാണ് അപകടകരമായ രീതിയിൽ ഇടിഞ്ഞു താണത്. അപ്രോച്ചിൽനിന്നു പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് അപകട സാഹചര്യമുണ്ടാക്കുന്നു. ലോഡുമായ വരുന്ന മുച്ചക്ര വാഹനങ്ങൾ പാലത്തിലേക്കു കയറ്റുമ്പോൾ മുൻവശത്തെ ടയർ ഉയർന്നു പൊങ്ങി മുൻപു പല പ്രാവശ്യം അപകടം ഉണ്ടായിരുന്നു. പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് ഇരുചക വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു.
ഭിന്നശേഷിക്കാർ സഞ്ചരിക്കുന്ന മുച്ചക്രവാഹനം ഏറെ പ്രയാസപ്പെട്ടാണു പാലത്തിലേക്കു കയറ്റുന്നതും ഇറക്കുന്നതും. പാലം നിർമിച്ചശേഷം ഒട്ടനവധി തവണ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണിട്ടുണ്ട്. ഇവിടെ മണ്ണിട്ട് ഉയർത്തി അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും അധികം വൈകാതെ വീണ്ടും താഴുന്നതാണ് പതിവ്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കും ദേശീയ പാതയിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ ഒട്ടനവധി വാഹനങ്ങളാണു പാലത്തെ ആശ്രയിക്കുന്നത്. അപ്രോച്ച് റോഡ് താഴ്ന്നതോടെ ഭാരവാഹനങ്ങളുമായി പാലത്തിൽ കയറാൻ ഭയമായതിനാൽ പലരും ഏറെ ദൂരം ചുറ്റി കറങ്ങിയാണു സഞ്ചരിക്കുന്നത്.പ്രശ്നത്തിനു ശ്വാശ്വത പരിഹാരം കാണാൻ പാലത്തിന്റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡ് പൊളിച്ചു നീക്കി സ്പാൻ ഇറക്കി സീറോ പോയിന്റിൽ അപ്രോച്ച് റോഡ് നിർമിക്കുമെന്നു പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നാളിതുവരെയായിട്ടും നടപ്പിലായിട്ടില്ല.
ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണമെന്നും, അറ്റകുറ്റപ്പണി നടത്തണമെന്നും ശ്വാശ്വത പരിഹാരത്തിനായി സ്പാൻ ഇറക്കി അപ്രോച്ച് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
District News
കടുത്തുരുത്തി: കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡില് വീണ്ടും പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി നശിക്കുന്നു. ഇതു അഞ്ചാമത്തെ തവണയാണ് ഇതേ സ്ഥലത്തുതന്നെ പൈപ്പ് പൊട്ടുന്നത്. വലിയ ശക്തിയിലാണ് വെള്ളം കുത്തിയൊഴുകുന്നത്.
റോഡില് മീറ്ററുകളോളം ഒഴുകുന്ന വെള്ളം വലിയതോട്ടിലേക്കാണ് എത്തുന്നത്. റോഡില് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. റോഡിലെ വലിയ കുഴികളില് വെള്ളം നിറഞ്ഞുകിടക്കുന്നത് അപകട ഭീഷണി ഉയര്ത്തുന്നു.
തകര്ന്നുകിടക്കുന്ന തീരദേശ റോഡിനെ കൂടുതല് തകര്ച്ചയിലാക്കുകയാണ് വാട്ടര് അഥോറിറ്റിയുടെ പതിവ് പൈപ്പ് പൊട്ടല്. പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകാന് തുടങ്ങിയിട്ട് രണ്ടു ദിവസം പിന്നിടുകയാണ്. റെയില്വേ മേല്പാലത്തിന് സമീപത്തായിട്ടാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.
വെള്ളമൊഴുകുന്ന ഭാഗത്തുകൂടി വണ്ടികള് കടന്നുപോയാല് അപകടസാധ്യതയുമുണ്ട്. വാട്ടര് അഥോറിറ്റിയുടെ അനാസ്ഥയെത്തുടര്ന്ന് കുടിവെള്ളം അളവില്ലാതെ ഒഴുകി നശിക്കുകയാണ്. തീരദേശ റോഡിലൂടെ കടത്തി വിട്ടിരിക്കുന്ന വാട്ടര് അഥോറിറ്റിയുടെ പുതിയ പൈപ്പ് ലൈനില് പല സ്ഥലത്തായി ഇതിനോടകം ജോയിന്റില് ലീക്ക് വന്ന് വെള്ളം പൊട്ടിയൊഴുകി റോഡിന് നാശമുണ്ടാക്കിയിട്ടുണ്ട്.
വാട്ടര് അഥോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്തതോടെയാണ് തകര്ന്നുകിടന്ന തീരദേശ റോഡിന്റെ നാശം പൂര്ണാവസ്ഥയിലായത്.
Kerala
കൊട്ടിയം: കൊല്ലം മൈലക്കാടും ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണു. ദേശീയപാതയുടെ പാര്ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്വീസ് റോഡ് തകര്ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില് വലിയ ഗര്ത്തം രൂപപ്പെടുകയും ചെയ്തു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്വീസ് റോഡില് സ്കൂള് വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.
റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. സ്കൂൾ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി കുട്ടികളെ ഞൊടിയിടയിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടം. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
District News
മരട്: ജീർണാവസ്ഥയിലായിരുന്ന വീട് പൊളിക്കുന്നതിനിടെ, ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി മൂസയുടെ മകൻ നിയാസ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മരട് ടി.വി ജംഗ്ഷനിലായിരുന്നു അപകടം.അപകടം നടന്നയുടൻ നിയാസിനെ മരട് പി.എസ്.മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അവിവാഹിതനാണ്.
കട്ടേമട്ടേൽ വേലുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. അപകടാവസ്ഥയിലായിരുന്നതിനാൽ വീട്ടുകാർ സമീപത്ത് തന്നെയുള്ള മറ്റൊരു വീട്ടിലായിരുന്നു താമസം.
അപകട സാധ്യതയുള്ളതിനാൽ പൊളിച്ചു കളയാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
പെരുവെമ്പ്: കല്ലഞ്ചിറ റോഡുതകർന്ന് മെറ്റലിളകി കിടക്കുന്നത് വാഹനയാത്രികർക്കു ദുരിതമായി. ചെറിയ, വലിയ വാഹനങ്ങളെല്ലാം നിരങ്ങിയാണ് ഇതിലൂടെ കടന്നുപോകുന്നത്.
പെരുവെമ്പിൽ നിന്നും തത്തമംഗലം, വണ്ടിത്താവളം, മേട്ടുപ്പാളയം, പട്ടഞ്ചേരി ഭാഗത്തേക്കുള്ള യാത്രക്കാർ ദൂരക്കുറവ് പരിഗണിച്ച് ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
റോഡ് നവീകരിച്ച് പത്തുവർഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ നടത്താതാണ് നിലവിലെ ശോചനീയാവസ്ഥക്കു കാരണം . ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടുമറിഞ്ഞ് നിരവധി അപകടങ്ങൾ നടന്നിട്ടും പൊതുമരാമത്ത് വകുപ്പ് നവീകരണത്തിനു മുതിരാത്തതിനാൽ ജനകീയ പ്രതിഷേധം വ്യാപകമാണ്. ചെറുമഴ പെയ്താൽപ്പോലും റോഡിലെന്പാടും വെള്ളക്കെട്ടുണ്ടാവും. പ്രതിദിനം നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡിനാണ് ഈ ദുരവസ്ഥ.
District News
ചെറുതോണി: തടിയമ്പാട് - മരിയാപുരം റോഡ് കാൽനടയാത്ര പോലും അസാധ്യമായ വിധം തകർന്നു. തടിയമ്പാട് ചപ്പാത്തിന് സമീപത്തുനിന്ന് 300 മീറ്ററോളം ദൂരമാണ് യാത്ര ദുഷ്കരമായിരിക്കുന്നത്. നിരവധി സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് തകർന്നിരിക്കുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലെ ഇളകിക്കിടക്കുന്ന കല്ലുകൾ തെറിച്ച് കൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നതിനും ഇടയാവുന്നുണ്ട്. മഴക്കാലത്തു നിരവധി ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.
തടിയമ്പാടുനിന്നു മരിയാപുരം വരെയുള്ള റോഡിന്റെ റീ ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ അടിയന്തരമായി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിരിക്കയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് റീടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടി പ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം
District News
മീനച്ചില്: "ഈ പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞിരിക്കുന്നു.' പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലൊരു ഫ്ലക്സുണ്ട്. പക്ഷേ അതാരും ശ്രദ്ധിക്കാറില്ലെന്നുമാത്രം. രാത്രിയിൽ ഭാരവാഹനങ്ങൾ തടസമില്ലാതെ ഈ പാലത്തിലൂടെ കടന്നുപോകുന്നു.
കൊച്ചുകൊട്ടാരം- കൊങ്ങോലക്കടവ് പാലം അപകടാവസ്ഥയിലാണ്. 40 വർഷത്തെ പഴക്കമുണ്ട് മീനച്ചിൽ തോടിനു കുറുകെയുള്ള ഈ പാലത്തിന്. മീനച്ചിൽ, കൊഴുവനാൽ, അകലക്കുന്നം പഞ്ചായത്തുകളെ ഇണക്കുന്ന പാലമാണിത്.
പാലത്തിന്റെ അടിയിലെ കമ്പി മുഴുവന് തെളിഞ്ഞിട്ടുണ്ട്. കോണ്ക്രീറ്റ് മുഴുവന് അടര്ന്നുവീണു. ഭാരവാഹനങ്ങള് കടന്നുപോകുമ്പോള് പാലത്തിന്റെ കുലുക്കം സമീപത്തു നിൽക്കുന്നവർക്കും അനുഭവപ്പെടും. ഈ പാലമെങ്ങാനും തകർന്നാലുണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയാവില്ല. അറ്റകുറ്റപ്പണിയോ പുതുക്കിപ്പണിയലോ അത്യാവശ്യമാണ്.
പാമ്പാടി, പള്ളിക്കത്തോട്, ചെങ്ങളം ഭാഗങ്ങളിലേക്ക് പാലാ ഭാഗത്തുനിന്നുള്ള എളുപ്പംമാര്ഗമാണിത്. വലിയ മഴയില് റോഡിന് മുകളില് വെള്ളമെത്തും. തോട്ടിലൂടെ ഒഴുകിയെത്തുന്ന തടികള് ഇടിച്ചാണ് പാലത്തിന്റെ കോണ്ക്രീറ്റ് തകര്ന്നതെന്ന് പരിസരവാസികൾ പറയുന്നു. മൂന്ന് സ്പാനുകളിലായാണ് പാലം നില്ക്കുന്നത്. സംരക്ഷണഭിത്തികളും തകര്ച്ചയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിപ്പണിയൽ ലിസ്റ്റില് ഈ പാലം ഇല്ലെന്ന സൂചന ആശങ്ക കൂട്ടുന്നു.
Kerala
കോട്ടയം: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ഗാലറി തകർന്നുവീണ് എൻസിസി, എൻഎസ്എസ് കേഡറ്റുകൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലായിലുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ എൻസിസി കേഡറ്റുകൾ താത്കാലികമായി നിർമിച്ച ഗാലറിയാണ് തകർന്നുവീണത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.