ബംബിൾ
ന്യൂഡൽഹി: ജനപ്രിയ ഡേറ്റിംഗ് ആപ്പായ ബംബിൾ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമയക്കൽ നിയമത്തിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും ആദ്യം സന്ദേശമയക്കാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചു.
2014ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ സ്ത്രീകൾക്ക് മാത്രം ആദ്യ സന്ദേശമയക്കാൻ അനുവാദം നൽകിയിരുന്ന 'വുമൺ ഫസ്റ്റ്' നയത്തിനാണ് ഇതിലൂടെ മാറ്റം വരുന്നത്.
ഡേറ്റിംഗ് ആപ്പുകളിൽ ഉപയോക്താക്കളുടെ പങ്കാളിത്തം കുറയുന്നതും വളർച്ച മന്ദഗതിയിലാകുന്നതും കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കാരം. ആപ്പിൽ നടത്തിയ സർവേയിൽ 66 ശതമാനം സ്ത്രീകളും പുരുഷന്മാർ ആദ്യം സംഭാഷണം തുടങ്ങുന്നതാണ് തങ്ങൾ ഇഷ്ടപ്പെടുന്നതെന്നും, ഇത് മാനസിക സമ്മർദ്ദം കുറയ്ക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
സ്ത്രീകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും, അത് ഒരു പ്രത്യേക രീതിയിൽ മാത്രം പരിമിതപ്പെടുത്താനല്ല ഉദ്ദേശിക്കുന്നതെന്നും ബംബിൾ സിഇഓ വിറ്റ്നി വുൾഫ് ഹെർഡ് വ്യക്തമാക്കി.
ആദ്യ സന്ദേശത്തിന് മറുപടി നൽകാനുള്ള സമയം 24 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി ഉയർത്തി. കാനഡയിൽ നടത്തിയ പരിശോധനയിൽ ഈ മാറ്റം ചാറ്റുകളുടെ എണ്ണം കൂട്ടാനും സംഭാഷണങ്ങൾ കൂടുതൽ സജീവമാക്കാനും സഹായിച്ചതായി കമ്പനി അവകാശപ്പെടുന്നു.
സ്വൈപ്പിംഗ് ഒഴിവാക്കിയുള്ള പുതിയ ഫീച്ചറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ എന്നിവയും ബംബിൾ പരീക്ഷിക്കുന്നുണ്ട്. രണ്ടാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 15.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബംബിൾ പുതിയ മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
Tags : technology bumble match messages datingapp