വാട്സ്ആപ്പ്
ന്യൂഡൽഹി: ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന രണ്ട് പ്രധാന ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. ഐഒഎസ് , ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ 'മെസ്സേജ് ഷെഡ്യൂളിംഗ്' സൗകര്യവും, ഒറ്റത്തവണ മാത്രം വായിക്കാൻ കഴിയുന്ന 'വ്യൂ-വൺസ് ടെക്സ്റ്റ് മെസേജുകളും' ആണ് വാട്സ്ആപ്പ് ഘട്ടംഘട്ടമായി പുറത്തിറക്കുന്നത്. നിലവിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമാണ് ഇവ ലഭ്യമായി തുടങ്ങിയിട്ടുള്ളത്.
ഒരു സന്ദേശം ഏത് തീയതിയിലും സമയത്തും അയക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ടെക്സ്റ്റ് സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്യാം.
10 മിനിറ്റ് മുതൽ രണ്ടാഴ്ച വരെ മുൻകൂട്ടി സന്ദേശങ്ങൾ സെറ്റ് ചെയ്തു വെക്കാൻ കഴിയും. നിശ്ചിത സമയത്ത് സന്ദേശം അയക്കപ്പെടാൻ അയക്കുന്നയാളുടെ ഫോൺ ഓൺലൈനിൽ ആയിരിക്കണമെന്നില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.
വാബീറ്റഇൻഫോ റിപ്പോർട്ട് പ്രകാരം, ഒരു സമയം ഒരു മെസേജ് മാത്രമേ ഷെഡ്യൂൾ ചെയ്യാൻ സാധിക്കുകയുള്ളൂ. സന്ദേശം അയക്കുന്നതിന് മുൻപ് അത് കാണാനും ഡിലീറ്റ് ചെയ്യാനും ചാറ്റ് ഇൻഫോ സ്ക്രീനിൽ പ്രത്യേക സൗകര്യമുണ്ടാകും.
ആൻഡ്രോയിഡിനെ അപേക്ഷിച്ച് ഐഫോണുകളിലാണ് ഈ ഫീച്ചർ കൂടുതൽ വ്യാപകമായി ലഭ്യമായിട്ടുള്ളത്. അർധരാത്രിയിൽ പിറന്നാൾ ആശംസകളും ഉത്സവ ആശംസകളും നേരുന്നവർക്കും, തേർഡ്-പാർട്ടി ആപ്പുകളെ ആശ്രയിക്കുന്ന പ്രഫഷണലുകൾക്കും ഈ ഫീച്ചർ വലിയ ആശ്വാസമാകും.
മെസ്സേജ് ഷെഡ്യൂൾ ചെയ്യുന്ന വിധം:
1. സന്ദേശം അയക്കേണ്ട ചാറ്റ് തുറക്കുക.
2. മെസ്സേജ് ടൈപ്പ് ചെയ്യുക, അല്ലെങ്കിൽ മീഡിയ പിക്കർ വഴി ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുക്കുക.
3. സെൻഡ് ബട്ടണിൽ അമർത്തിപ്പിടിക്കുക.
4. ഫീച്ചർ ലഭ്യമായ അക്കൗണ്ടാണെങ്കിൽ "Schedule message" എന്ന ഓപ്ഷൻ ദൃശ്യമാകും.
5. തുടർന്ന് വരുന്ന മെനുവിൽ നിന്ന് കൃത്യമായ തീയതിയും സമയവും തിരഞ്ഞെടുക്കുക.
6. തീയതിയും സമയവും കാണിക്കുന്ന ബട്ടണിൽ ടാപ്പ് ചെയ്ത് ഉറപ്പിക്കുക. (ഷെഡ്യൂൾ ചെയ്തുകഴിഞ്ഞാൽ അയക്കുന്നയാൾക്ക് മാത്രം കാണാവുന്ന ഒരു സ്ഥിരീകരണ സന്ദേശം ചാറ്റിൽ തെളിയും).
ഇതുവരെ ഫോട്ടോകൾ, വീഡിയോകൾ, വോയിസ് നോട്ടുകൾ എന്നിവയ്ക്ക് മാത്രമുണ്ടായിരുന്ന 'വ്യൂ-വൺസ്' സൗകര്യം ഇനി ടെക്സ്റ്റ് സന്ദേശങ്ങൾക്കും ലഭ്യമാകും. ഇത്തരത്തിൽ അയക്കുന്ന സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാനോ, കോപ്പി ചെയ്യാനോ, സ്ക്രീൻഷോട്ട് എടുക്കാനോ സാധിക്കില്ല.
ചാറ്റ് സ്ക്രീനിൽ നിന്ന് മാറി ഒരു പ്രത്യേക വിൻഡോയിലായിരിക്കും ഈ സന്ദേശം തുറന്നുവരിക. ആൻഡ്രോയിഡ്, ഐഫോൺ ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
'ഡിസപ്പിയറിംഗ് മെസ്സേജുകളിൽ'നിന്ന് വ്യത്യസ്തമാണിത്. നിശ്ചിത സമയം കഴിയുമ്പോൾ വായിച്ചാലും ഇല്ലെങ്കിലും ഡിസപ്പിയറിംഗ് മെസ്സേജുകൾ അപ്രത്യക്ഷമാകുമ്പോൾ, വ്യൂ-വൺസ് സന്ദേശങ്ങൾ സ്വീകർത്താവ് ഒരിക്കൽ തുറന്നു വായിച്ചാലുടൻ അപ്രത്യക്ഷമാകും.
വ്യൂ-വൺസ് ടെക്സ്റ്റ് അയക്കുന്ന വിധം:
1. സന്ദേശം അയക്കേണ്ട ചാറ്റ് തുറക്കുക.
2. മെസ്സേജ് ടൈപ്പ് ചെയ്ത ശേഷം സെൻഡ് ബട്ടണിൽ അമർത്തിപ്പിടിക്കുക.
3. തുടർന്ന് ലഭിക്കുന്ന "View once" എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് സന്ദേശം അയക്കുക.
രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സുരക്ഷിതമായി കൈമാറാൻ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമായി ഘട്ടംഘട്ടമായി അവതരിപ്പിക്കുന്ന ഈ രണ്ട് ഫീച്ചറുകളും വരും ആഴ്ചകളിൽ എല്ലാവരിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : WhatsApp whatsappmessage schedule timings newfeature textmessage viewonce