ജർമ്മനിയിൽ നടന്ന പ്രശസ്തമായ 'സാർലാൻഡ് ട്രോഫിയോ ജൂനിയേഴ്സ്' സൈക്ലിംഗ് മത്സരത്തിനിടെ ഇലക്ട്രിക് സ്കൂട്ടറുമായി വയോധിക ട്രാക്കിലേക്ക് കയറിയത് വൻ അപകടത്തിന് കാരണമായി.
യൂറോപ്പിലെ നൂറിലധികം യുവ റൈഡർമാർ പങ്കെടുത്ത റേസിനിടെയുണ്ടായ ഈ ഞെട്ടിക്കുന്ന കൂട്ടയിടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സൈക്ലിസ്റ്റുകൾ അതിവേഗത്തിൽ പാഞ്ഞുവരുന്ന പാതയിലേക്ക് വയോധിക പെട്ടെന്ന് സ്കൂട്ടർ തിരിച്ചുവിടുകയായിരുന്നു. മുന്നിലുണ്ടായിരുന്ന റൈഡർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും തൊട്ടുപിന്നാലെ വന്ന താരത്തിന് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല.
സ്കൂട്ടറിൽ ഇടിച്ച റൈഡർ റോഡിലേക്ക് തെറിച്ചുവീഴുകയും, പിന്നാലെ വന്ന മറ്റ് നാലിലധികം സൈക്ലിസ്റ്റുകൾ നിയന്ത്രണം വിട്ട് പരസ്പരം ഇടിച്ചുകയറുകയും ചെയ്തു.
അപകടത്തിൽപ്പെട്ട ഡച്ച് താരം പോൾ വ്രീസ്മാൻ, അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നതിൽ വലിയ നിരാശ പ്രകടിപ്പിച്ചു. എന്നാൽ അതിവേഗത്തിലായിരുന്നിട്ടും കായികതാരങ്ങൾക്ക് ആർക്കും മാരകമായ പരിക്കുകൾ ഏൽക്കാത്തത് വലിയ ആശ്വാസമായി.
2021-ലെ ടൂർ ഡി ഫ്രാൻസ് മത്സരത്തിനിടെ ഒരു കാണിയുടെ അശ്രദ്ധ കാരണം ജർമ്മൻ താരം ടോണി മാർട്ടിനും മറ്റ് റൈഡർമാരും സമാനമായി അപകടത്തിൽപ്പെട്ടിരുന്നു.
ഈ പുതിയ സംഭവത്തോടെ പൊതുവഴികളിൽ നടക്കുന്ന സൈക്ലിംഗ് മത്സരങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും കാണികളുടെ നിയന്ത്രണവും കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും കായികലോകത്ത് ഉയരുകയാണ്.
Bei der Trofeo in Habkirchen (Saarland) ? pic.twitter.com/3gUOrzHvXV
— Flaschenbuddel (@Flaschenbuddel) June 14, 2026
Tags : CyclingNews SportsNews GermanyCrash CyclingAccident SaarlandTrofeo