പ്രകൃതിക്ഷോഭത്തിന്റെ ഭീതിപ്പെടുത്തുന്ന നിമിഷങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെ തിളങ്ങുന്നൊരു മാതൃകയ്ക്കാണ് ഹിമാചൽ പ്രദേശ് അടുത്തിടെ സാക്ഷ്യം വഹിച്ചത്.
ചമ്പാ ജില്ലയിലെ ഭട്ടിയാത് ബർമൽ മേഖലയിലുള്ള കകിയാര-തുനുഹട്ടി പാതയിൽ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായപ്പോഴായിരുന്നു സംഭവം.
റോഡ് മുഴുവൻ ശക്തമായ ഒഴുക്കുള്ള ഒരു പുഴയായി മാറിയ നിമിഷത്തിൽ, ഒരു ബൈക്ക് യാത്രക്കാരൻ കുത്തിയൊലിക്കുന്ന വെള്ളത്തിൽപ്പെട്ട് നിയന്ത്രണം നഷ്ടമായി ജീവനായി മല്ലടിക്കുകയായിരുന്നു.
അതുവഴി കാറിൽ വരികയായിരുന്ന ഒരു കുടുംബം ഈ കാഴ്ച്ച കണ്ട് ഉടൻതന്നെ വാഹനം നിർത്തി സഹായത്തിനെത്തി. കാറിലുണ്ടായിരുന്ന പുരുഷൻ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയെങ്കിലും ശക്തമായ ഒഴുക്കുമൂലം അദ്ദേഹത്തിന് അടുത്തേക്ക് എത്താൻ സാധിച്ചില്ല.
എന്നാൽ തൊട്ടടുത്ത നിമിഷം കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ കാണിച്ച സമയോചിതമായ ബുദ്ധി വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. കൂട്ടത്തിലുണ്ടായിരുന്ന നവവധു, തന്റെ കഴുത്തിലുണ്ടായിരുന്ന ദുപ്പട്ട അഴിച്ച് വെള്ളത്തിലേക്ക് നീട്ടി നൽകി.
ഏറെ പരിശ്രമത്തിനൊടുവിൽ ബൈക്ക് യാത്രക്കാരൻ ദുപ്പട്ടയിൽ പിടിമുറുക്കുകയും കുടുംബാംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ സുരക്ഷിതമായി കരയിലേക്ക് വലിച്ചുകയറ്റുകയുമായിരുന്നു. മറ്റൊരു പ്രാദേശികവാസിയും ഈ സാഹസിക രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് ആളുകളുടെ ഹൃദയം കവർന്നത്. സ്വന്തം ജീവൻ പോലും പണയംവെച്ച് മറ്റൊരാളെ രക്ഷിക്കാൻ മുന്നോട്ടുവന്ന കുടുംബത്തിന്റെ സന്നദ്ധതയെയും പ്രവൃത്തിയെയും നവവധുവിന്റെ ബുദ്ധിയെയും പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തി.
ദുരന്തമുഖത്തും മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും സംസ്കാരത്തിന്റെ യഥാർഥ ഭംഗിയാണ് അവിടെ കണ്ടതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറഞ്ഞു.
അതേസമയം, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവർ അധ്വാനിക്കുമ്പോഴും ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ച യാത്രക്കാരന്റെ നിലപാടിനെതിരെയും ചില വിമർശനങ്ങൾ ഉയർന്നുവന്നു.
എങ്കിലും, ഒരു ജീവൻ പൊലിയാതെ കാത്തുസൂക്ഷിച്ച ആ കുടുംബത്തിന്റെ മാതൃകാപരമായ പ്രവർത്തനം ഇന്ന് രാജ്യമൊട്ടാകെ ഏറ്റെടുത്തിരിക്കുകയാണ്.
Best video to start the day ❤️A newly married couple in Bhatiyat, Chamba, risked their own safety to save a young biker who was stuck in a flash flood. It was literally a matter of seconds before he could have been swept away.The newlywed bride gave her dupatta, and together the… pic.twitter.com/xcfTk69HHz
— Nikhil saini (@iNikhilsaini) September 1, 2026
Tags : HimachalPradesh Chamba HumanityStillExists FaithInHumanity HeroicRescue