ബാങ്കോക്കിലെ ബാറിൽ വൻ തുക ബിൽ കുടിശിക വരുത്തിയതിന് 18 വയസുള്ള യുവതിയുടെ തലമുടി ജീവനക്കാർ പൂർണമായി മുണ്ഡനം ചെയ്ത സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഓഗസ്റ്റ് 25-ന് പിങ്ക്ലാഓ മേഖലയിലാണ് സംഭവം നടന്നത്.
നിയമപരമായ വഴികൾ തേടുന്നതിന് പകരം ബാർ അധികൃതർ സ്വന്തം നിലയിൽ ശിക്ഷ നടപ്പിലാക്കിയതാണ് പൊതുജനരോഷത്തിന് കാരണമായത്. പ്രമുഖ തായ് സാമൂഹിക പ്രവർത്തക ചലിഡ ഫലാമത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറലോകമറിയുന്നത്.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സ്ഥാപനത്തിൽ പ്രവേശിച്ച യുവതി, ഇരുനൂറിലധികം പാനീയങ്ങളും ഭക്ഷണവും ഓർഡർ ചെയ്തതിനെ തുടർന്ന് ബിൽ തുക ഏകദേശം 60,000 തായ് ഭാറ്റ് (1,70,000 ലധികം രൂപ) ആയിരുന്നു.
പണം നൽകാതെ പുറത്തുപോകാൻ ശ്രമിച്ച യുവതിയെ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. മുൻപും സമാനമായ രീതിയിൽ മറ്റ് പല ബാറുകളിലും ഇവർ വലിയ തുക ബിൽ കുടിശിക വരുത്തിയിട്ടുണ്ടെന്നാണ് സ്ഥാപനത്തിന്റെ ആരോപണം.
എന്നാൽ പോലീസിനെ വിവരമറിയിക്കുന്നതിന് പകരം, യുവതിയുടെ മുടി മുറിച്ചു മാറ്റി പകരം 3,000 ഭാറ്റ് ബില്ലിൽ കുറവ് ചെയ്യാമെന്ന വിചിത്രമായ കരാറാണ് മാനേജർ മുന്നോട്ടുവെച്ചത്. തുടർന്ന് ട്രിമ്മർ ഉപയോഗിച്ച് യുവതിയുടെ തലമുടി വടിച്ചെടുക്കുകയായിരുന്നു.
ഭീഷണിക്ക് വഴങ്ങിയാണ് താൻ ഇതിന് നിന്നുകൊടുത്തതെന്നും, അക്രമഭയത്താലാണ് എതിർക്കാതിരുന്നതെന്നും യുവതി പിന്നീട് വ്യക്തമാക്കി. തലമുടി മുഴുവനായി കളയാൻ സമ്മതിച്ചിരുന്നില്ലെന്ന് കുടുംബവും പോലീസിനോട് പറഞ്ഞു.
സംഭവം കൈവിട്ടുപോയെന്ന് സമ്മതിച്ച ബാർ അധികൃതർ പിന്നീട് മാപ്പുപറഞ്ഞെങ്കിലും, സാമ്പത്തിക തർക്കത്തിന്റെ പേരിൽ വ്യക്തികളെ പരസ്യമായി അപമാനിക്കുകയും കായികമായി നേരിടുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വിഷയം തായ്ലൻഡിലെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഒരു വശത്ത് വ്യാജരേഖ ചമച്ചതിനും പണം നൽകാത്തതിനും യുവതിക്കെതിരെ വിമർശനമുയരുമ്പോൾ തന്നെ, ബാർ അധികൃതരുടെ കൈയേറ്റം ക്രൂരവും നിയമവിരുദ്ധവുമാണെന്ന അഭിപ്രായമാണ് പൊതുസമൂഹത്തിൽ ശക്തമാകുന്നത്.
?? Tayland’ın Bangkok kentinde 18 yaşındaki bir kadının, yaklaşık 1.800 dolarlık hesabı ödeyemediği gerekçesiyle başı tamamen tıraş edildi!
— Serkan Tanyildizi (@srkntnyldz) August 31, 2026
Kadının sahte kimlikle eğlence mekânına girdiği ve TikTok’ta takip ettiği bir erkek çalışanla buluşmak için bara gittiği belirtildi.… pic.twitter.com/8IEjQddgFB
Tags : BangkokNews HostBarDispute ThailandNews ViralThailand HumanRights