തൊടുപുഴ: മഴക്കാലത്ത് ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ ജില്ലയില്‍ പടരുന്നത് ഒഴിവാക്കാന്‍ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിളിച്ചുചേര്‍ത്ത ജില്ലാതല വകുപ്പ് മേധാവികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും ജലത്തിന്റെ ശുദ്ധത ഉറപ്പു വരുത്തുന്നതിനു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന ഉടന്‍ ആരംഭിക്കും. ജ്യൂസ് ഷോപ്പുകളും തട്ടുകടകളുമടക്കം ജില്ലയിലെ എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ പഞ്ചായത്തുകളുടെ സഹകരണവും ഉറപ്പാക്കും. കേസുകളെടുക്കുന്നതിലും നോട്ടീസ് നല്‍കുന്നതിലും യാതൊരു വിട്ടുവീഴ്ചയും നല്‍കേണ്ടതില്ലെന്നു കളക്ടര്‍ നിര്‍ദേശിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ വളരെ കൂടുതലായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള ഊര്‍ജിത പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും.
ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തും. ത്രിതല പഞ്ചായത്തുകള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാര്‍ഡുതല ശുചിത്വ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും.
20നു മുന്‍പ് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷന് ഡ്രൈവും പൂര്‍ത്തീകരിക്കും. തൊഴിലുറപ്പ് പദ്ധതികള്‍ക്ക് പോകുന്നവര്‍ എലിപ്പനിക്കെതിരായുള്ള ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തണം. മലേറിയ കേസുകള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മൈഗ്രന്‍സ് സ്ക്രീനിംഗ് തൊഴില്‍ വകുപ്പ് ഉറപ്പുവരുത്തും.
മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, പൊതുഇടങ്ങളില്‍ നിക്ഷേപിക്കുക, ഒഴുക്കിവിടുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേ നിലവിലുള്ള വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിനായി സ്പെഷല്‍ സ്ക്വാഡ് രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. മാലിന്യപരിപാലനം ഉറപ്പുവരുത്തുന്നതിനായി വാതില്‍പ്പടിശേഖരണം, സംഭരണം,
എംസിഎഫ്, ആര്‍ആര്‍എഎഫ് എന്നിവയില്‍ നിന്നുള്ള മാലിന്യനീക്കം, ഡ്രൈഡേ ആചരണം, ഓടകള്‍ വൃത്തിയാക്കല്‍, ജലസ്രോതസുകളുടെ ശുചീകരണം, ക്ലോറിനേഷന്പ്രവര്ത്തനങ്ങള്, ജലസ്രോതസുകളിലേക്കു മാലിന്യനിക്ഷേപം തടയുന്ന നടപടികള്‍, ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്ന കൈവഴികളുടെയും ഓടകളുടെയും ശുചീകരണം എന്നിവയും കാര്യക്ഷമമായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.