ഇടുക്കി: ജില്ലയില്‍ ഉഷ്ണതരംഗ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇതനുസരിച്ച് ജോലിസമയം ക്രമീകരിക്കണം.
ആറു വരെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ അടച്ചിടണം. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടാകില്ല. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ക്ലാസുകള്‍ 11 മുതല്‍ മൂന്നുവരെ ഒഴിവാക്കണം. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.
ആസ്ബസ്റ്റോസ്, ടിന്‍ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ എന്നിവ പകല്‍സമയം അടച്ചിടണം. ഇത്തരം വീടുകളില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടന്‍തന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനംവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്‍, ആദിവാസി, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും നിര്‍ദശമുണ്ട്.