മറയൂർ: ടൂറിസം വികസനത്തിനും അവധിക്കാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി കാന്തല്ലൂരിൽ ഏഴു മുതൽ 12 വരെ ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കും. കാന്തല്ലൂർ പഞ്ചായത്ത്, റിസോർട്ട് ആന്‍ഡ് ഹോംസ്റ്റേ അസോസിയേഷൻ, ഡ്രൈവേഴ്സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിന്റെ ഭാഗമായി മറയൂർ, ചിന്നാർ, മൂന്നാർ മേഖലകളിൽനിന്ന് പ്രത്യേക ടൂർ പാക്കേജും ഒരുക്കിയിട്ടുണ്ട്. കാന്തല്ലൂരിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ, ശിലായുഗ കാഴ്ചകൾ, മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയവ സന്ദർശിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
ഇതിനു പുറമേ ഭൗമസൂചിക പദവി നേടിയ മറയൂർ ശർക്കര, കാന്തല്ലൂർ വട്ടവട വെളുത്തുള്ളി, ശീതകാല പച്ചക്കറികൾ, ആപ്പിൾ, സ്ട്രോബറി, റാഗി, സു ഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ വിളയുന്ന തോട്ടങ്ങളും കാണാനാകും.
കാർണിവൽ, അമ്യൂസ്മെന്റ് പാർക്ക്, ചലച്ചിത്ര താരങ്ങൾ ഒരുക്കുന്ന മെഗാഷോ, ഫ്ളവർ ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ കാന്തല്ലൂർ ഗ്രാമത്തിന് മികച്ച ഗ്രാമീണ ടൂറിസം പദ്ധതി വിഭാഗത്തിൽ കേന്ദ്രസർക്കാരിന്റെ ഗോൾഡ് അവാർഡ് ലഭിച്ചിരുന്നു.