കോണ്‍ഗ്രസിന് ഒറ്റദിവസംകൊണ്ട് 19,000 വാര്‍ഡ് കമ്മിറ്റികള്‍
കോണ്‍ഗ്രസിന് ഒറ്റദിവസംകൊണ്ട് 19,000 വാര്‍ഡ് കമ്മിറ്റികള്‍
Monday, March 2, 2015 12:12 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്നലെ ഒരു ദിവസംകൊണ്ട് 19,000 ഓളം വാര്‍ഡ് കമ്മിറ്റികളും നാലു ലക്ഷത്തോളം ഭാരവാഹികളും നിലവില്‍ വന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സമിതി രൂപീകരണം.

വാര്‍ഡ് കമ്മിറ്റി രൂപീകരണത്തിനിടയിലുള്ള ഗ്രൂപ്പു പ്രവര്‍ത്തനം കെപിസിസി നേരിട്ട് ഇടപെട്ടു തടഞ്ഞെങ്കിലും ചിലയിടങ്ങളില്‍ ഗ്രൂപ്പു പ്രവര്‍ത്തനം നടന്നു. ഇതിന്റെ ഭാഗമായി ഒരു വാര്‍ഡില്‍ തന്നെ രണ്ടു കമ്മിറ്റികള്‍ നിലവില്‍ വന്ന അവസ്ഥയുമുണ്ടായി.

ആകെയുള്ള 19,255 വാര്‍ഡുകളില്‍ 19,000 ത്തോളം വാര്‍ഡുകളിലാണു സമിതി നിലവില്‍വന്നത്. ഓരോ വാര്‍ഡിലും പ്രസിഡന്റ്, രണ്ടു വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 12 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ 21 അംഗ സമിതിയാണു നിലവില്‍ വന്നത്. വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ വനിതയാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് സംസ്ഥാനത്തൊട്ടാകെ ഒരേസമയമാണു വാര്‍ഡ് കമ്മിറ്റി രൂപീകരണം നടന്നത്. ഇതിനു വിരുദ്ധമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി ഉള്‍പ്പെട്ട ജഗതി വാര്‍ഡില്‍ രാവിലെ 11നു വാര്‍ഡ് കമ്മിറ്റി രൂപീകരണ യോഗം നടന്നു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തിരുവനന്തപുരം കണ്ണമ്മൂല വാര്‍ഡിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചെന്നിത്തല പഞ്ചായത്തിലെ 14-ാം വാര്‍ഡിലും മുന്‍ കെപിസിസി പ്രസിഡന്റുമാരായ സി.വി. പത്മരാജന്‍ കൊല്ലം കച്ചേരി വാര്‍ഡിലും, തെന്നല ബാലകൃഷ്ണപിള്ള കരകുളം പഞ്ചായത്തിലെ കാച്ചാണി വാര്‍ഡിലും, കെ. മുരളീധരന്‍ കവടിയാര്‍ വാര്‍ഡിലും പി.പി.തങ്കച്ചന്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ആശ്രാമം വാര്‍ഡിലും വാര്‍ഡ് കമ്മിറ്റി രൂപീകരണ യോഗങ്ങളില്‍ പങ്കെടുത്തു.


മറ്റു കെപിസിസി. ഭാരവാഹികള്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി എല്ലാ തലത്തിലുമുള്ള കോണ്‍ഗ്രസ് നേതാക്കളും അവരവരുടെ വാര്‍ഡുകളിലെ യോഗങ്ങളില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഉപരിസമിതികളുടെ രൂപീകരണം നടക്കും. വിവിധ കാരണങ്ങളാല്‍ ചിലയിടങ്ങളില്‍ മാറ്റിവച്ച വാര്‍ഡ് രൂപീകരണ യോഗങ്ങള്‍ എട്ടിനു നടത്തുമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.