മാളയിൽ കുട്ടികളെ കടിച്ചതു പേപ്പട്ടി
Friday, August 26, 2016 12:10 PM IST
തൃശൂർ: മാളയിൽ വിദ്യാർഥികളെ ആക്രമിച്ചതു പേയിളകിയ തെരുവുനായയായിരുന്നുവെന്നു സ്‌ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നായയുടെ രക്‌തസാമ്പിൾ പരിശോധിച്ചപ്പോഴാണു പേവിഷബാധയുണ്ടെന്നു തെളിഞ്ഞത്. വിദ്യാർഥികളെ ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. തുടർന്നു പരിശോധനയ്ക്കായി വെറ്ററിനറി കോളജിലെത്തിച്ചു. പരിശോധനയിലാണു നായയ്ക്കു പേവിഷബാധയുണ്ടെന്നു വ്യക്‌തമായത്.

പേവിഷബാധ സ്‌ഥിരീകരിച്ചതോടെ നാട്ടുകാരും കുട്ടികളുടെ മാതാപിതാക്കളുമൊക്കെ ആശങ്കയിലാണ്. അഞ്ചു വയസുകാരൻ ഉൾപ്പെടെ ആറു പേർക്കാണു പൊയ്യയിലെ വിവിധയിടങ്ങളിൽനിന്നു കടിയേറ്റത്. ഈ തെരുവുനായ മറ്റു നായ്ക്കളെയോ കന്നുകാലികളെയോ കടിച്ചിട്ടുണ്ടാകാമെന്ന ഭീതിയിലാണു നാട്ടുകാർ.


പേവിഷബാധ സ്‌ഥിരീകരിച്ചതോടെ കടിയേറ്റവർക്കുള്ള പ്രതിരോധ ചികിത്സ ആരംഭിച്ചതായി മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞു.