എഎൻആർപിസി റബർ കോൺഫറൻസ് ഗോഹട്ടിയിൽ
Saturday, October 1, 2016 12:26 PM IST
കോട്ടയം: റബർ ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പൊഡ്യൂസിംഗ് കൺട്രീസ് (എഎൻആർപിസി)യുടെ 9–ാമത് രാജ്യാന്തര വാർഷിക റബർ കോൺഫറൻസ് ഗോഹട്ടിയിൽ നടക്കും. കേന്ദ്രമന്ത്രി നിർമല സീതാരാമൻ 17ന് ഉദ്ഘാടനം ചെയ്യും. വടക്കുകിഴക്കൻസംസ്‌ഥാനങ്ങളിലെ റബർകൃഷിക്കായി ഇന്ത്യൻ റബർഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത പുതിയ റബറിനം ആസാം കൃഷിവകുപ്പുമന്ത്രി അതുൽ ബോറയ്ക്ക് കൈമാറ്റം ചെയ്തു കേന്ദ്രമന്ത്രി പുറത്തിറക്കും. റബറുത്പാദകരാജ്യങ്ങളുടെ അന്താരാഷ്ട്രസംഘടനയായ എഎൻആർപിസി 1970ലാണ് നിലവിൽ വന്നത്.

കംബോഡിയ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, പാപ്പുവന്യൂഗിനി, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് സംഘടനയിലെ അംഗങ്ങൾ. ആഗോള പ്രകൃതിദത്ത റബറുത്പാദനത്തിന്റെ 90 ശതമാനവും ഉപഭോഗത്തിന്റെ 65 ശതമാനവും ഈ 11 രാജ്യങ്ങളിലാണ്. അംഗരാജ്യങ്ങൾക്കിടയിലുള്ള റബർസംബന്ധമായിട്ടുള്ള വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സ്‌ഥിതിവിവരക്കണക്കുകൾ ഏകീകരിക്കുന്നതിനും എഎൻആർപിസി. എഎൻ ആർപിസിയുടെ മീറ്റിംഗുകളോടനുബന്ധിച്ചാണ് രാജ്യാന്തര വാർഷിക റബർ കോൺഫറൻസും മറ്റു ടെക്നിക്കൽ കമ്മിറ്റികളും കൂടുന്നത്.

സംഘടനയിൽ അംഗമായ ഏതെങ്കിലും രാജ്യത്തുവച്ചായിരിക്കും പരിപാടികൾ നടക്കുക. ഇത്തവണത്തെ സമ്മേളനപരിപാടികൾക്ക് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. റബർ കോൺഫറൻസിനെത്തുടർന്ന് 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ, എഎൻആർപിസി അസംബ്ലി യോഗവും, എക്സിക്യൂട്ടീവ് കമ്മിറ്റിയും മറ്റു ടെക്നിക്കൽ കമ്മിറ്റികളും നടക്കും. എഎൻആർപിസിയുടെ തീരുമാനങ്ങളെടുക്കുന്നതിനുള്ള പരമാധികാരസമിതി അസംബ്ലിയാണ്. റബർ ബാർഡ് ചെയർമാൻ എ. അജിത്കുമാർ ഐഎഎസ് അധ്യക്ഷനായുള്ള സംഘാടകസമിതിയാണു പരിപാടികൾ ഏകോപിപ്പിക്കുന്നത്. വാർഷികറബർകോൺഫറൻസിനോടനുബന്ധിച്ചു നടക്കുന്ന ചർച്ചകളിൽ ഷീല തോമസ് (സെക്രട്ടറി ജനറൽ, എഎൻആർപിസി), ഡോ. തീർത്ഥങ്കർ പഠ്നായിക് (ഇന്ത്യാ സ്ട്രാറ്റജിസ്റ്റ്, ഏഷ്യൻ ഫൈനാൻഷ്യൽ സൊല്യൂഷൻസ് ഡിപ്പാർട്ട്മെന്റ്, മിസുഹോ ബാങ്ക്, ജപ്പാൻ), ദാത്തോ ഡോ. അബ്ദുൽ അസീസ് എസ് എകാദിർ (സെക്രട്ടറി ജനറൽ, ഇന്റർനാഷണൽ റബർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ബോർഡ്), ദാത്തോ ഡോ. സാൽമിയ അഹമ്മദ് (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഇന്റർനാഷണൽ ട്രൈപാർട്ടെറ്റ് റബർ കൺസോർഷ്യം), ഡോ. ലക്ഷ്മി നായർ (ഹെഡ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഇന്റർനാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ്, സിംഗപ്പൂർ) എന്നിവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.