മകന്റെ മർദനമേറ്റ് പരിക്കേറ്റ പിതാവ് മരിച്ചു: മകൻ കസ്റ്റഡിയിൽ
1422686
Wednesday, May 15, 2024 5:41 AM IST
കാട്ടാക്കട: മകന്റെ മർദനത്തെ തുടർന്നു പരിക്കേറ്റ അച്ഛൻ മരിച്ചു. വിളവൂർക്കൽ ചെറുപൊറ്റ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്ര(63)നാണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്റെ മൂത്ത മകൻ കോൺക്രീറ്റ് പണിക്കാരനായ രാജേഷി(30)നെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.
രാജേന്ദ്രനും രാജേഷും അടുത്തടുത്ത വീടുകളിലായിരുന്നു താമസം. സംഭവ ദിവസം രാജേഷും ഇയാളുടെ സുഹൃത്തും വീട്ടിൽ മദ്യപിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ രാജേന്ദ്രനുമായി വാക്കു തർക്കമുണ്ടായി. രാജേഷ് വീട്ടിൽ വസ്ത്രം അലക്കിയിടുന്ന അഴ പൊട്ടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു വാക്കുതർക്കം.
തുടർന്ന് രാജേന്ദ്രൻ രാജേഷിനെ മർദിച്ചപ്പോൾ രാജേഷ് കൈയിൽ കിട്ടിയ തടി കഷ്ണം ഉപയോഗിച്ച് രാജേന്ദ്രനെ തിരിച്ചും മർദിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട രാജേന്ദ്രൻ നിലത്ത് പുറം തല ഇടിച്ചു വീഴുകയും ചെയ്തു. തുടർന്നും രാജേഷ് രാജേന്ദ്രന്റെ തലയ്ക്കടിച്ചു.
അടിയേറ്റു ഗുരുതര പരിക്കേറ്റനില യിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജേന്ദ്രൻ ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. കസ്റ്റിഡിലായ രാജേഷിനെ പോലീസ് ചോദ്യം ചെയ്ത് തുടങ്ങി.രാജേഷിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സുധയാണ് രാജേന്ദ്രന്റെ ഭാര്യ. രാജീവ്, സജീവ് എന്നിവർ മറ്റുമക്കളാണ്.