മാതൃ-പിതൃവേദി ആലംബഹീനരുടെ ആശ്രയമാകണം: മാർ തോമസ് തറയിൽ
1422688
Wednesday, May 15, 2024 5:41 AM IST
തിരുവനന്തപുരം: മാതൃ-പിതൃ വേദി കരുണയുടെ ശുശ്രൂഷകരും ആലംബഹീനരുടെ ആശ്രയവും ആകണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു. കരുണയുടെ പ്രചാരകരും വേദനിക്കുന്നവരുടെ കൈത്താങ്ങുമായി നാം മാറുന്പോൾ കുരിശിന്റെ പ്രത്യാശ സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃ-പിതൃവേദി തിരുവനന്തപുരം ഫൊറോന മേഖലാതല കുടുംബ സംഗമം "നസ്രത്ത് മീറ്റ്-2024' ശ്രീകാര്യം എമ്മാവൂസ് ദേവാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനസിക രോഗികൾക്കും ഓട്ടിസം ബാധിച്ചവർക്കും വേണ്ടിയുള്ള കാട്ടാക്കടയിലെ എലോയിസ് മിനിസ്ട്രിക്ക്, ഫൊറോനാസമിതിയും വിവിധ യൂണിറ്റുകളും സമാഹരിച്ച തുക ബിഷപ് കൈമാറി.
മാതൃവേദി ഫൊറോന പ്രസിഡന്റ് ബിനുമോൾ ബേബി അധ്യക്ഷത വഹിച്ചു. ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ഫാ. ബ്ലസ് കരിങ്ങണാമറ്റം, ജിനോദ് ഏബ്രഹാം, സിസ്റ്റർ ജെയിൻ മേരി, ടോമി പട്ടശേരി, ആൻസി ബിബിൻ എന്നിവർ പ്രസംഗിച്ചു.
ഫൊറോന ഭാരവാഹികളായ മുരളി ആനന്ദ്, ബ്ലസിമോൾ പി. ദേവസ്യ, സജി ആന്റണി, സെലിൻ, സെബാസ്റ്റ്യൻ, ലിൻസി ജിനു, ബെൻസി സ്കറിയ, എമ്മാവൂസ് യൂണിറ്റ് ഭാരവാഹികളായ ശീതൾ ബിനോ, ജോണ് പി. ജോബ് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.