മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നടത്തിയ യുഎസ്എസ് പരീക്ഷയുടെ ചോദ്യങ്ങള്‍ വിദ്യാര്‍ഥികളെ വലക്കുന്നതായിരുന്നുവെന്നും പിഎസ്സി പരീക്ഷകളെ പോലും വെല്ലുന്ന ചോദ്യങ്ങള്‍ക്കാണ് കുട്ടികള്‍ ഇത്തവണ വിവിധ വിഷയങ്ങളില്‍ ഉത്തരം എഴുതേണ്ടി വന്നതെന്നും ജില്ലാ കെഎസ്ടിയു യോഗം ചൂണ്ടിക്കാട്ടി.
അറബി ഭാഷയിലെ ചോദ്യങ്ങള്‍ ഭാഷാപരമായ കാര്യങ്ങള്‍ പരിശോധിക്കാതെ പകരം പൊതുവിജ്ഞാനം പരിശോധിക്കുന്ന പരീക്ഷയായി മാറിയത് കുട്ടികളില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. ഗണിതം, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളും കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കി.
കഴിഞ്ഞ നാലു വര്‍ഷമായി എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് തുക ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ പലതവണ കുട്ടികളോട് ബാങ്ക് അക്കൗണ്ടും മറ്റും ചോദിച്ച് കബളിപ്പിക്കുകയായിരുന്നു. സ്കോളര്‍ഷിപ്പ് വിജയിച്ച പല വിദ്യാര്‍ഥികളും കോളജ് വിദ്യാഭ്യാസം വരെ പൂര്‍ത്തിയാക്കി.
എന്നിട്ടും തുക നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനു വേണ്ടിയാണ് ചോദ്യങ്ങള്‍ കടുകട്ടിയാക്കിയെതെന്ന് രക്ഷിതാക്കള്‍ പരാതി പറയുന്നു.
അറബിഭാഷയുടെ പ്രധാന്യം താഴ്ത്താനാണ് കുട്ടികളുടെ നിലവാരം പരിഗണിക്കാതെ ചോദ്യം തയാറാക്കിയതെന്നു കെഎസ്ടിയു ആരോപിച്ചു. തുടക്കം മുതലേ കുട്ടികളുടെ നിലവാരം നോക്കാതെയാണ് സിലബസും തയാറാക്കിയിരുന്നത്. ഇതു പലതവണ ജില്ലാ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് അധികൃതരെ ഓര്‍മപ്പെടുത്തിയതാണ്. മാര്‍ച്ച് വരെയുള്ള പാഠഭാഗങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ പഠിച്ച് തീര്‍ക്കുക എന്നതു വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയാസകരമായിരുന്നു.
അതിനിടയിലാണ് കാഠിന്യം കൂടിയ ചോദ്യവും നല്‍കിയത്. ഇതിന്റെ നിഗൂഢത അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ പി.കെ.എം. ഷഹീദ്, മജീദ് കാടേങ്ങല്‍, വി.എ. ഗഫൂര്‍, റഹീം കുണ്ടൂര്‍, കെ.ടി. അമാനുള്ള, കെ. ഫസല്‍ ഹഖ്, ജില്ലാ ജനറല്‍ സെക്രട്ടറി വീരാന്‍കുട്ടി കോട്ട, കെ.എം. ഹനീഫ, സഫ്ദറലി വാളന്‍, ജലീല്‍ വൈരങ്കോട്, എ.കെ. നാസര്‍, വി.ഷാജഹാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.