ജില്ലയിലെ സ്കൂളുകളില്‍ ഹെല്‍ത്ത് നഴ്സുമാരില്ല : യോഗ്യരായവര്‍ ഇല്ലെന്ന് അധികൃതര്‍
1422871
Thursday, May 16, 2024 5:12 AM IST
പെരിന്തല്‍മണ്ണ: സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ,മാനസിക പ്രശ്നങ്ങള്‍ക്ക് പ്രാഥമിക പരിഹാരം കാണുന്നതിന് ചുമതലയുള്ള സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാര്‍ ജില്ലയിലെ മിക്ക സ്കൂളുകളിലുമില്ല.
യോഗ്യരായ ഹെല്‍ത്ത് നഴ്സുമാരെ ലഭിക്കാത്തതും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് ബന്ധപ്പെട്ടവര്‍ കാരണമായി പറയുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെയും സംയുക്ത സംരംഭമായി 2009 ലാണ് സ്കൂളുകളില്‍ ഹെല്‍ത്ത് നഴ്സിന്റെ നേതൃത്വത്തിലുള്ള വിദ്യാലയ ആരോഗ്യ പദ്ധതി ആവിഷ്കരിച്ചത്.
ആ വര്‍ഷം പത്തു ശതമാനം സ്കൂളുകളില്‍ ആരംഭിച്ച പദ്ധതി 2012-13 വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിച്ചിരുന്നു.സ്കൂളുകളില്‍ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ പ്രാഥമികമായി കണ്ടെത്തുന്നതിനാണ് സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരെ നിയമിച്ചത്. 2500 കുട്ടികള്‍ക്ക് ഒരാള്‍ എന്ന രീതിയിലായിരുന്നു നിയമനം.
തുടക്കത്തില്‍ 1098 നഴ്സുമാരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചിരുന്നു. സ്കൂളുകളിലെ എല്ലാ കുട്ടികളെയും ചിട്ടയായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി വിവരങ്ങള്‍ ഹെല്‍ത്ത് റിക്കാര്‍ഡില്‍ രേഖപ്പെടുത്തും. ഇത്തരം പരിശോധനയിലൂടെ കണ്ടെത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ സ്കൂള്‍ അധികൃതരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തി അവരുടെ സഹകരണത്തോടെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യും.
ഈ കുട്ടികളെ തുടര്‍ച്ചയായി നിരീക്ഷണം നടത്തുക ഹെല്‍ത്ത് നഴ്സുമാരുടെ ചുമതലയായിരുന്നു. കൂടാതെ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാനും ആരോഗ്യ ബോധവത്ക്കരണത്തിനായി വിദ്യാഭ്യാസ ക്ലാസുകള്‍, എക്സിബിഷന്, സിനിമാ പ്രദര്‍ശനം, പോസ്റ്റര്‍ പ്രദര്‍ശനം, നാടകം, മറ്റ് കലാരൂപങ്ങള്‍ തുടങ്ങിയവ ആസൂത്രണം ചെയ്തു നടപ്പാക്കാനും ചുമതലപ്പെടുത്തിയിരുന്നു.
തുടക്കത്തില്‍ കാര്യക്ഷമമായി നടന്ന പദ്ധതി കോവിഡിനു മുമ്പ് ചില സ്കൂളുകളില്‍ സജീവമായിരുന്നു. കുട്ടികളിലെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും മാനസിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും ഇതുവഴി സാധിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ടവരുടെ കരാര്‍ കാലാവധി അവസാനിച്ചതോടെ പദ്ധതി നിലച്ചു. വരുന്ന അധ്യയന വര്‍ഷത്തിലെങ്കിലും സ്കൂള്‍ ഹെല്‍ത്ത് നഴ്സുമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം.