"കാഫിര്‍' സ്ക്രീന്‍ഷോട്ടിന് പിന്നിലുള്ള പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി
1422467
Tuesday, May 14, 2024 6:41 AM IST
വടകര: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് വൈകുന്നേരം പ്രചരിച്ച വിവാദ "കാഫിര്‍' സ്ക്രീന്‍ഷോട്ടിന് പിന്നിലുള്ള യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പരാതി.
ആരോപണ വിധേയനായ ഖാസിമിനൊപ്പം എസ്പി ഓഫീസില്‍ എത്തിയാണ് ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള പരാതി നല്‍കിയത്. വിവാദ സ്ക്രീന്‍ഷോട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഖാസിം പോലീസില്‍ നല്കിയ പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ ഇടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് പാറക്കല്‍ അബ്ദുള്ള ആരോപിച്ചു.
അതുകൊണ്ടാണ് വീണ്ടും എസ്പിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ വിദഗ്ധ പരിശോധനക്ക് സമര്‍പ്പിച്ചിട്ടും പോലീസ് അന്വേഷണം വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും പാറക്കല്‍ അബ്ദുള്ള ആരോപിച്ചു."അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ' എന്ന സിപിഎം പേജിലൂടെയാണ് ഈ വ്യാജ സ്ക്രീൻഷോട്ട് പുറത്ത് വന്നത്.
അപ്ലോഡ് ചെയ്ത് പതിനഞ്ച് മിനുട്ടുകൾക്കകം പ്രസ്തുത പോസ്റ്റ് പേജിൽ നിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻമാരെ കണ്ടെത്തി അവരെ ചോദ്യം ചെയ്താൽ വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നിരിക്കെ അത്തരത്തിലുള്ള ഒരു നീക്കവും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് അബ്ദുള്ള പറഞ്ഞു.