അശാസ്ത്രീയമായ റോഡ് പ്രവൃത്തി; വീടുകളിൽ വെള്ളം കയറി
1422658
Wednesday, May 15, 2024 4:37 AM IST
മുക്കം: കോടികൾ മുടക്കി നവീകരണം നടക്കുന്ന റോഡിലെ അശാസ്ത്രീയ പ്രവൃത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഓമശേരി-തിരുവമ്പാടി റോഡ് പ്രവൃത്തിക്കെതിരേയാണ് പരാതി.പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ റോഡിന് ഇരുവശത്തും ആവശ്യത്തിന് ഡ്രൈനേജ് നിർമിക്കാൻ തയാറാവാത്തതിനെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി.
രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ റോഡിലെ വെള്ളവും ചെളിയും ഉൾപ്പെടെ അടുത്തുള്ള വീടുകളിലും പറമ്പുകളിലും കെട്ടിനിൽക്കുകയാണ്. റോഡ് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ ജനങ്ങൾ പരാതിയുമായി വന്നിരുന്നു.
എന്നാൽ ഇത് ഗൗരവത്തിലെടുക്കാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.റോഡ് അര മീറ്ററോളം പലഭാഗങ്ങളിലും ഉയത്തിയിരുന്നു. തെച്ച്യാട് അങ്കണവാടി റോഡ് യാത്രായോഗ്യമല്ലാത്ത രീതിയിലാണ് ഇപ്പോഴെന്നും ചിലയിടങ്ങളിൽ വീതി കൂടിയതിനാൽ കാൽനട യാത്ര പോലും ബുദ്ധിമുട്ടാണന്നും പ്രദേശവാസികൾ പറയുന്നു.
റോഡ് പണിക്കിടെ ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി നിരവധി വീടുകളിൽ കുടിവെള്ളം മുടങ്ങിയതിനാൽ നാട്ടുകാർ തന്നെ വൻതുക പിരിവെടുത്ത് പ്രധാന പൈപ്പ് മാറ്റി സ്ഥാപിച്ചിരുന്നു, ഈ പൈപ്പ് റോഡ് പണിക്കിടെ വീണ്ടും പൊട്ടിയിരിക്കുകയാണ്.
വേണ്ടത്ര ഫണ്ടില്ലായെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർക്ക് പരാതിയും നൽകിയിട്ടുണ്ട്. റോഡിനോട് ചേർന്നുള്ള ഡ്രൈനേജ് പ്രവൃത്തിയും വീതി കൂട്ടലും എത്രയും പെട്ടന്ന് ചെയ്ത് ദുരിതമകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.