അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം നടക്കില്ല
1422861
Thursday, May 16, 2024 4:59 AM IST
പേരാമ്പ്ര: ചക്കിട്ടപാറയിൽ അന്താരാഷ്ട്ര നിലവാരമുളള സ്റ്റേഡിയം വാഗ്ദാനത്തിലൊതുങ്ങി.
സിന്തറ്റിക് ട്രാക്കും നീന്തൽ കുളവും സ്പോർട്സ് ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രിയായിരുന്ന പേരാമ്പ്ര എംഎൽഎയുടെ പ്രഖ്യാപനം വന്നിരുന്നു. ഇതിനായി കർഷകൻ റോയി ഉൾപ്പടെയുള്ള ഒട്ടനവധി ആളുകളുടെ സ്ഥലങ്ങൾ ഇതിനായി നിർണയിച്ചു.
കുറ്റ്യാടി ജലസേചന വകുപ്പിന്റെ സ്ഥലവും ഇതിൽ ഉൾപ്പെടുത്തി. സർവേയും ഉദ്യോഗസ്ഥ പരിശോധനയുമെല്ലാം മുറയ്ക്ക് നടന്നു. കർഷകരും മണ്ഡപം കോളനിയിലെ പാവപ്പെട്ടവരും സ്ഥലം വിലയ്ക്ക് വിട്ടു നൽകാൻ സമ്മത പത്രം നൽകി. എന്നാൽ കാര്യം നടത്തേണ്ടവർ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയതോടെ സ്റ്റേഡിയം നിർമാണ പദ്ധതി അവതാളത്തിലായി.
ഇതോടെ നേതാക്കളുടെ പ്രസ്താവനയിൽ മാത്രമായി വിഷയം ഒതുങ്ങി. സ്റ്റേഡിയം നിര്മ്മിക്കാനായി നിർണയിച്ചു കുറ്റിയടിച്ച സ്ഥലങ്ങൾ ഒന്നും ചെയ്യാനാകാതെ ഭൂ ഉടമകൾ വിഷമിച്ചു. ചില നേതാക്കൾ ചാനലുകളുടെ മുന്നിൽ സ്റ്റേഡിയം വരുമെന്നു പറഞ്ഞു കൊണ്ടിരുന്നു.
ഇതിനിടയിൽ റബർ വെട്ടി തൈ വച്ച പറമ്പുകൾ കാട് മൂടി കാട്ടുപന്നികളുടെയും പാമ്പുകൾ അടക്കമുള്ള വന്യ ജീവികളുടെ ആവാസ കേന്ദ്രമായി മാറിയത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
ഇപ്പോൾ നേതാക്കളും ജനപ്രതിനിധികളുംഇക്കാര്യത്തെ കുറിച്ച് മിണ്ടുന്നില്ല. ചക്കിട്ടപാറയിൽ സ്റ്റേഡിയം കോംപ്ലക്സ് നിർമാണത്തിനായി സർക്കാർ നീക്കി വച്ചെന്നു പറയുന്ന 60 കോടി രൂപ എതിലെ പോയെന്നും ആരും വെളിപ്പെടുത്തുന്നില്ല. ഇതോടെ കാത്തിരിപ്പു വേണ്ടെന്നു കർഷകൻ റോയി തീരുമാനിച്ചു.
സ്ഥലത്ത് കൊക്കോ കൃഷി നടത്തുന്നതിനുള്ള പ്രാരംഭ പ്രവൃത്തികൾ റോയി ആരംഭിച്ചു. ഒളിമ്പ്യൻ ജിൻസൺ ജോൺസനടക്കം നിരവധി ദേശീയ അന്തർദേശീയ കായിക താരങ്ങൾ ചക്കിട്ടപാറക്കാരാണ്. അവരുടെ പ്രതീക്ഷകളെ കൂടിയാണു രാഷ്ട്രീയക്കാർ തല്ലിക്കെടുത്തിയത്.