ശൈശവ വിവാഹ നിരോധനം: കോളനികളിൽ അവബോധം സൃഷ്ടിക്കണമെന്ന്
1422010
Sunday, May 12, 2024 5:54 AM IST
കൽപ്പറ്റ: ശൈശവ വിവാഹ നിരോധനം, പോക്സോ നിയമം എന്നിവയിൽ പട്ടികവർഗ മേഖലയിൽ അവബോധം സൃഷ്ടിക്കുന്നതിനു പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് എഡിഎം കെ. ദേവകി. ആസൂത്രണ ഭവൻ എപിജെ ഹാളിൽ ചേർന്ന ശൈശവ വിവാഹ നിരോധന പ്രവർത്തന കർത്തവ്യ വാഹകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ശൈശവ വിവാഹ നിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ പോലീസ്, എക്സൈസ്, ആരോഗ്യം, വനം, പട്ടികവർഗ വികസനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികൾ, ആശാവർക്കർമാർ അങ്കണവാടി പ്രവർത്തകർ എന്നിവരും കൂട്ടായി പ്രവർത്തിക്കണം. വാർഡുതല ജാഗ്രതാ സമിതികൾ ശൈശവ വിവാഹങ്ങൾക്കെതിരേ ഇടപെടൽ നടത്തണമെന്നും ദേവകി പറഞ്ഞു.
സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ അടിയന്തരമായി സിഡബ്ല്യുസിയെ അറിയിക്കാൻ നിർദേശിച്ചു. ജില്ലയിൽ രണ്ട് വർഷത്തിനിടെ ശൈശവ വിവാഹം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസർ കാർത്തിക അന്ന തോമസ് യോഗത്തിൽ അറിയിച്ചു.
സിഡബ്ല്യുസി അംഗം ബിബിൻ ചെന്പക്കര, ജൂണിയർ സൂപ്രണ്ട് ഷീബ, ഡിസിപിയു ഒൗട്ട്റീച്ച് വർക്കർ അഖിലേഷ്, പട്ടികവർഗ വികസന ഉദ്യോഗസ്ഥർ, ശൈശവ വിവാഹ നിരോധന ഓഫീസർമാർ, ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.