മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനകീയ സെമിനാർ: വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
1422285
Monday, May 13, 2024 5:23 AM IST
സുൽത്താൻ ബത്തേരി: വയനാടിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സംഘടിപ്പിച്ച ജനകീയ സെമിനാർ ആവശ്യപ്പെട്ടു.
മാറി മാറി വന്ന സർക്കാരുകളുടെ നയവൈകല്യമാണ് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷത്തിന് കാരണം. പരസ്പര വിരുദ്ധങ്ങളായ കേന്ദ്രസംസ്ഥാന നിയമങ്ങൾക്ക് ഇരകളാവുന്നത് വയനാട്ടിലെ ജനങ്ങളാണ്. ബത്തേരി മുനിസിപ്പൽ ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
വന്യമൃഗശല്യത്തിനെതിരേ വൈകാരിക പ്രകടനം നടത്തുന്നത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കില്ലെന്നും വിവേകപൂർണമായ ഇടപെടലാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും രണ്ടു തട്ടിൽ നിൽക്കുന്നത് പ്രശ്നം വഷളാക്കാനേ ഉപകരിക്കൂ. ഇവർ തമ്മിലുള്ള ബന്ധം നന്നാവേണ്ടതുണ്ട്.
വനവത്കരണത്തിന് തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപെട്ടു.പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വർഗീസ് വട്ടേക്കാട് വിഷയം അവതരിപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ജോയ് കൈതാരം, ബത്തേരി റേഞ്ച് ഓഫീസർ കെ.വി. ബിജു, ഡോ. അനിൽകുമാർ, എം.എ. ജോണ്സണ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ. കൃഷ്ണൻകുട്ടി, അബൂബക്കർ, ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജോബി വാടശേരി, ഉസ്മാൻ ചാത്തൻചിറ, ജില്ലാ സെക്രട്ടറി കെ.വി. ഗോകുൽദാസ്, അരവിന്ദൻ മങ്ങാട് എന്നിവർ പ്രസംഗിച്ചു.