വയനാട് ജില്ലയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്
1422287
Monday, May 13, 2024 5:23 AM IST
പുൽപ്പള്ളി: മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി മേഖലയിലെ വരൾച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
കടുത്ത വേനലിൽ കൃഷിനാശമുണ്ടായ പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ വിവിധ കർഷകരുടെ കൃഷിയിടങ്ങളിലാണ് സംഘം സന്ദർശിച്ചത്. മേഖലയിൽ വരൾച്ച മൂലം കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്.
കുരുമുളക്, കാപ്പി, വാഴ, കമുക്, ഏലം, തെങ്ങ് തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിച്ചത്. കൃഷിനാശം രൂക്ഷമായിട്ടും കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥർ മാത്രം വരൾച്ചയുള്ള ഏതാനം പ്രദേശങ്ങൾ സന്ദർശിക്കുകയല്ലാതെ മേഖലയിലെ കൃഷിനാശത്തിന്റെ പൂർണമായ അവസ്ഥ മനസിലാക്കിയിട്ടില്ല.
മന്ത്രി ഉൾപ്പെടെയുള്ളവർ മേഖല സന്ദർശിച്ചെങ്കിലും കർഷകർക്ക് കൃഷിനാശമുണ്ടായത് സംബന്ധിച്ച് അപേക്ഷ പോലും നൽകാൻ കൃഷിവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.
കൃഷിനാശമുണ്ടായ പ്രദേശങ്ങൾ കൃഷി, ജലസേചന, റവന്യു വകുപ്പ് മന്ത്രിമാർ മേഖല സന്ദർശിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലയെ വർച്ചാ ബാധിത മേഖലയായി പ്രഖ്യാപിക്കണമെന്നും കർഷകരുടെ ബാങ്ക് വായ്പയിൻ മേലുള്ള ജപ്തി നടപടികൾ നിർത്തി വെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ജില്ലാ സെക്രട്ടറി മേഴ്സി ബെന്നി, ഷീജ ജെയിംസ് തുടങ്ങിയവർക്കൊപ്പം ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ, മനോജ് കടുപ്പിൽ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.