അരിയിലെ മായം: കർഷക ശാസ്ത്രജ്ഞൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
1422288
Monday, May 13, 2024 5:23 AM IST
കൽപ്പറ്റ: അരിയിൽ മായം കലർത്തുന്നത് തടയുന്നതിന് ഇടപെടൽ തേടി ഗ്രാമീണ കർഷക ശാസ്ത്രജ്ഞൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
കെട്ടിനാട്ടി നെൽക്കൃഷി രീതി വികസിപ്പിച്ച് അംഗീകാരങ്ങൾ നേടിയ അന്പലവൽ കുന്നേൽ അജി തോമസാണ് പരാതി അയച്ചത്. വിപണിയിൽ ലഭ്യമായ അരി ഇനങ്ങളിൽ പലതും മായം കലർന്നതാണെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അരി മായം കലർത്തിയതാണോ എന്നു ഉപഭോക്താവിനു ലളിതമായി തിരിച്ചറിയാനുള്ള വിദ്യയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാടൻ നെല്ലിനങ്ങളോടും അരിയോടുമുള്ള സമൂഹത്തിന്റെ പ്രത്യേക താത്പര്യം ദുരുപയോഗം ചെയ്യുന്നതാണ് നിലവിൽ പൊതു വിപണിയിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന തവിട് പ്രിന്റിംഗുള്ള അരി ഇനങ്ങളിൽ പലതും. മിക്ക കന്പനികളുടെയും പാക്കിംഗ് ലേബലോടുകൂടിയ അരി പരിശോധിച്ചപ്പോൾ തവിട് അലിഞ്ഞു പോകുന്നതായി കണ്ടു.
മായം കലർന്നതെങ്കിൽ നാടൻ കുന്പളങ്ങയുടെ ചെറിയ കഷ്ണം കൈവെള്ളയിൽവച്ച് ഒരു നുള്ള് അരി അതിലിട്ടു തിരുമ്മിയാൽ 15-20 സെക്കൻഡിനകം തവിടായി പ്രിന്റ് ചെയ്ത ചായം അലിഞ്ഞുപോകും. ഇങ്ങനെ തവിട് മാഞ്ഞുപോകുന്ന അരിക്ക് പത്ത് മിനിറ്റ് കഴിയുന്പോഴേക്കും വർണമാറ്റം സംഭവിക്കുന്നുണ്ട്.
എന്നാൽ യഥാർഥ നാടൻ അരിയിനങ്ങളിൽ ഒന്നിന്റെ പോലും തവിട് ഇല്ലാതാകുന്നില്ല. തന്റെ കൈവളമുള്ള 147 ഇനം നാടൻ അരികളിൽ ഇത് പരീക്ഷിച്ച് ബോധ്യപ്പെട്ടതാണ്. മായം കലർത്തി അരി "നാടൻ’ ഇനമായി വിൽപനയ്ക്കെത്തിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർക്ക് കമ്മീഷൻ നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.